"അടി വരുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ടുതന്നെ നിവര്‍ന്നുനില്‍ക്കുന്ന എന്റെ സഖാക്കളാണ് ധീരര്‍"



ഡല്‍ഹി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമമാണ് എബിവിപി അഴിച്ചുവിടുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍  നടക്കുന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ദില്ലി ചാലോ പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണത്തിനായി ലഖുലേഖ വിതരണം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ വെള്ളിയാഴ്ച്ച എബിവിപിക്കാര്‍ അക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ശേഷം മടങ്ങവേ വീണ്ടും അക്രമം അഴിച്ചുവിട്ടു. എസ്എഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്‍, എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ എന്നിവര്‍ക്ക് അക്രമത്തില്‍  പരിക്കേറ്റു. എന്നാല്‍ അക്രമങ്ങള്‍കൊണ്ട് തളര്‍ത്താനാവില്ലെന്നും ഏത് നിമിഷവും എവിടെ വച്ചും ആക്രമിക്കപ്പെടും എന്ന ഉറപ്പില്‍ തന്നെയാണ് രാഷ്ട്രീയം പറയുന്നതും പോരാടുന്നതുമെന്നും നിതീഷ് നാരായണന്‍ പറഞ്ഞു. 'ജനാധിപത്യത്തിനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്നവരാണവര്‍. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പുളകം കൊള്ളുന്ന സംഘപരിവാരം ഭീരുക്കളുടെ തടവറയാണ്. അടി വരുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് തന്നെ നിവര്‍ന്ന് നില്‍ക്കുന്ന എന്റെ സഖാക്കളാണ് ധീരര്‍. എല്ലാ മര്‍ദനങ്ങളെയും വേട്ടയാടലുകളെയും അതിജീവിച്ച് അവര്‍ ചെറുത്തുനില്‍പിന്റെ ഏറ്റവും മനോഹരമായ അധ്യായങ്ങള്‍ എഴുതും.' നിതീഷ് നാരായണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫേസ്‌‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പൊതുവേ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ചിരിക്കാറില്ല. പല്ലുകാണിക്കാതിരിക്കാന്‍ ഇപ്പോള്‍ ഒരു കാരണം കൂടിയായി. എബിവിപി ക്കാരന്റെ കാറിന്റെ ഡോറ് കൊണ്ടുള്ള മുഖത്തടിയേറ്റ് മുന്നിലെ പല്ലിന്റെ ഒരു ഭാഗം പോയിട്ടുണ്ട്. അത്രയേയുള്ളൂ. അതൊഴിച്ചാല്‍ ഇതുവരെ എങ്ങനെയായിരുന്നോ അതുപോലൊക്കെത്തന്നെ ഇനിയുമുണ്ടാകും. അന്വേഷിച്ച പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി. പറയാനുള്ളത് ദില്ലി യൂണിവേഴ്‌സിറ്റിയിലെ എസ് എഫ് ഐ ക്കാരെക്കുറിച്ചാണ്. മൂന്ന് ദിവസമായി തുടര്‍ച്ചയായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ ദില്ലി യൂണിവേഴ്‌സിറ്റിയില്‍ എബിവിപി ക്കാരാല്‍ ആക്രമിക്കപ്പെടുകയാണ്. ഏത് നിമിഷവും എവിടെ വച്ചും ആക്രമിക്കപ്പെടും എന്ന ഉറപ്പില്‍ തന്നെയാണ് ആ സഖാക്കള്‍ അവിടെ രാഷ്ട്രീയം പറയുന്നതും പോരാടുന്നതും. കൈക്കരുത്ത് കൊണ്ട്, സ്ത്രീവിരുദ്ധത കൊണ്ട്, അസഭ്യവര്‍ഷങ്ങള്‍ കൊണ്ട്, കൊടിയ വര്‍ഗീയത കൊണ്ട്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കൊണ്ട് ഒരു സര്‍വകലാശാലയെ വിഴുങ്ങുന്ന തെമ്മാടിക്കൂട്ടങ്ങള്‍ക്കിടയില്‍ ലിംഗനീതിക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്നവരാണവര്‍. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പുളകം കൊള്ളുന്ന സംഘപരിവാരം ഭീരുക്കളുടെ തടവറയാണ്. അടി വരുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് തന്നെ നിവര്‍ന്ന് നില്‍ക്കുന്ന എന്റെ സഖാക്കളാണ് ധീരര്‍. എല്ലാ മര്‍ദനങ്ങളെയും വേട്ടയാടലുകളെയും അതിജീവിച്ച് അവര്‍ ചെറുത്തുനില്‍പിന്റെ ഏറ്റവും മനോഹരമായ അധ്യായങ്ങള്‍ എഴുതും. എല്ലാ മുറിവുകളെയും അവര്‍ ഉണക്കും. നീതിക്കുവേണ്ടിയുള്ള സമരത്തില്‍ അവരുടെ ധീരത അഭിവാദ്യം ചെയ്യപ്പെടട്ടെ.   Read on deshabhimani.com

Related News