മാര്‍പാപ്പ പറയുന്നപോലെ മാറ്റങ്ങളുടേതും പുനപരിശോധനകളുടേതുമാകട്ടെ പുതുവര്‍ഷം: എം എ ബേബി



കൊച്ചി > ആദിമ ക്രിസ്‌‌തുമതത്തെപ്പറ്റി ഫ്രഡറിക്ക് എംഗല്‍സ് എഴുതിയത് ആവര്‍ത്തിച്ച് വായിക്കുകയും കാലോചിതമായി വികസിപ്പിക്കുകയും ചെയ്യേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കത്തോലിക്ക സഭയിലും ക്രിസ്‌ത്യാനികളിലും ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചാണ് ഇക്കൊല്ലത്തെ ക്രിസ്തു‌മസ് സന്ദേശത്തില്‍ പോപ്പ് ഫ്രാന്‍സിസ് പറഞ്ഞത്. മാര്‍പാപ്പ പറയുന്ന പോലെ ഈ പുതുവര്‍ഷം മാറ്റങ്ങളുടേതും പുനപരിശോധനകളുടേതുമാകട്ടെയെന്ന് എം എ ബേബി ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. ക്രിസ്‌ത്യാനികള്‍ക്ക് നേര്‍രേഖയിലുള്ള ഒരു മാറ്റം പോര എന്നും പോപ്പ് പറഞ്ഞിരുന്നു. ഇനി പുതിയ വസ്‌ത്രങ്ങളണിയുന്ന തരം മാറ്റം പോര, ഇന്നത്തെ ചോദ്യങ്ങളോടു പ്രതികരിക്കുന്നതാവണം മാറ്റങ്ങള്‍. പണ്ടത്തെപ്പോലെയുള്ള ഒരു ക്രൈസ്‌തവലോകത്തല്ല ഇന്ന് ജീവിതം എന്നതും യൂറോപ്പില്‍ മതത്തെ തള്ളിക്കളഞ്ഞ ഭൂരിപക്ഷം മനുഷ്യരെ ചൂണ്ടിക്കാണ്ടി മാര്‍പ്പാപ്പ പറഞ്ഞിട്ടുണ്ടെന്നും എം എ ബേബി കുറിപ്പില്‍ പറയുന്നു. മതാടിസ്ഥാനത്തിലുള്ള വലിച്ചുകീറലുകള്‍ അശാന്തിപരത്തുകയും ചോരചൊരിയുകയും ചെയ്യുന്ന വാര്‍ത്തകള്‍ വേദനിപ്പിക്കുകയാണ്. എന്നാല്‍ ഇരുട്ടിന്റെ ശക്തികള്‍ക്ക് എക്കാലവും അധീശത്വംസാദ്ധ്യമാകില്ലെന്നും ആ ശുഭപ്രതീക്ഷയില്‍ എല്ലാവര്‍ക്കും ക്രിസതുമസ് -നവവല്‍സര ആശംസകള്‍ നേരുകയാണെന്നും പറഞ്ഞതാണ് ഫെയ്‌സ്‌ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. Read on deshabhimani.com

Related News