'കുറ്റവാളികളെ വിട്ടയക്കുന്നു': രാജ്ഭവന്‍ പത്രക്കുറിപ്പിലെ പിശകും വ്യാജ വാര്‍ത്തകളും



കുറ്റവാളികളെ കൂട്ടത്തോടെ തുറന്നുവിടുന്നുവെന്ന വ്യാജ വാര്‍ത്ത സംഘടിതമായി പ്രചരിപ്പിക്കുന്നത് തുടരുകയാണ്. നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവര്‍ക്കു നിയമാനുസൃത മാനദണ്ഡങ്ങള്‍ പാലിച്ച് ഇളവ് നല്‍കുന്നത് നിലവിലുള്ള കീഴ്‌വഴക്കമാണ്. ലിസ്റ്റിന്മേല്‍ തീരുമാനം എടുക്കേണ്ട ഗവര്‍ണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ മാനദണ്ഡം കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു എന്ന നടപടിക്രമമാണ് പ്രചാരണത്തിന്റെ അടിസ്ഥാനം. നിജസ്ഥിതി ഇതായിരിക്കെ, ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത വീണ്ടും നല്‍കാനാണ് ശ്രമിക്കുന്നത്. ഇതിനകം പ്രചരിപ്പിച്ച വ്യാജ കഥകള്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ലെങ്കിലും സംഭവത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് പങ്കുവെയ്ക്കുന്നു. 1. വിട്ടയക്കല്‍ (റിലീസ് )അല്ല. കുറവ് ചെയ്യല്‍ (റെമിഷന്‍ )ആണ്. മുന്‍ യു ഡി എഫ് സര്‍ക്കാര്‍ 2011 ലും 2012 ലും ഇങ്ങനെ ഇളവ് നല്‍കി . മൂന്നാമത്തേതാണ് 2300 പേരുടെ ലിസ്റ്റ് . (റിലീസ് എന്ന വാക്കു രാജ്ഭവന്റെ പത്രക്കുറിപ്പില്‍ കൂടിയതാണ് തെറ്റിധാരണ പറത്താന്‍ കാരണം.) 2 . ജീവപര്യന്തം തടവുകാര്‍ 14 വര്‍ഷത്തെ യഥാര്‍ത്ഥ തടവ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അവര്‍ക്കു എന്തെങ്കിലും ഇളവ് നല്‍കാനാവൂ . അത് ചെയ്യേണ്ടത് അതാത് ജയില്‍ ഉപദേശക സമിതിയാണ്. ജില്ലാ ജഡ്ജി ഉള്‍പ്പെടെയുള്ള സമിതിയാണ് അത്. (ഉദാഹരണം: 2016 ഡിസംബര്‍ 28 നു ചേര്‍ന്ന മന്ത്രിസഭയുടെ ഏഴാമത്തെ തീരുമാനം കണ്ണൂര്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം എട്ടു ജീവപര്യന്ത തടവുകാര്‍ക്ക് ഗവര്‍ണറുടെ അനുമതിയോടെ വിടുതല്‍ നല്കുന്നതിനുള്ളതാണ്.അത് പതിവ് നടപടി .ക്രമം ആണ്. ) 3 . ഗവര്‍മെന്റാണ് സമയത്തു ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം എടുക്കുന്നത്. (sections 432, 433 of CrPC) ഗവര്‍മെന്റ് ആണ്‌ മാനദണ്ഡം നിശ്ചയിക്കുക. ഉദാഹരണത്തിന്,കുട്ടികളോടുള്ള ക്രൂരത, ബലാല്‍സംഗം, സ്ഥിരം കുറ്റകൃത്യ പ്രവണത ഇങ്ങനെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ പരിഗണിക്കപ്പെടരുത് എന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത്തരക്കാരെ ഒഴിവാക്കിയാണ് ജയില്‍ അധികൃതര്‍ ലിസ്റ്റ് തയാറാക്കുക. 4 . യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തു തയാറാക്കിയ ലിസ്റ്റ് പല ഘട്ടത്തിലുള്ള പരിശോധനകള്‍ക്കു ശേഷം അയച്ചെങ്കിലും ഓരോ കേസും പരിശോധിക്കണം എനാവശ്യപ്പെട്ടു മടക്കുകയായിരുന്നു. അതിനു ശേഷമാണ്, ഓരോ കേസും ഉന്നത തല സമിതി പരിശോധിച്ച് ലിസ്റ്റ് നവീകരിച്ചു എണ്ണം 1850 ആക്കിയത്. ആ ലിസ്റ് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ ശിക്ഷാ ഇളവ് നല്‍കാനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ 2016 ഡിസംബര്‍ 28 നു ചേര്‍ന്ന മന്ത്രിസഭ തീരുമാനയിച്ചതും തീരുമാനം പരസ്യപ്പെടുത്തിയതും ആണ്. 