AUDIO - "എന്റെ ഉപ്പാപ്പ സ്വാതന്ത്ര്യസമര സേനാനിയായി ജയിലിൽ കഴിഞ്ഞ ആളാണ്‌; ഞാൻ പൗരത്വം തെളിയിക്കണോ?"



ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വ ബില്ല് കൈ ഉയർത്തി അംഗീകരിച്ച ജനപ്രതിനിധികൾ പറയൂ ഞങ്ങൾ ഈ നാട്ടുകാരാണെന്ന് തെളിയിക്കണൊ ? എന്നെ പോലെ ഈ നാട്ടിലെ മുസ്ലിംകൾ എത്ര പേർ പൗരത്വം തെളിയിക്കണം ? എത്ര പേർ നികുതി അടച്ചു രണ്ടാം പൗരൻമാരായി കഴിയണം ? പറയൂ. സ്വാതന്ത്ര്യ സമരസേനാനി എൻ പി അബുവിന്റെ കൊച്ചുമകനും, പത്രപ്രവർത്തകനും നോവലിസ്‌റ്റുമായ എൻ പി മുഹമ്മദിന്റെ മകനുമായ എൻ പി ഹാഫിസ് മുഹമ്മദ് എഴുതുന്നു: ഞാൻ പൗരത്വം തെളിയിക്കണൊ? ഞാൻ എൻ പി ഹാഫിസ് മുഹമ്മദ് കോഴിക്കോട് ജനിച്ചുവളർന്ന വ്യക്തി. ഒരു ഇന്ത്യക്കാരനായ മുസ്ലിം ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു പരമ്പരയുടെ കണ്ണി. എൻറെ ഉപ്പാപ്പയും ഉപ്പാപ്പക്ക് അറിയാവുന്ന പിതാമഹന്മാരും ഇവിടെ ജനിച്ചു വളർന്ന മുസ്ലീങ്ങളാണ്. ഉപ്പാപ്പ സാമ്രാജ്യത്തിനെതിരെ സമരം ചെയ്ത ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പടയാളിയായിരുന്നു. സ്വാതന്ത്രസമര സേനാനിയായി അഭിമാനത്തോടെ ജയിൽ ജീവിതം വരിച്ച ആളാണ് എൻറെ ഉപ്പാപ്പ. പുരോഗമന ആശയങ്ങൾ വച്ചുപുലർത്തിയ കാരണം കൊണ്ട് യാഥാസ്ഥിതികരായ മുസ്ലീങ്ങൾ കാഫറാക്കിയ വ്യക്തിയാണ് എൻറെ ഉപ്പാപ്പ. എന്നിട്ടും എന്റെ ഉപ്പാപ്പ ഇന്ത്യക്കാരനായാണ് മരിച്ചത്. എന്റെ ഉപ്പ തീർത്തും മതേതര ജനാധിപത്യ വിശ്വാസിയായിരുന്നു. മതേതര ജനാധിപത്യത്തിനുവേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്ത വ്യക്തി . ഉപ്പയാണ് മുസ്ലിം ശരീഅത്ത് നിയമങ്ങൾ കാലോചിതമായ പരിഷ്കാരങ്ങളാൽ മാറ്റം വരുത്തണമെന്ന് ആദ്യമായി കേരളത്തിൽ വിളിച്ചു പറഞ്ഞ ആൾ. ഉപ്പയെ യാഥാസ്ഥിതികർ മുസ്ലീം നാമധാരി ആക്കിയിരുന്നു. രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല. ഞാൻ സാമൂഹിക പ്രശ്നങ്ങൾക്ക് എങ്ങനെ ഒരു അധ്യാപകനെന്ന നിലയിലും സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലും പ്രവർത്തിച്ചു എന്നുള്ളത് അതറിയാവുന്നവക്ക് മനസ്സിലായതാണ്. മത നിരപേക്ഷമായ നിലപാട് കൈവിടാതെ ഞാനും ജീവിക്കുന്നു. ഇന്ത്യാ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു. എൻറെ മക്കളും ഇന്ത്യയെ മാതൃ രാജ്യമായി കരുതുന്നു. ഞങ്ങൾ ഇനി ഈ രാജ്യത്തിലെ പൗരത്വം തെളിയിക്കണൊ? ലോകസഭയിലും രാജ്യസഭയിലും പൗരത്വ ബില്ല് കൈ ഉയർത്തി അംഗീകരിച്ച ജനപ്രതിനിധികൾ പറയൂ ഞങ്ങൾ ഈ നാട്ടുകാരാണെന്ന് തെളിയിക്കണൊ ? എന്നെ പോലെ ഈ നാട്ടിലെ മുസ്ലിംകൾ എത്ര പേർ പൗരത്വം തെളിയിക്കണം ? എത്ര പേർ നികുതി അടച്ചു രണ്ടാം പൗരൻമാരായി കഴിയണം ? പറയൂ അങ്ങിനെയാണെങ്കിൽ ഇന്ത്യയുടെ അഖണ്ഡതക്ക് എതിരെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത നിങ്ങളുടെ നേതാക്കൾ അതായത് രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്ന ഗോഡ്സെയെപോലുള്ള ആളുകൾ ഇന്ത്യയുടെ പൗരൻമാരെന്ന് പറഞ്ഞ് അഭിമാനിക്കുവാൻ പറ്റുന്നവരാണോ? എന്റെ ഈ രാജ്യത്ത് ഇപ്പോൾ നിങ്ങൾ നടപ്പിൽ വരുത്താൻ പോകുന്ന ഈ ബില്ല്; ഉച്ചൈസ്തരം വിടുവായിത്തം പറഞ്ഞ് അതിനെ പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സ്മൃതി ഇറാനിയും പ്രജ്ഞാ സിംഗും പറയണം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി, മതനിരപേക്ഷതയ്ക്ക് വേണ്ടി ഭരണഘടനയുടെ പരിശുദ്ധിക്ക് വേണ്ടി നിങ്ങൾ എന്താണ് ചെയ്തത് ഇതുവരെ? നിങ്ങളുടെ പൂർവ്വ പിതാക്കൾ ആരെങ്കിലും ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചിന്തിയിട്ടുണ്ടോ ? നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ഈ നാടിന്റെ അഖണ്ഡതക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇന്ത്യയുടെ ഗോത്ര വർഗക്കാരെയും ആദിവാസികളെയും ബുദ്ധിസ്റ്റുകളെയും കൊന്നൊടുക്കിയ കുടിയേറ്റക്കാരുടെ പിൻമുറക്കാരല്ലെ നിങ്ങൾ ? നിങ്ങൾ ആദ്യം പൗരത്വം തെളിയിക്കൂ എന്നിട്ട് പറയൂ ബാക്കിയുള്ളവർ പൗരത്വം തെളിയിക്കണമെന്ന് . പൊരുതാതെ ഈ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാതെ നിന്ന പലരിൽ ഒരാളാണ് നിങ്ങളും എന്ന് ഓർക്കുക. എന്നാൽ പൊരുതാനും മരിക്കാനും തയ്യാറായ പിൻമുറക്കാരുടെ ചോര ഈ ഞരമ്പുകളിലുമുണ്ടെന്ന് മനസ്സിലാക്കൂ. നാളെ കാലം നിങ്ങളെ ഈ രാജ്യത്തിന്റെ പ്രധാന ശതൃക്കളാക്കി വിധി എഴുതും.. കാത്തിരുന്നു കൊള്ളൂ. കുറച്ചു പേരെ എല്ലാ കാലത്തേക്കും, എല്ലാവരെയും കുറച്ചുകാലത്തേക്കും വഞ്ചിക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വഞ്ചിക്കുവാൻ കഴിയുകയില്ല. നിങ്ങൾ ഈ ഹിറ്റ്ലറൈസേഷൻ പ്രക്രിയ ചെയ്യുമ്പോൾ കാലത്തോട് നാളെ മാപ്പ് പറയേണ്ടി വരും തീർച്ച. Read on deshabhimani.com

Related News