'ഇന്ന് മുതല്‍ സൂര്യന്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്ന് മുകളിലേക്കോ..'; വാട്‌‌സപ്പ് യുണിവേഴ്‌‌സിറ്റി വാര്‍ത്തകള്‍ക്ക് മറുപടി



ഇന്ന് മുതല്‍ സൂര്യന്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്ന് മുകളിലേക്ക് സഞ്ചരിക്കുന്നു, അതുകൊണ്ടാണ് ഇന്ന് തന്നെ ജനതാ കര്‍ഫ്യുവിനായി തിരഞ്ഞെടുത്തത് എന്നൊരു വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി വാര്‍ത്ത കണ്ടു. സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് വരെ ഒറ്റയടിക്ക് പൊട്ടത്തരമാണെന്ന് മനസിലാകുന്ന കാര്യമാണ്. എന്നാലും എന്താണ് സംഭവമെന്ന് നോക്കാം. ഭൂമി സൂര്യന് ചുറ്റും കറങ്ങുമ്പോള്‍ ഭൂമിയുടെ ചരിവ് മൂലം സൂര്യന്‍ 23N മുതല്‍ 23S വരെ സഞ്ചരിക്കുന്നതായി കാണാം (ചിത്രം കാണുക). ഇതിനാലാണ് ഭൂമിയില്‍ ഋതുക്കള്‍ ഉണ്ടാകുന്നത്. ഈ രണ്ട് അക്ഷാംശങ്ങളെ Tropic of Cancer (23N) എന്നും Tropic of Capricorn (23S) എന്നുമാണ് പറയുക. അപ്പോള്‍ സൂര്യന്‍ രണ്ട് പ്രാവശ്യം ഭൂമധ്യരേഖ കടന്നു പോകും എന്നത് മനസിലാകുമല്ലോ. ഒന്ന് തെക്ക് നിന്ന് വടക്കോട്ട് പോകുമ്പോഴും രണ്ടാമത് വടക്ക് നിന്ന് തെക്കോട്ട് പോകുമ്പോഴും, ഒന്ന് മാര്‍ച്ചിലും മറ്റൊന്ന് സെപ്റ്റംബറിലും. ഈ ദിവസങ്ങളെ equinox അല്ലെങ്കില്‍ വിഷുവം എന്നാണ് പറയുക. Aequinoctium എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് equinox എന്ന വാക്കുണ്ടായത്, 'equal night' എന്നാണ് ഇതിന്റെ അര്‍ത്ഥം. ഈ ദിവസം രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം ഏകദേശം തുല്യമായത് കൊണ്ടാണ് ഈ പേര് വന്നത്. വസന്തത്തിന്റെ ആദ്യ ദിവസമായാണ് മാര്‍ച്ചിലെ equinoxനെ കണക്കാക്കുന്നത്. ഇതേ പോലെ തന്നെ സൂര്യന്‍ Tropic of Cancer/ Tropic of Capricornല്‍ എത്തുന്ന ചെയ്യുന്ന ദിവസങ്ങളെ Solstice അല്ലെങ്കില്‍ അയനാന്തം എന്ന് പറയുന്നു. അപ്പോള്‍ പറഞ്ഞു വന്നത് ഇത്രേയുള്ളൂ, ഈ വര്‍ഷത്തെ സമ്മര്‍ ഇക്വിനോക്‌സ് രണ്ട് ദിവസം മുന്‍പ് കഴിഞ്ഞു പോയി. മാര്‍ച്ച് ഇരുപതിനാണ് സമ്മര്‍ ഇക്വിനോക്‌സ്. അധിവര്‍ഷം അനുസരിച്ചു ഇത് മാര്‍ച്ച് 19 മുതല്‍ 21 വരെയാകാം, എന്തായാലും മാര്‍ച്ച് 22 ആവുകയില്ല. മാത്രവുമല്ല ഇക്വിനോക്‌സിനോ സോള്‍സ്‌റ്റൈസിനോ നമ്മുടെ ആരോഗ്യവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. അപ്പോള്‍ കൂടുതല്‍ ഗൂഢാലോചനാ സിദ്ധാന്തം ചമയ്ക്കാതെ എല്ലാവരും വീട്ടിലിരിക്കുക, കൊറോണയെ പ്രതിരോധിക്കുക. (കാലാവസ്ഥ ശാസ്‌ത്ര ഗവേഷകയാണ്‌ ലേഖിക).     Read on deshabhimani.com

Related News