‘സഖാവ്‌ കുഞ്ഞിക്കണ്ണനും കുടുംബവും മക്കളുമുണ്ടായിരുന്നു’ ‐ വെട്ടിന്റെ എണ്ണമെടുക്കുന്നവരോട്‌ രക്തസാക്ഷിയുടെ മകൻ



കൊച്ചി > വലതുപക്ഷ മാധ്യമങ്ങളുടെയും നിരീക്ഷകരുടെയും ഇരട്ടത്താപ്പിനെതിരെ പാനൂരിൽ ആർഎസ്‌എസുകാർ വെട്ടിക്കൊന്ന രക്തസാക്ഷി ടി കെ കുഞ്ഞിക്കണ്ണന്റെ മകൻ ലെനിൻ പാനൂരിന്റെ ഫെയ്‌‌സ്‌ബു‌ക്ക്‌ പോസ്‌റ്റ്‌. ‘‘അമ്മയുടെ കണ്ണീരോ അമ്മൂമ്മയുടെ പെറ്റവയറിന്റെ വേദനയോ എന്റെയോ ചേച്ചിയുടെയോ കുട്ടികാലത്തെ ഓർമകളോ ആരും പറയേണ്ടതില്ല... അതന്വേഷിച്ചു ഒരുത്തനും ഇങ്ങോട്ട് കടന്നു വന്നിട്ടില്ലെന്ന് നന്നായി അറിയാം. കാരണം കുഞ്ഞിക്കണ്ണൻ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലോ’’ ‐ സിപിഐ എമ്മിനെ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരോട്‌ ലെനിൻ പറയുന്നു. ലെനിൻ പാനൂരിന്റെ ഫെയ്‌‌സ്‌‌ബുക്ക്‌ പോസ്‌റ്റിന്റെ പൂർണരൂപം : ഒരു ചോദ്യം.. സഖാക്കളോടല്ല... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 51 ഉം 38 ഉം തുടങ്ങി വിവിധങ്ങളായ വെട്ടുകളുടെ എണ്ണവും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കണ്ണീരിന്റെ കഥകളും പറഞ്ഞു നടക്കുന്ന പ്രിയപ്പെട്ട ലീഗ്, കോൺഗ്രസ്‌, സംഘപരിവാർ പിന്നെ ചില മാധ്യമ ജഡ്ജിമാരോടും നീരിക്ഷക ബുദ്ധിജീവികളോടുമാണ് ചോദ്യം.. പേര് :ടികെ കുഞ്ഞിക്കണ്ണൻ സ്ഥലം പാനൂർ, കെസി മുക്ക് 1999 ഡിസംബർ മൂന്നിന് ഞടട കാർ പൈശാചികമായി കൊലപ്പെടുത്തിയതാണ്. വെട്ടുകളുടെ എണ്ണമോ ചിതറി തെറിച്ച ചോരയുടെ അളവോ നിങ്ങൾ പറഞ്ഞു തരേണ്ടതില്ല. അതൊന്നും നിങ്ങൾ ഇന്നേവരെ അറിഞ്ഞിട്ടില്ലെന്നു അറിയാം.. കാരണം കുഞ്ഞിക്കണ്ണൻ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലോ. അമ്മയുടെ കണ്ണീരോ അമ്മൂമ്മയുടെ പെറ്റവയറിന്റെ വേദനയോ എന്റെയോ ചേച്ചിയുടെയോ കുട്ടിക്കാലത്തെ ഓർമകളോ ആരും പറയേണ്ടതില്ല... അതന്വേഷിച്ചു ഒരുത്തനും ഇങ്ങോട്ട് കടന്നു വന്നിട്ടില്ലെന്ന് നന്നായി അറിയാം. കാരണം കുഞ്ഞിക്കണ്ണൻ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലോ. നിങ്ങൾ വെട്ടുകളുടെ എണ്ണമെടുത്ത് ആഴം അളന്നില്ലെങ്കിലും കണ്ണീരിന്റെ കണക്കെടുത്തില്ലെങ്കിലും ജീവനോടെ ഒരു സഖാവെങ്കിലും ബാക്കിയുള്ളിടത്തോളം കാലം കമ്മ്യൂണിസ്റ്റ് രക്തസാക്ഷി ഈ മണ്ണിൽ ജീവിക്കുക തന്നെ ചെയ്യും. മറ്റു പലരെയും ജനങ്ങളുടെ മനസ്സിൽ വെട്ടിന്റെ എണ്ണം പറഞ്ഞാണല്ലോ നിങ്ങൾ പ്രതിഷ്‌ടിച്ചത്. ചില സംഖ്യകൾ കേൾക്കുമ്പോൾ ചിലരെ ഓർക്കുന്നത് പോലെ. അറിയേണ്ടത് എന്തെന്നാൽ, കുഞ്ഞിക്കണ്ണന്റെ കൊലപാതകവും മറ്റെല്ലാ കൊലപാതകവും പോലെ വേദനയോടെ കാണാനും അതിനെ അപലപിക്കാനും ഇനി എന്നാണ് നിങ്ങൾ തയ്യാറാവുക?? കുഞ്ഞിക്കണ്ണന്റെ ജീവനും മറ്റുള്ളവരുടെ പോലെതന്നെ വിലപ്പെട്ടതായിരുന്നെന്നു ഇനി എന്നാണ് നിങ്ങൾ തിരിച്ചറിയുക ?? കുഞ്ഞിക്കണ്ണനും ഒരു കുടുംബവും മക്കളും ഉണ്ടായിരുന്നെന്ന് എന്നാണ് നിങ്ങൾ അംഗീകരിക്കുക. അത് സംഭവിക്കാത്തിടത്തോളം കാലം നിങ്ങൾ എത്ര കണക്കുകൾ പറഞ്ഞാലും ഏതു സംഖ്യ വെച്ചു ചൂത് കളിച്ചാലും അതൊന്നും ഈ പ്രസ്ഥാനത്തെ ഒരു കണിക പോലും പോറലേൽപ്പിക്കാൻ സാധിക്കുന്നതല്ല. അത്തരത്തിൽ തകരുന്നതല്ല ഈ പ്രസ്ഥാനം എന്ന് നിങ്ങൾക്കിനിയും മനസ്സിലായില്ലെങ്കിൽ ചൂത് കളി തുടരട്ടെ എന്ന് തന്നെയാണ് അഭിപ്രായം.. Read on deshabhimani.com

Related News