പി ജെ കുര്യന് ബിജെപിയില്‍ ചേർന്നു കൂടെ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി



കൊച്ചി> രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ജെ കുര്യന് ബി ജെ പിയില്‍ ചേര്‍ന്നുകൂടെ എന്ന ചോദ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌. rss നേതാവ് മോഹന്‍ ഭാഗവതിനെയും വെള്ളാപ്പള്ളിയെയും സാക്ഷി നിര്‍ത്തി അമൃതാനന്ദമയിക്ക് ഭാരതരത്നം നല്‍കണമെന്ന് കുര്യന്‍ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ടി ജി സുനിലിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ: പ്രിയപ്പെട്ട കുര്യന്‍ സാറിനൊരു തുറന്ന കത്ത് ബഹുമാന്യ സാറേ അങ്ങേക്ക് ഒന്ന് ബിജെപിയില്‍ ചേര്‍ന്നു കൂടെ... കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അങ്ങ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു വലിയ ബാധ്യതയും അപമാനവുമാണ്. കുറുക്കുവഴികളിലൂടെയും കുതന്ത്രങ്ങളിലൂടെയും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന അങ്ങ് കേരളത്തില്‍ വരുമ്പോള്‍ സ്വയം കല്‍പ്പിക്കപ്പെടുന്ന സീനിയര്‍ നേതാവ് പദവിയും കുര്യന്‍ സാര്‍ വിളിയും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഒരു ഗുണവും ഇല്ലെന്ന് മാത്രമല്ല വലിയ അപമാനമാണ്. സംഘ പരിവാര്‍ സംഘടനകളെയും ശശികലയെയും കുമ്മനത്തെയും കടത്തിവെട്ടി, rss നേതാവ് മോഹന്‍ ഭാഗവതിനെയും വെള്ളാപ്പള്ളിയെയും സാക്ഷി നിര്‍ത്തി അമൃതാനന്ദമയിക്ക് ഭാരതരത്നം നല്‍കണമെന്ന് അങ്ങ് ആവശ്യപ്പെട്ടപ്പോള്‍ സാക്ഷാല്‍ ദല്ലാള്‍ നന്ദകുമാര്‍ വരെ നാണിച്ചു പോയി. പ്രിയപ്പെട്ട സാര്‍ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും അങ്ങയെ കൈകാര്യം ചെയ്യുന്നതിന് മുമ്പ് ഈശ്വരനെയോര്‍ത്തെങ്കിലും മഹത്തായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി സര്‍വ്വോപരി മാന്യമായ ജനാധിപത്യ സംസ്ഥാപനത്തിന് വേണ്ടിയെങ്കിലും അങ്ങ് പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കണം പ്ലീസ്........ സാധാരണ പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഡ്വ.ടി.ജി.സുനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി Read on deshabhimani.com

Related News