പൊതുമണ്ഡലത്തിലുള്ള ഒരു പ്രശ്‌നത്തെ ഏതെങ്കിലും വ്യക്തിയോടുള്ള ഏറ്റുമുട്ടലിന്റെ പ്രതികരണമായി ചുരുക്കുന്നത് ഏതു താൽപര്യമാണ്-മനോരമയ്ക്ക് പി രാജീവിന്റെ മറുപടി



ചാനൽ ചർച്ചാ ബഹിഷ്‌‌‌കരണത്തെ സംബന്ധിച്ച് വസ്‌തുതാവിരുദ്ധമായ വാർത്ത നൽകിയ മലയാള മനോരമയ്‌ക്ക് ദേശാഭിമാനി ചിഫ് എഡിറ്റർ പി രാജീവിന്റെ മറുപടി. ഏഷ്യാനെറ്റ് ന്യസ് അവറിൽ സിപിഐ എം പ്രതിനിധികൾ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത് ദേശാഭിമാനി ചീഫ് എഡിറ്ററും ചാനൽ അവതാരകനും തമ്മിലുണ്ടായ 'ഏറ്റമുട്ടൽ' മൂലമാണെന്നാണ് മനോരമ വാർത്ത. എന്നാൽ വസ്‌തുതാപരമായി ഈ വാർത്തയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പി രാജീവ് പറഞ്ഞു. പി രാജീവിന്റെ ഫെയ്‌‌‌സ്‌‌ബുക്ക് കുറിപ്പ് ഇന്നു മലയാള മനോരമയിൽ സുജിത് നായരുടെ കോളത്തിൽ ഒരു പരാമർശം കണ്ടു. 'ദേശാഭിമാനി ചീഫ് എഡിറ്ററും ചാനൽ അവതാരകനുമായുള്ള ഏറ്റുമുട്ടലാണ് ആ ചാനൽ തന്നെ ബഹിഷ്‌കരിക്കുന്ന തീരുമാനമെടുക്കാൻ പാർടിയെ ഈയിടെ പ്രേരിപ്പിച്ചത് ' എന്നാണ് മനോരമ പറയുന്ന 'ഏറ്റുമുട്ടൽ' നടന്നത്? ജൂലായ് 14 ന്റെ ന്യൂസ് അവറിൽ അത് കാണാൻ കഴിയും. ഏറ്റുമുട്ടലാണോ അല്ലയോ എന്ന് കാണുന്നവർക്ക് തീരുമാനിക്കാം. എന്നാൽ , മനോരമ ആധികാരികമായി പ്രസ്താവിക്കുന്നതു പോലെയാണെങ്കിൽ 15 ന് ബഹിഷ്‌കരിക്കേണ്ടതല്ലേ? അന്നു സി പി ഐ എം പ്രതിനിധി ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. യൂ ട്യൂബിൽ ജൂലായ് 16 ന്റെ സൂസ് അവർ കാണുകയാണെങ്കിൽ ഏറ്റുമുട്ടി എന്ന് മനോരമ പറഞ്ഞ അതേ ചീഫ് എഡിറ്റർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അപ്പോൾ ഇദ്ദേഹം എഴുതിയതിന് വസ്തുതയുമായി എന്തെങ്കിലും ബന്ധമുണ്ടോ? കഴിഞ്ഞില്ല , 17 നും 18 നും 19നും സി പി ഐ എം പ്രതിനിധികൾ ന്യൂസ് അവറിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചയിൽ ചാനലിന്റെ ക്ഷണം സ്വീകരിച്ച് എത്തുന്നവരെ അവതാരകർ തന്നെ ട്വിറ്ററിൽ ന്യായീകരണ തൊഴിലാളികൾ എന്ന് അധിക്ഷേപിക്കുന്നതും കാണാം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ജൂലായ് 20ന് പാർടി ഔദ്യോഗിക പേജിൽ ഏഷ്യാനെറ്റിന്റെ ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചത്. ഇതെല്ലാം വിശദീകരിച്ച് പാർടി സെക്രട്ടറി ലേഖനമെഴുതുകയും ചെയ്തു. ഏതെങ്കിലും ഒരു വ്യക്തിയോടുള്ള അധിക്ഷേപമോ ഏറ്റുമുട്ടലോ അല്ല ചാനലിന്റെ സി പി ഐ എമ്മിനോടുള്ള സമീപനമാണ് തീരുമാനത്തിലേക്ക് എത്തിച്ചത്. നിലപാട് വ്യക്തമാക്കാൻ ചർച്ചകളിൽ അനുവദിക്കാത്ത ജനാധിപത്യവിരുദ്ധതയോടുള്ള പ്രതികരണമാണ്. ഇത്രയും വ്യക്തതയോടെ പൊതുമണ്ഡലത്തിലുള്ള ഒരു പ്രശ്‌നത്തെ ഏതെങ്കിലും വ്യക്തിയോടുള്ള ഏറ്റുമുട്ടലിനോടുള്ള പ്രതികരണമായി ചുരുക്കുന്നത് ഏതു താൽപര്യമാണ്? ഇത് ആധികാരികമായി വ്യക്തമാക്കുന്നത് ആഗസ്ത് 12 ന്റെ മനോരമ എഡിറ്റോറിയലിന്റെ ഒരു വാചകം കൂടി പരിഗണിച്ചാണ്. ' ആധികാരികത ചോദ്യം ചെയ്യാൻ തുടങ്ങിയാൽ തന്നെ വ്യാജ വാർത്തകളും നിന്ദ്യ വാർത്തകളും അയക്കുന്നവർ അത് അവസാനിപ്പിക്കുമെന്നാണ് സൈബർ വിദഗ്ദർ പറയുന്നത് ' ഈ വാക്കുകൾ അച്ചടിക്കുന്ന മാധ്യമ വാർത്തകൾക്ക് കൂടി ബാധകമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.   Read on deshabhimani.com

Related News