5 . ലിസ്റ്റില്‍ ആരൊക്കെ ഉള്‍പ്പെടുന്നു എന്ന് തീരുമാനിക്കാന്‍ പ്രത്യേക താല്പര്യങ്ങള്‍ അല്ല, കൃത്യമായ മാനദണ്ഡങ്ങള്‍ ആണ് അടിസ്ഥാനമാവുക. സിപിഐഎം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ എസ് എസുകാരനും കോണ്‍ഗ്രസുകാരനെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ്സുകാരനും ആര്‍ എസ് എസുകാരന്‍ ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട സി പി ഐ എം പ്രവര്‍ത്തകരും എല്ലാവരും ലിസ്റ്റില്‍ .കടന്നുവരും. കൊലക്കേസില്‍ (302 ) ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരു റമിഷനും ബാധകമാവില്ലപതിനാലു വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കുന്നത് വരെ. 7 . രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ കഴിയുന്ന നളിനിയെ വിട്ടയക്കാന്‍ തമിഴ് നാട് ഗവര്‍മെന്റ് തീരുമാനിച്ച വിഷയത്തില്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സംസ്ഥാന സര്‍ക്കാരുകളുടെ റെമിഷന്‍ അധികാരം തടഞ്ഞിരുന്നു. പിന്നീട് ഒരു വര്ഷം കഴിഞ്ഞാണ് ആ സ്റ്റേ നീക്കിയത്. അതുകൊണ്ടു കൂടിയാണ്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ലിസ്റ്റ് നടപ്പാക്കാന്‍ കഴിയാതെ വന്നത്. 8 . ലിസ്റ്റെവിടെ എ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല. നവംബര്‍ ഒന്നിന് ജയില്‍ വാതില്‍ തുറന്നു 1850 തടവുകാര്‍ കൂട്ടത്തോടെ പുറത്തു വരും എന്ന് കരുതിപ്പോയവര്‍ക്കുള്ളതാണ് അത്തരം ചോദ്യങ്ങള്‍. ഞാന്‍ തടവ് പുള്ളിയാണെങ്കില്‍, തടവ് പത്തു വര്ഷമാണെങ്കില്‍,രണ്ടു വര്‍ഷമേ പൂര്‍ത്തിയായിട്ടുള്ളൂ എങ്കില്‍, മാനദണ്ഡം അനുസരിച്ചു അര്‍ഹത നേടിയാല്‍ എനിക്ക് ഒരു വര്‍ഷത്തെ ഇളവ് കിട്ടുംഅത് ജയില്‍ മോചനം ആകണമെങ്കില്‍ ഇനിയും ഏഴു വര്ഷം ജയിലില്‍ കിടക്കണം. ഇതൊക്കെയാണ് യാഥാര്‍ഥ്യങ്ങള്‍. ഇതിവിടെ വിശദീകരിച്ചു എഴുതുന്നത്, ഇതിനകം പ്രചരിപ്പിച്ച വ്യാജ കഥകള്‍ തിരിച്ചു പിടിക്കാനും അത് വിശ്വസിച്ച എല്ലാവരെയും തിരുത്തിക്കാനും കഴിയും എന്ന പ്രതീക്ഷയില്‍ അല്ല. റെമിഷന്‍ , റിലീസ് എന്നീ വാക്കുകളുടെ അന്തരവും അര്‍ത്ഥവും സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണര്‍ക്കു അറിയാത്തതല്ല. അദ്ദേഹത്തിന്റെ ഓഫിസിലെ ആര്‍ക്കോ പത്രക്കുറിപ്പ് എഴുതുന്നതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ട്. ആ തെറ്റാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയ്ക്കും പിന്നീടുള്ള സകല പ്രചാരണങ്ങള്‍ക്കും വളമായതു. തെറ്റായ വാര്‍ത്തകളുടെ സഞ്ചാരം ടൈംസ് ഓഫ് ഇന്ത്യ, മനോരമ, ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, രാഷ്ട്രീയ പ്രതികരണങ്ങള്‍, വീണ്ടും ഓണ്‍ലൈന്‍, പിന്നെ അതേറ്റെടുത്തു മനോരമ എന്നിങ്ങനെ ആകുമ്പോള്‍ കറുത്ത ചോറ് തിന്ന വാര്‍ത്തയ്ക്കു കാക്കയെ തിന്നു എന്ന പരിണാമാം വരും. ടൈംസ് ഓഫ് ഇന്ത്യയോ ഹരിയാനയിലെ ബിജെപി നേതാവിന്റെ ആംഗലേയ പത്രമോ കേരളത്തിലെ മാധ്യമങ്ങള്‍ എഴുതാന്‍ മടിക്കുന്നത് പ്രസിദ്ധീകരിക്കാന്‍ തയാറാവുകയും അത് ചുറ്റിത്തിരിഞ്ഞു ആരോപണവുമായി ഇങ്ങോട്ടെഴുന്നള്ളിക്കുകയും ചെയ്യുന്നതില്‍ നിഷ്കളങ്കമായ മാധ്യമ താല്പര്യമല്ല, ക്രിമിനല്‍ ലക്ഷ്യങ്ങളാണ് എന്ന് മാസിലാക്കാന്‍ സൈദ്ധാന്തിക വിശകലനത്തിന്റെയൊന്നും ആവശ്യമില്ല. Read on deshabhimani.com

Related News