ഏതു ഭരണമികവിനെക്കുറിച്ചാണ് പരീക്കര്‍ ഊറ്റം കൊള്ളുന്നത്; മയക്കുമരുന്നു മാഫിയയെ ഭയന്ന് പ്രഭാതസവാരി ഉപേക്ഷിച്ച ഫിഷറീസ് മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കിയോ; പരീക്കര്‍ക്ക് മറുപടിയുമായി തോമസ് ഐസക്ക്



തിരുവനന്തപുരം > കേരളത്തിലെ അണികളെ ആവേശം കൊള്ളിക്കാന്‍ പദവിയ്ക്കും അന്തസിനും ചേരാത്ത പ്രസ്താവനയിറക്കിയ ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്.  മയക്കുമരുന്നു മാഫിയ തന്നെ വേട്ടയാടുകയാണെന്ന് ഇക്കഴിഞ്ഞ മാസമാണ് ഗോവയിലെ ഫിഷറീസ് മന്ത്രി വിനോദ് പാലീയേങ്കര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കു പരാതി നല്‍കിയത്. മാഫിയയെ ഭയന്ന് പ്രഭാതസവാരി പോലും ഉപേക്ഷിച്ചുവെന്ന് പത്രസമ്മേളനം നടത്തി പരീക്കര്‍ മന്ത്രിസഭയിലെ അംഗം തുറന്നടിച്ചത് സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു. ഫിഷറീസ് മന്ത്രിയ്ക്ക് സുരക്ഷ ഒരുക്കിയ ശേഷം വേണമായിരുന്നു പരീക്കര്‍ കേരളത്തിലേക്ക് ടിക്കറ്റെടുക്കാനെന്നും തോമസ് ഐസക്ക് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഐസക്കിന്റെ പ്രതികരണം. നേരത്തെ കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പരീക്കര്‍ ബിജെപിയുടെ ജനരക്ഷയാത്രയില്‍ പ്രസംഗിച്ചിരുന്നു. പരാമര്‍ശത്തിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധിപേര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.   പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ: കേരളത്തിലെ തങ്ങളുടെ അണികളെ ആവേശം കൊള്ളിക്കാൻ പദവിയ്ക്കും അന്തസിനും ചേരാത്ത പ്രസ്താവനകളിറക്കി മത്സരിക്കുകയാണ് ജനരക്ഷായാത്രയ്ക്കെത്തുന്ന ബിജെപി നേതാക്കൾ. ഇതൊക്കെക്കൊണ്ട് എന്താണവർ നേടുന്നത് എന്നറിയില്ല. ഏറ്റവുമൊടുവിൽ ഗോവാ മുഖ്യമന്ത്രി മനോഹർ പരീക്കറാണ് വില കുറഞ്ഞ പ്രസ്താവനയിറക്കി വാർത്താകേന്ദ്രമായത്. ഏതു ഭരണമികവിനെക്കുറിച്ചാണ് മനോഹർ പരീഖർ ഊറ്റം കൊള്ളുന്നത് എന്നറിയില്ല. മയക്കുമരുന്നു മാഫിയ തന്നെ വേട്ടയാടുകയാണെന്ന് ഇക്കഴിഞ്ഞ മാസമാണ് ഗോവയിലെ ഫിഷറീസ് മന്ത്രി വിനോദ് പാലീയേങ്കർ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കു പരാതി നൽകിയത്. മാഫിയയെ ഭയന്ന് പ്രഭാതസവാരി പോലും ഉപേക്ഷിച്ചുവെന്ന് പത്രസമ്മേളനം നടത്തി പരീഖർ മന്ത്രിസഭയിലെ അംഗം തുറന്നടിച്ചത് സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു. അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം കൌതുകകരമായിരുന്നു. ഇക്കാര്യങ്ങൾ പുറത്തുപറയരുതെന്നാവശ്യപ്പെട്ട് ഭരണകക്ഷി എംഎൽഎമാർക്ക് അദ്ദേഹം കത്തെഴുതി. ഇത്തരം കാര്യങ്ങൾ പരസ്യമായി പറയുന്നത് അനാവശ്യമായ സെൻസേഷനുണ്ടാക്കുമെന്നും അക്രമികൾക്ക് നടപടികളെക്കുറിച്ചുള്ള സൂചന കിട്ടുമെന്നൊക്കെയായിരുന്നത്രേ കത്തിലെ വാദങ്ങൾ. പരീക്കറുടെ ഈ നടപടിയും സംസ്ഥാനത്ത് രൂക്ഷമായ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഗോവയിലെ മുൻമന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന രവി നായിക്കിന്റെ മകൻ റോയ് നായിക്കും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയിൽ അംഗമായിരുന്ന മുൻ എംഎൽഎ ലാവൂ മാംലേദാറിന്റെ വെളിപ്പെടുത്തലും ശ്രദ്ധേയമാണ്. റിപ്പോർട്ടു സ്വീകരിക്കാൻ ബിജെപി സർക്കാർ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, കമ്മിറ്റിയിൽ അംഗങ്ങളായ ബിജെപി അംഗങ്ങൾ റിപ്പോർട്ടിൽ ഒപ്പിടാൻ തയ്യാറാകുന്നില്ലെന്നും കഴിഞ്ഞ മാസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഗോവയിൽ മയക്കുമരുന്നു വിൽപനയിൽ പ്രാവീണ്യം നേടിയ സംഘങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ രേഖാമൂലം അറിയിച്ചതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ഗോവയിലെ ഉന്നത രാഷ്ട്രീയനേതാക്കളും മയക്കുമരുന്നു മാഫിയയുമായുള്ള കൂട്ടുകെട്ട് എന്നും വിവാദവിഷയമായിരുന്നു. അധികാരമേറ്റാൽ മാഫിയയ്ക്കെതിരെ സിബിഐ അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനവും നൽകിയിരുന്നു. പക്ഷേ, 40 അംഗ നിയമസഭയിൽ ബിജെപിയ്ക്ക് ആകെ കിട്ടിയത് 13 സീറ്റാണ്. കോൺഗ്രസിന് പതിനേഴും. തെരഞ്ഞെടുപ്പിൽ ജനം വോട്ടു ചെയ്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാത്തതുകൊണ്ടാവാം, മാഫിയയ്ക്കെതിരെ ഇതേവരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. മയക്കുമരുന്നു മാഫിയയെ ഭയന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുന്ന മന്ത്രിസഭയിലെ സ്വന്തം സഹപ്രവർത്തകന്റെ സുരക്ഷിതത്വം പരീക്കർ ആദ്യം ഉറപ്പുവരുത്തട്ടെ. മിനിമം അത്രയെങ്കിലും ചെയ്തിട്ട് കേരളത്തിലേയ്ക്കൂ ടിക്കറ്റെടുക്കൂ. Read on deshabhimani.com

Related News