'വിശപ്പകറ്റാന്‍ കൈകോര്‍ക്കാം' എന്ന ആശയവുമായി കൊച്ചിന്‍ ഫുഡിസ്



കൊച്ചി > ഭക്ഷണപ്രിയരുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ കൊച്ചിന്‍ ഫുഡിസിന്റെ ആദ്യ  സൗഹൃദസംഗമം ഞായറാഴ്ച  എറണാകുളം, ചെറായി ബീച്ചില്‍ നടന്നു.സിനിമാതാരം സാധിക വേണുഗോപാല്‍  സൗഹൃദസംഗമം  ഉദ്ഘാടനം ചെയ്തു. എണ്‍പതോളം അംഗങ്ങള്‍ പങ്കെടുത്തു. ഗ്രൂപ്പ് അഡ്മിന്‍ ഷാസ് ഷബീര്‍  (പരസ്യ ചിത്ര സംവിധായകന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്രൊഫെഷണല്‍) സ്വാഗതം പറഞ്ഞു. മോഡറേറ്റര്‍ ദീപ അജിത് നന്ദി പ്രകാശിപ്പിച്ച ചടങ്ങില്‍  മോഡറേറ്റര്‍ അനീഷ് വി ബി കൂട്ടായ്‌മയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. അംഗങ്ങളുടെ സേവനങ്ങള്‍ക്ക് അംഗീകാരങ്ങളും നല്‍കി ആദരിച്ചു. കൊച്ചിയിലും പരിസരങ്ങളിലുമുള്ള നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളും,  ഹോട്ടലുകളും അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നത്. കൊച്ചിയിലെ പ്രശസ്ത  പാചക വിദഗ്ധരും, ഭക്ഷണപ്രിയരും കൂടി ഒത്തുചേര്‍ന്നതോടെ പുതിയൊരു ഭക്ഷണ സംസ്‌കാരത്തിന് കൂട്ടായ്മയിലൂടെ തുടക്കം കുറിക്കുകയായിരുന്നു. കൂടാതെ മറ്റ് സ്ഥലങ്ങളില്‍ നിന്നുകൂടി അംഗങ്ങള്‍ വന്നതോടെ കേരളത്തില്‍ ഉടനീളമുള്ള നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളും, പ്രധാന വിഭവങ്ങളും, വില വിവരങ്ങളും അനുഭവസ്ഥര്‍ പങ്കു വെച്ചു തുടങ്ങിയതോടെ  കൊച്ചിന്‍ ഫുഡിസ് കൂടുതല്‍ ജനകീയമായി. അനുഭവസ്ഥര്‍ പരിചയപ്പെടുത്തുന്ന സ്ഥലങ്ങളില്‍  ധൈര്യസമേതം ഭക്ഷണം കഴിക്കാന്‍ പോകാം എന്നതും കൂട്ടായ്മയെ സ്വീകാര്യമാക്കി. അതിന്റെ ആദ്യ പടിയായിട്ടാണ് സൗഹൃദസംഗമം സംഘടിപ്പിച്ചത്. അംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണശാലകളുടെ നിലവാരം മനസ്സിലാക്കിയ ശേഷം കൊച്ചിന്‍ ഫുഡിസ്  ജനപ്രിയ ഹോട്ടലിനുള്ള  സര്‍ട്ടിഫിക്കറ്റ് (k - certificate ) നല്‍കി ആദരിക്കും. നല്ല ഭക്ഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അഗതികള്‍ക്കും അനാഥര്‍ക്കും സംരക്ഷണം നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും കൂട്ടിയോജിപ്പിച്ചു മുന്നോട്ട് പോകാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. വയനാട് പോലുള്ള ആദിവാസി ഊരുകളിലേക്ക് ഭക്ഷണം , വസ്ത്രം, പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍  കൂട്ടായ്മയിലൂടെ ശേഖരിച്ച് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.   Read on deshabhimani.com

Related News