ലൊക്കേഷനുകളില്‍ ഒറ്റക്കെത്തി പണിയെടുക്കുന്ന നടികള്‍ക്ക് തൊഴില്‍ദായകര്‍ സംരക്ഷണത്തിനില്ലേയെന്ന് സജിത മഠത്തില്‍



കൊച്ചി> രാപ്പകലെന്ന് നോക്കാതെ ജോലി സമയത്ത്  ഒറ്റക്ക്പണിയെടുക്കുന്ന നടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഇനി മുതല്‍ സ്വയം ഏറ്റെടുക്കണം എന്നാണോ "അമ്മ" പറയുന്നതെന്ന് നാടകപ്രവര്‍ത്തകയും നടിയുമായ സജിത മഠത്തില്‍. ലൊക്ഷേനുകളും തൊഴിലിടങ്ങളാണെന്നും അവിടങ്ങളില്‍ സുരക്ഷിതത്വം ഒരുക്കേണ്ടത് തൊഴില്‍ദായകര്‍ തന്നെയാണെന്നും സജിത തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. നടിമാരുടെ സുരക്ഷിതത്വം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ നിലപാടുകളോട് വിയോജിച്ചാണ് സജിതയുടെ പ്രതികരണം പോസ്റ്റ് ചുവടെ അമ്മയിലായിരുന്നു എന്റെ എല്ലാ പ്രതീക്ഷയും. ഇനി എന്തു ചെയ്യും? പ്രൊഡക്ഷന്‍ ആവശ്യത്തിനായി നടികള്‍ നടത്തുന്ന യാത്രയുടെ ഉത്തരവാദിത്തം പോലും ഞങ്ങള്‍ ഏറ്റെടുക്കില്ല എന്നാണോ അമ്മ പറയുന്നത്? ഞാനാണെങ്കില്‍ അമ്മയുടെ കുടുബത്തില്‍ അംഗമാകാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരാളാണ്. പക്ഷെ ഇരുപത്തി അഞ്ചു വര്‍ഷമെങ്കിലുമായി ഇന്ത്യക്കകത്തും പുറത്തും ഒറ്റക്കാണ് യാത്ര ചെയ്തിട്ടുള്ളത് , കൂടെ യാത്ര ചെയ്യാന്‍... പ്രത്യേകിച്ച് എന്റെ സുരക്ഷക്കായി ആരും വേണമെന്നു കരുതുന്നുമില്ല! എന്നെ പോലെ ഉള്ള കുറച്ചു നടികളെങ്കിലും ഈ രംഗത്തുണ്ടാവില്ലെ? ജോലി സമയത്ത് ( രാപ്പകല്‍) ഒറ്റക്ക്പണിയെടുക്കുന്ന നടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഇനി മുതല്‍ സ്വയം ഏറ്റെടുക്കണം എന്നാണോ അമ്മ പറയുന്നത്? മറ്റു സര്‍വ്വീസ് സംഘടനകള്‍ തങ്ങളുടെ അംഗങ്ങളായ സ്ത്രീകളോട് ഇത്തരം ആവശ്യം ഉന്നയിക്കുമോ? തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ തൊഴില്‍ ദായകര്‍ നല്‍കേണ്ടതല്ലെ? സിനിമാ വ്യവസായം ഇതില്‍ പെടില്ലെ?(ആണ്‍തുണയില്ലാതെ ജോലി സ്ഥലത്തു വന്ന് എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ തങ്ങള്‍ക്കു ഉത്തരവാദിത്വം ഇല്ലെന്നു ഇവര്‍ പറയുന്നത് സര്‍ക്കാര്‍ ശ്രദ്ധിക്കുമല്ലോ?) 2017ല്‍ കേരളത്തിലെ ഒരു സംഘടനക്ക് ഇത്രയും സ്തീ വിരുദ്ധമായ തീരുമാനം ഉറക്കെ പറയാന്‍ സാധിക്കുന്നത് ഏറെ വേദന ഉണ്ടാക്കുന്നു. ശരീരത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെക്കാള്‍ ഇത് വേദനാജനമാണ എന്നു പറയാതെ വയ്യ! അപ്പോ ഒരു സംശയം.. ഈ തീരുമാനമെടുക്കുമ്പോള്‍ ഇടതുപക്ഷ എംപി സ്ഥലത്ത് ഉണ്ടായിരുന്നോ? സ്ത്രീ അംഗങ്ങള്‍ക്കും വല്ലേട്ടന്മാരുടെ അഭിപ്രായമാണോ? അപ്പോ പിന്നെ ഡര്‍ബാര്‍ ഹാളില്‍ എന്തിനാ കൂടിയത്?   Read on deshabhimani.com

Related News