മാതൃഭൂമീ, ലേശം മര്യാദയാവാം..; നുണയുടെ 'സീഡി'നെ പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്



ചെങ്ങന്നൂര്‍ > കടലാമകളെ കടലില്‍ നിക്ഷേപിച്ച പ്രകൃതിസ്‌‌‌‌‌‌നേഹികളെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനെയും  പരിഹസിച്ച മാതൃഭൂമിയുടെ 'ഇരുട്ടുകുത്തി' പംക്തിയെ പൊളിച്ചടുക്കി ഇന്‍ഫോ ക്ലിനിക്ക് കൂട്ടായ്മയിലെ ഡോക്ടര്‍ പി എസ് ജിനേഷിന്റെ പോസ്റ്റ്. വ്യാജ ചികില്‍സാ രീതികളെയും അന്ധവിശ്വാസങ്ങളെയും പ്രകൃതിക്കെതിരായ ക്രൂരതകളെയും തുറന്നെതിര്‍ക്കുന്നതിലൂടെ ഫേസ്‌‌‌ബുക്കില്‍ സുപരിചിതനാണ് ഡേക. പി എസ് ജിനേഷ്.   പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ   മാതൃഭൂമി പത്രത്തോടാണ്,  ഒരു ലേശം മര്യാദയാവാം. നുണകള്‍ വാര്‍ത്തയായി വിദ്വേഷം പരത്തുന്നതെങ്കിലും ഒഴിവാക്കണം. നിങ്ങള്‍ക്ക് മനസിലാകുമോ എന്നറിയില്ല, എങ്കിലും പറയാതെ വയ്യ. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിലെ ഗ്രീന്‍ റൂട്ട്‌സിനെ കുറിച്ചാണ്. പലവിധ പ്രകൃതിസംരക്ഷണ പരിപാടികളും നടത്തുന്ന ഒരു കൂട്ടം ആള്‍ക്കാരാണ് ഗ്രീന്‍ റൂട്ട്‌സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തില്‍ പ്രവര്‍ത്തിക്കുന്നത്. കടലാമയുടെ മുട്ടകള്‍ ശേഖരിച്ച്, വിരിയിച്ച് കുഞ്ഞുങ്ങളെ സുരക്ഷിതമായി കടലില്‍ തിരികെ വിടുക എന്നുള്ളത് ഇവരുടെ പ്രധാന ദൗത്യങ്ങളില്‍ ഒന്നാണ്. കടലാമ മുട്ടയിടുന്ന സീസണില്‍ അതിരാവിലെ കടല്‍ത്തീരത്ത് വളരെ ശ്രദ്ധാപൂര്‍വ്വം നടന്ന് മുട്ടകള്‍ ശേഖരിക്കുന്നു. രാവിലെ ഏതാണ്ട് നാലു മണി അഞ്ചു മണി സമയത്താണ് ഇത് ചെയ്യുക. കടലില്‍നിന്ന് ആമ കരയിലേക്ക് കയറിവന്നതും തിരിച്ചു പോകുന്നതുമായ കാല്‍പ്പാടുകള്‍ നോക്കിയാണ് സ്ഥലം കണ്ടെത്തുക. ഇങ്ങനെ ശേഖരിക്കുന്ന കടലാമ മുട്ടകള്‍ പ്രവര്‍ത്തകര്‍ രൂപീകരിച്ച ഹാച്ചറിയില്‍ സൂക്ഷിക്കുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് തോട്ടപ്പള്ളിയിലെ പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയായ ഗ്രീന്‍ റൂട്ട്സ് കടലാമ മുട്ടകള്‍ സംരക്ഷിച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ കടലില്‍ വിടുന്നത് ... വായിക്കുക:"കടലാമക്കുഞ്ഞുങ്ങളെ തിരയ്ക്ക് നല്‍കിയൊരു സായാഹ്നം"  അതിരാവിലെ പോയില്ലെങ്കില്‍ മുട്ടകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അലഞ്ഞുതിരിയുന്ന നായകള്‍ പ്രധാന ഭീഷണിയാണ്. അവയുടെ കണ്ണില്‍ പെടുന്നതിനു മുന്‍പ് മുട്ടകള്‍ എടുത്ത് സംരക്ഷിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കാലത്ത് നായകളാണ് പ്രധാന ഭീഷണി എങ്കില്‍ പണ്ട് അങ്ങനെയല്ലായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ ആ സീസണുകളില്‍ അവിടുത്തെ ആള്‍ക്കാരുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്ന് കടലാമമുട്ട ആയിരുന്നു. ഗ്രീന്‍ റൂട്ട്‌സിന്റെ പ്രധാന പ്രവര്‍ത്തകനായ സജി ജയമോഹന്റെ പ്രവര്‍ത്തനഫലമായാണ് അവിടങ്ങളില്‍ കടലാമ മുട്ട സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ശക്തമായത്. ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ചെറുതല്ലാത്ത എതിര്‍പ്പും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. കയ്യാങ്കളിയുടെ വക്കിലെത്തിയ ആ എതിര്‍പ്പുകളില്‍ നിന്നും കുട്ടികളേയും പ്രകൃതിസ്‌നേഹികളേയും സംഘടിപ്പിച്ച് കടലാമകളെ സംരക്ഷിക്കുന്നതിനായി വലിയൊരു ഫോറം രൂപീകരിക്കാന്‍ അദ്ദേഹത്തിനായി. നിലവില്‍ എല്ലാവര്‍ഷവും സീസണില്‍ നൂറുകണക്കിന് മുട്ടകള്‍ ശേഖരിച്ചു വിരിയിച്ച് കുഞ്ഞുങ്ങളെ കടലില്‍ വിട്ടു കൊണ്ടിരിക്കുന്നു. സാധാരണ, ശേഖരിക്കുന്ന മുട്ടകളില്‍ 90 ശതമാനത്തിലധികവും വിരിയുന്നതായാണ് മനസ്സിലാക്കുന്നത്. പല പ്രധാന പരിസ്ഥിതി സ്‌നേഹികളും മുട്ട ശേഖരിക്കുന്നതിലും കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. ഗ്രീന്‍ റൂട്ട്‌സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറം എന്ന ഫേസ്ബുക്ക് പേജില്‍ ഇതിന്റെ ചിത്രങ്ങളും വിവരങ്ങളും ലഭ്യമാണ്. ഞാനും ഒരിക്കല്‍ പങ്കെടുത്തിട്ടുണ്ട്. അര്‍ദ്ധരാത്രി കോട്ടയത്തു നിന്നും കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രവര്‍ത്തകരോടൊപ്പം തിരിച്ച്, തോട്ടപ്പള്ളിയില്‍ എത്തി എന്താണ് പ്രവര്‍ത്തനമെന്ന് നേരില്‍ കണ്ടിട്ടുണ്ട്. രാത്രിയിലും ആവേശത്തോടെ കാത്തിരിക്കുന്ന സജിയേയും പരിസ്ഥിതി പ്രവര്‍ത്തകരെയും കുട്ടികളെയും കണ്ടിട്ടുണ്ട്. നമുക്കൊന്നും സാധിക്കാത്ത രീതിയില്‍ ഒരു സീസണ്‍ മുഴുവന്‍ ഉറക്കം പോലും ഉപേക്ഷിച്ച് പ്രകൃതിയെ സംരക്ഷിക്കാനിറങ്ങുന്ന അവരോട് ബഹുമാനവും തോന്നിയിട്ടുണ്ട്. അങ്ങനെ പ്രകൃതിക്ക് വേണ്ടി പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരെ പേരു പറയാതെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന മാതൃഭൂമി ചെയ്യുന്നത് എന്ത് പത്രധര്‍മ്മമാണ് എന്ന് മനസ്സിലാകുന്നില്ല.   ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്ന് വിടാന്‍ എത്തിയതാണ് മാതൃഭൂമിക്ക് പ്രകോപനമായത് എന്ന് തോന്നുന്നു, വാര്‍ത്തയില്‍ ആ ഒരാംഗിള്‍ ഉണ്ടെന്ന് തോന്നുന്നു. എല്ലാ പത്രങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്, നിങ്ങള്‍ക്കും അതാവാം. പക്ഷേ വൃത്തികെട്ട രീതിയില്‍ നുണ പ്രചരിപ്പിച്ചുകൊണ്ടാകരുത് നിങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കേണ്ടത്.    Read on deshabhimani.com

Related News