ഒരു രാജ്യം ഒരു ഭാഷ: ഇന്ത്യയുടെ വൈവിദ്ധ്യത്തിനു നേരെയുള്ള കടന്നുകയറ്റം



ഒരിക്കലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയാത്ത ആവശ്യമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഒരു രാജ്യം ഒരു ഭാഷ എന്നത് ഇന്ത്യയുടെ ഭാഷാവൈവിദ്ധ്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് എന്നതില്‍ സംശയമൊന്നുമില്ല. ദക്ഷിണേന്ത്യയെ മുഴുവനായി ഇന്ത്യയുടെ അധികാരതലത്തില്‍നിന്ന് എടുത്തെറിയാനുള്ള ആദ്യപടി കൂടിയാണ് ഹിന്ദിയെ ഇന്ത്യയിലെ ഏകഭാഷയാക്കി മാറ്റാനുള്ള ഇടപെടല്‍. ഫെഡറല്‍ സംവിധാനത്തിന്റെ അടിത്തറ തന്നെ ഇന്ത്യയുടെ വൈവിദ്ധ്യമാണ്. ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലെ, അംബേദ്കറെപ്പോലെ ഒക്കെയുള്ള നേതാക്കള്‍ക്ക് അക്കാര്യം നല്ല ബോധ്യമുണ്ടായിരുന്നുതാനും. നാനാത്വങ്ങളുള്ള ഇന്ത്യയെ ഒരുമിപ്പിച്ചു നിര്‍ത്തുന്നത് നീതി പുലര്‍ത്തേണ്ട ഭരണഘടനയാണ്. ആ ഭരണഘടനയെ തകര്‍ത്ത് ഹിന്ദുത്വ ഇന്ത്യയെ സ്വപ്നം കാണുന്നവര്‍ക്ക് ഇന്ത്യയെ വിട്ടുകൊടുക്കേണ്ടതില്ല. മലയാളവും തമിഴും കന്നടയും തെലുങ്കും മറാഠിയും സന്താലിയും ബംഗാളിയും പഞ്ചാബിയും ഹിന്ദിയും ആസാമിയും ബോഡോയും ഗുജറാത്തിയും ഉര്‍ദ്ദുവും കാശ്മീരിയും കൊങ്കിണിയും ദോഗ്രിയും മൈഥിലിയും മണിപ്പൂരിയും സിന്ധിയും  ഇംഗ്ലീഷും നേപ്പാളിയും അടക്കം അനേകമനേകം ഭാഷകള്‍ നിറഞ്ഞ ഇടമാണിത്.  ഓരോ ഭാഷക്കാര്‍ക്കും അതിനുള്ളില്‍പ്പോലും നിരവധി വൈവിദ്ധ്യങ്ങള്‍! അങ്ങനെയുള്ള ഒരിടത്ത് ദേശീയഭാഷ എന്ന പദവി ഒരു ഭാഷയ്ക്കും ഭരണഘടന നല്‍കിയിട്ടില്ല. ഔദ്യോഗികഭാഷ എന്ന പദവിയേ ഹിന്ദിക്കുള്ളൂ. അതിനൊപ്പം ഇംഗ്ലീഷും ഉണ്ട്. സംസ്ഥാനങ്ങള്‍ക്കകത്ത് അവര്‍ക്കിഷ്ടമുള്ള കൂടി ഔദ്യോഗികഭാഷയാക്കാം. അങ്ങനെയുള്ള ഒരു ഇടത്തിലേക്കാണ് ഹിന്ദി എന്ന ഒറ്റമൂലി കൃഷി ചെയ്യാന്‍ ചിലര്‍ ഇറങ്ങിത്തിരിക്കുന്നത്. ഹിന്ദി ഇന്ത്യയിലെ ഒരു ഭാഷ മാത്രമാണ്. അതിനപ്പുറമുള്ള ഒരു പ്രാധാന്യവും അതിനില്ല. രാജ്യത്തെ ഔദ്യോഗികഭാഷ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി പഠിപ്പിക്കുന്നുണ്ട്. അതു വേണ്ടെന്ന് ആരും പറയുന്നില്ല. പക്ഷേ അതിനപ്പുറം ഭാഷകൊണ്ട് ഒരു അധിനിവേശവും ആരും ഇവിടെ നടത്തേണ്ടതില്ല. ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയെന്ന നിലയില്‍ ഹിന്ദിയെ രാഷ്ട്രത്തിന്റെ ഭാഷയാക്കിയാല്‍ എന്താ കുഴപ്പം, അതല്ലേ ജനാധിപത്യം എന്ന് ഈ ഭാഷാതീവ്രവാദത്തിന്റെ വക്താക്കള്‍ പറയുന്നുണ്ട്. ജനാധിപത്യമെന്നാല്‍ ഏതെങ്കിലും കുറച്ചുപേരുടെ ആധിപത്യമല്ലെന്നും, എല്ലാത്തരം ജനവിഭാഗങ്ങളെയും ഓരോ പൗരരെയും ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു സംവിധാനമാണെന്നും തിരിച്ചറിയണം എന്നേ അവരോടു പറയാനുള്ളൂ.  Read on deshabhimani.com

Related News