ഇങ്ങനെയൊക്കെയാണ് ശരിയാകുന്നത്; രാവിലെ അപേക്ഷ നല്‍കി, വൈകിട്ട് സഹായം അനുവദിച്ച് ഉത്തരവായി



കൊച്ചി > 'എല്ലാം ശരിയാകും' എന്നത് എല്‍ഡിഎഫിന്റെ വെറും പരസ്യവാചകമായിരുന്നില്ല. ഇച്ഛാശക്തിയുടെ വിളംബരം തന്നെയായിരുന്നു സര്‍ക്കാര്‍ നടപടിക്രമങ്ങളെല്ലാം കാലതാമസം എടുക്കുന്നവയെന്നാണ് പൊതുവെ കേട്ടിരുന്നത്. എന്നാല്‍ ആ കാലമെല്ലാം മാറിയെന്ന് വീണ്ടും തെളിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസപദ്ധതിയിലേക്ക് വന്ന അപേക്ഷയുടെ നടപടിക്രമങ്ങളിലെ അതിവേഗത സാക്ഷ്യപ്പെടുത്തുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വയനാട്ടിലെ കൃഷ്‌ണഗിരി വില്ലേജ് ഓഫീസറായ അബ്‌ദുള്‍ സലാമാണ് അനുഭവസ്ഥന്‍. ദുരിതാശ്വാസപദ്ധതിയിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ അപേക്ഷ നല്‍കുന്നത്. രാവിലെ എട്ടരയോടെ വന്ന ഒരു അപേക്ഷ അബ്‌ദുള്‍ സലാം പരിശോധിക്കുകയും, ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്‌‌തു. അപ്പോള്‍ തന്നെ ആവശ്യമായ തുക അനുവദിക്കണമെന്ന് സൂചിപ്പിച്ച് അബ്‌ദുള്‍ സലാം ഓണ്‍ലൈനായി തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന് വൈകുന്നേരത്തോടെ കൗതുകത്തിനായി റിപ്പോര്‍ട്ടിന്മേലുള്ള നടപടി എന്തായി എന്ന് പരിശോധിച്ചപ്പോഴാണ് അബ്‌ദുള്‍ സലാം ഞെട്ടിയത്. രാവിലെ എട്ടരയ്‌‌ക്ക് അയച്ച റിപ്പോര്‍ട്ടിന്മേല്‍ ഉച്ചയോടെ തഹസില്‍ദാര്‍ അപേക്ഷ ശുപാര്‍ശയോടെ അയക്കുകയും,  വൈകിട്ട് നാല് മണിക്ക് മുന്‍പായി അപേക്ഷകന് കളക്‌ടര്‍ ധനസഹായം അനുവദിച്ച് ഉത്തരവിടുകയും ചെയ്‌തിരിക്കുന്നു. നടപടിക്രമങ്ങളുടെയെല്ലാം സമയവും തീരുമാനങ്ങളും അബ്‌ദുള്‍ സലാം തന്റെ ഫേസ്‌‌‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുന്നുണ്ട്. അബ്‌ദുള്‍ സലാമിന്റെ ഫേസ്‌‌ബുക്ക് പോസ്റ്റ് ചുവടെ മുഖ്യമന്ത്രിയുടെ ചികിത്സാ ദുരിതാശ്വാസപദ്ധതി ഓണ്‍ലൈന്‍ ആക്കിയത് വഴി വന്ന ഒരു അപേക്ഷ ഇന്നലെ രാവിലെ എട്ടരയ്‌‌‌‌ക്ക് ഞാന്‍ പരിശോധിച്ചു. അതില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ചു. എനിക്ക് അറിയുന്നവര്‍ തന്നെ ആണ്. ഷീജയുടെ മകന്‍ ആദിദേവ് ജന്മ വൈകല്യം ഉള്ള കുട്ടിയാണ് ചികിത്സകള്‍ മുറക്ക് നടക്കുന്നുണ്ട്. പക്ഷെ അവന്‍ നടക്കുകയില്ല. സംസാരിക്കുകയും ഇല്ല. എന്റെ റിപ്പോര്‍ട്ട് അപ്പോള്‍ തന്നെ ഞാന്‍ അയച്ചു ഓണ്‍ലൈന്‍ വഴി തന്നെ. രാത്രി ഞാന്‍ ഒരു കൗതുകത്തിനു അന്ന് അയച്ച റിപ്പോര്‍ട്ടുകളിലെ നടപടി നോക്കി. ആദിദേവിന് അടിയന്തിര ചികിത്സാ സഹായം ഏഴായിരം അനുവദിച്ചിരിക്കുന്നു. ഉച്ചയോടെ തഹസില്‍ദാര്‍ അപേക്ഷ ശുപാര്‍ശയുടെ അയക്കുന്നു. വൈകിട്ട് നാല് മണിയോടെ കളക്ടര്‍ പണം അനുവദിച്ചു ഉത്തരവാകുന്നു. അതിവേഗം ബഹുദൂരം എന്നൊരു സ്ലോഗന്‍ ഓര്‍മ വന്നു. അത് പഴയ സര്‍ക്കാര്‍ ഇറക്കിയതാണ്.. ഇത്ര വേഗത്തില്‍ സേവനങ്ങള്‍ നല്‍കുക അല്‍പം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നില്ലേ... Read on deshabhimani.com

Related News