ഗെയില്‍ പൈപ്പ് ലൈന്‍: ഫേസ്‌ബുക്കില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധകാര്യങ്ങളെന്ന്‍ പി രാജീവ്‌



കൊച്ചി> ഗെയില്‍ വാതകപൈപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നടക്കുന്ന കുപ്രചരണങ്ങളെ തുറന്നുകാട്ടി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. വാതക ബോംബിന് മുകളില്‍ ജീവിക്കാനാവില്ലെന്ന മുദ്രാവാക്യമുയര്‍ത്തി പട്ടിത്തറയില്‍ സംഘടിപ്പിച്ച പരിപാടി താന്‍ ഉദ്ഘാടനം ചെയ്‌തെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാതക ബോംബ് തുടങ്ങിയ പ്രയോഗങ്ങളിലൂടെ പദ്ധതിയേ പാടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ചില സംഘടനകള്‍ പരിപാടികള്‍ക്ക് ക്ഷണിച്ചെങ്കിലും അതിനോട് യോജിപ്പില്ലാത്തതു കൊണ്ട് തന്നെ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; വാതക ബോംബിന് മുകളില്‍ ജീവിക്കാനാവില്ല എന്ന മുദ്രാവാകും ഉയര്‍ത്തി പട്ടിത്തറയിലെവിടെയോ നടന്ന യോഗം ഞാന്‍ ഉദ്ഘാടനം ചെയ്തായി ചില സുഹൃത്തുക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല . ഇതുവരെയും പട്ടിത്തറയില്‍ പോകാന്‍ അവസരവും കിട്ടിയിട്ടില്ല. എന്നാല്‍, ഗെയിലുമായി ബന്ധപ്പെട്ട എറണാകുളത്തു നടന്ന സമരങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്നു.. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുക, ന്യായമായ നഷ്ട പരിഹാരം നല്‍കുക , ജനധിവാസ കേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കുന്ന തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ സമരസമിതിയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ജസ്റ്റിസ് കൃഷ്ണയ്യരെ പോലുള്ള മഹദ് വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. വാതക ബോംബ് തുടങ്ങിയ പ്രയോഗങ്ങളിലൂടെ പദ്ധതിയേ പാടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ചില സംഘടനകള്‍ പരിപാടികള്‍ക്ക് ക്ഷണിച്ചെങ്കിലും അതിനോട് യോജിപ്പില്ലാത്തതു കൊണ്ട് തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നില്ല. ആദ്യം ചര്‍ച്ചകള്‍ക്ക് പോലും ഗെയില്‍ തയ്യാറായില്ല. പിന്നീട് 30 ശതമാനം നഷ്ടപരിഹാരം നല്‍കാമെന്നതിലേക്ക് എത്തി . 50 ശതമാനമെങ്കിലും നഷ്ടപരിഹാരം വേണമെന്ന നിലപാട് സ്വീകരിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ ആ അവശ്യം ഗെയിലിനെ കൊണ്ട് അംഗീകരിപ്പിച്ചു. വിളകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കി. സാധ്യമായ മാറ്റങ്ങള്‍ അലൈമെന്റില്‍ വരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി. പൊതു ധാരണയോടെ പൈപ്പിടല്‍ പൂര്‍ത്തിയായി. കുറഞ്ഞ നിരക്കില്‍ എഫ്എസിടിക്ക് എല്‍എന്‍ജി ഉറപ്പ് വരുത്തി. അത് കമ്പനിക്ക് പുതിയ ഉണര്‍വ് നല്‍കി. ഇതേ രീതിയില്‍ തന്നെയാണ് ബിപിസിഎല്‍ പെട്രോളിയം ലൈന്‍ വലിച്ചപ്പോള്‍ ഇടപ്പെട്ടതും പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തിയതും. ജനങ്ങള്‍ക്ക് പരമാവധി ആനുകൂല്യം ഉറപ്പുവരുത്താന്‍ ഇടപ്പെട്ടതിലും സാധ്യമായ ആശ്വാസം ഉറപ്പുവരുത്താന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്. എന്നാല്‍ ആശങ്കകള്‍ നിര്‍മ്മിച്ച് പദ്ധതിയെ തന്നെ എതിര്‍ക്കുന്നത് നാടിന്റെ പൊതുതാല്‍പര്യത്തിന് എതിരാണ്.   Read on deshabhimani.com

Related News