'ദാരുണമാണ്, പക്ഷേ ഹിമാചലിലെ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല'; എം ബി രാജേഷ് എഴുതുന്നു



കൊച്ചി > മണ്ണാർക്കാട്ട് ആന ദാരുണമായി ചരിഞ്ഞ സംഭവത്തിൽ കേരളത്തെയാകെ അപകീർത്തിപ്പെടുത്തുംവിധവും വർഗീയമായതുമായ പ്രചരണമാണ് സംഘപരിവാർ അഴിച്ചുവിട്ടത്. ദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും കേന്ദ്രമന്ത്രിമാരും ക്രിക്കറ്റ്,സിനിമാ സെലിബ്രിറ്റികളുൾപ്പെടെ മലപ്പുറം ജില്ലയെ കരിവാരിത്തേക്കുകയും ചെയ്തു. എന്നാൽ മണ്ണാർക്കാട്ടെ സംഭവത്തിന് ദിവസങ്ങൾക്കിപ്പുറം ഹിമാചലിൽ സ്‌ഫോടകവസ്തു തീറ്റിച്ചതുമൂലം ഗർഭിണിയായ പശുവിന്റെ വായ തകർന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കാനോ, സംഭവം നടന്ന സ്ഥലത്തെ ലക്ഷ്യമാക്കി പ്രചരണം നടത്താനോ 'സീസണൽ മൃഗസ്‌നേഹികൾ' തയ്യാറായിട്ടില്ല. എം ബി രാജേഷ് എഴുതുന്നു  ദാരുണമായ ചിത്രമാണ്. ഹിമാചൽ പ്രദേശിലാണ് സംഭവം. സ്‌ഫോടകവസ്തു തീറ്റിച്ചതാണ്. ബോധപൂർവ്വം.മണ്ണാർക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗർഭിണിയാണ്. പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട. കുറ്റവാളിയുടെ മതം ആരും അന്വോഷിക്കുന്നില്ല. ഇന്ത്യൻ സംസ്‌ക്കാരത്തെക്കുറിച്ച് ക്ലാസെടുത്ത പരിസ്ഥിതി മന്ത്രി ജാവദേക്കർ ഒരക്ഷരം ഉരിയാടിയിട്ടില്ല. റിപ്പോർട്ട് തേടിയിട്ടില്ല. ചാനൽ മൈക്കിനു മുമ്പിൽ തല നീട്ടിയില്ല. ടിവിയിൽ രാമായണം ആസ്വദിക്കുകയായിരിക്കും. അദ്ദേഹം തിരുവായ തുറക്കാത്തതിനർത്ഥം ഇതാണ് ഇന്ത്യൻ സംസ്‌കാരം എന്നായിരിക്കുമോ? ഗോ രക്ഷകരെ മഷിയിട്ടു നോക്കിയിട്ടും കാണുന്നില്ല. ദേശീയ മാദ്ധ്യമങ്ങളിലെ പ്രൈം ടൈം ആങ്കർമാരുടെ അലർച്ചയും അലമുറയും കേൾക്കുന്നില്ല. ഒറ്റ ദിവസം കൊണ്ട് മൃഗ സ്‌നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികൾ 48 മണിക്കൂറിനുള്ളിൽ മൃഗ സ്‌നേഹം ചവറ്റുകൊട്ടയിലെറിഞ്ഞ് അപ്രത്യക്ഷരായി. ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമളയിൽ പറഞ്ഞ പോലെ അവരുടെ മൃഗസ്‌നേഹം സീസണലാണോ? സ്‌നേഹമില്ലാഞ്ഞിട്ടാവില്ല. ഇൻകം ടാക്‌സുകാരും ഇ ഡിക്കാരും വീട്ടിൽ വന്ന് വല്ല കൊറോണയും തന്നിട്ട് പോയാലോ എന്ന് പേടിച്ചിട്ടായിരിക്കാനേ വഴിയുള്ളൂ. സംഘികളാണെങ്കിൽ മുഖത്തെ മാസ്‌ക്ക് മാറ്റാൻ പറ്റാത്തതു കൊണ്ട് മാത്രം മിണ്ടാതിരിക്കുകയാണ്. സാരമില്ല. കേരളത്തിൽ കാള പെറ്റെന്ന് പറഞ്ഞു നോക്കു. കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി.   Read on deshabhimani.com

Related News