"കിട്ടുന്നതെന്തും ആരോഗ്യ അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ വാര്‍ത്തയാക്കുന്നു; ഇതൊന്നും ഷെയര്‍ ചെയ്ത് കേശവന്‍ മാമന്മാരാകരുത്'



മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തകളെന്ന പേരില്‍ സൃഷ്ടിച്ചുവിടുന്ന അശാസ്ത്രീയ വിവരങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെടാറുള്ളതാണ്. ഇപ്പോള്‍ കോവിഡ് വാക്‌സിന്റെ പേരിലാണ് മനോരമ, മാതൃഭൂമി തുടങ്ങിയ പലമാധ്യമങ്ങളും തെറ്റായ വാര്‍ത്തകള്‍ നിരന്തരം പടച്ചുവിടുന്നത്. ഫൈസറിന്റെ വാക്‌സിനെടുത്തവരില്‍ നിന്നും കോവിഡ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നു, കോവിഡ് വാക്‌സിനെടുത്തവര്‍ ബോധം കെട്ടു വീഴുന്നു-ഇങ്ങനെ കഴിഞ്ഞ ദിവസങ്ങളില്‍ ഈ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളെല്ലാം വ്യാജമാണ്. വാര്‍ത്തകളുടെ പൊള്ളത്തരവും മാധ്യമങ്ങളുടെ ശാസ്ത്രവിരുദ്ധതയും തുറന്നുകാട്ടിക്കൊണ്ടുള്ള ഡോ.മനോജ് വെള്ളനാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ; കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് മാതൃഭൂമിയുടെ ഹെല്‍ത്ത് എക്‌സ്‌പോ കൊച്ചിയില്‍ നടന്നത്. ആരോഗ്യരംഗത്തെ വ്യാജവാര്‍ത്തകളുടെയും ഹെല്‍ത്ത് ടിപ്പുകളുടെയും (Hoax) നിര്‍മ്മിതിയും വിതരണവും അതിനെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളെയും പറ്റി ഒരു മണിക്കൂര്‍ സംസാരിക്കാന്‍ ഇന്‍ഫോ ക്ലിനിക്കിനും ക്ഷണമുണ്ടായിരുന്നു. കേരളത്തില്‍ ആരോഗ്യരംഗത്ത്, മുഖ്യധാരാ മാദ്ധ്യമങ്ങള്‍ വഴി ഏറ്റവുമധികം അശാസ്ത്രീയമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അന്നും മാതൃഭൂമിയുടെ കൈയിലാണ്. ഇക്കാര്യങ്ങള്‍, ചൈനീസ് മുട്ടയുടേത് മുതല്‍ ആത്മാവ് നേരിട്ടു വന്ന് ചികിത്സിക്കുന്ന ടിബറ്റന്‍ വൈദ്യത്തെ വരെ പ്രോത്സാഹിപ്പിച്ച മാതൃഭൂമിയെ പറ്റി ഉദാഹരണസഹിതം അന്നവിടെ പറഞ്ഞത് സംഘാടകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ക്കെതിരെ കാര്യമായ വിമര്‍ശനം ഉള്ളതുകൊണ്ട് തന്നെ ആ പരിപാടി അവര്‍ ഇത്രയും നാളായിട്ടും സംപ്രേഷണം ചെയ്തിട്ടുമില്ല. ചെയ്താലും എഡിറ്റ് ചെയ്യുമെന്നവര്‍ പറയുകയും ചെയ്തതാണ്. അതവരെന്തോ ചെയ്യട്ടെ.. പക്ഷെ, എത്രയൊക്കെ വിമര്‍ശിച്ചാലും പട്ടീടെ കുഴലിലിട്ട വളഞ്ഞ വാലുപോലെ, അശാസ്ത്രീയത കണ്ടാല്‍ അവര്‍ ഇപ്പോഴും വിടില്ല. ഗ്ലൂക്കോസ് തുള്ളി മൂക്കിലിറ്റിച്ച് കൊവിഡിനെ തുരത്താമെന്ന വാര്‍ത്ത നല്‍കുകയും അത് തെറ്റാണെന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിലും അശാസ്ത്രീയമായ ഒരു എക്‌സ്പ്ലനേഷന്‍ എഡിറ്റോറിയല്‍ പേജില്‍ തന്നെ കൊടുത്ത് അവരാ പാരമ്പര്യം കാത്തതാണ്. മാതൃഭൂമി മാത്രമൊന്നുമല്ലാ, മനോരമ, കൗമുദി, ചന്ദ്രിക ഉള്‍പ്പെടെ നിരവധി മുഖ്യധാരാ മാദ്ധ്യമങ്ങള്‍ വഴിയില്‍ നിന്ന് കിട്ടുന്നതെന്തും ആരോഗ്യ അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ യാഥാര്‍ത്ഥ്യവും പരിണിതഫലങ്ങളും എന്താണെന്ന് പോലും അന്വേഷിക്കാതെ 'വാര്‍ത്ത'യാക്കാറുണ്ട്. ഇപ്പോള്‍ ഇവരുടെയെല്ലാം സ്ഥിരം വേട്ടമൃഗം 'കൊവിഡ് വാക്‌സി'നാണ്. രണ്ടു ദിവസം മുമ്പ് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്, 'ഫൈസറിന്റെ വാക്‌സിനെടുത്തവരില്‍ നിന്നും കൊവിഡ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നു' എന്ന്. എത്ര തെറ്റിദ്ധാരണാജനകമായ ഉഡായിപ്പ് സാഹിത്യമാണത്. ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഒരു mRNA വാക്‌സിനാണ്. അതില്‍ കൊവിഡ് വൈറസേയില്ലാ. വൈറസിന്റെ ഒരു ഘടകം മാത്രമേയുള്ളു. അതിന് രോഗം പകര്‍ത്താന്‍ ശേഷിയുമില്ല. പിന്നെങ്ങനെ വാക്‌സിന്‍ രോഗം പടര്‍ത്തും. 'നയിച്ചു തിന്നൂടേടാ..?' എന്ന് പണ്ടാരോ ചോദിച്ചത്, ശരിക്കും ചോദിക്കേണ്ടത് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവരോടാണ്.. ഇന്നിതാ വീണ്ടും. കൂട്ടിന് മനോരമയും ഉണ്ട്. 'US-ല്‍ ഉടനീളം കൊവിഡ് വാക്‌സിനെടുത്തവര്‍ ബോധം കെട്ടു വീഴുന്നു' എന്നാണ് തലക്കെട്ട്. ഒരു നേഴ്‌സ് ബോധരഹിതയായി വീണ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയാണ്. അതില്‍ തന്നെ താഴെ പറയുന്നുണ്ട്, വേദന വരുമ്പോ ബോധക്ഷയമുണ്ടാവുന്ന പ്രശ്‌നമുള്ളയാളാണാ നേഴ്സെന്ന്. പിന്നെ, വായനക്കാര്‍ക്ക് എന്ത് മഹത്തായ സന്ദേശം കൈമാറാനാണ് ബഹുമാന്യ റിപ്പോര്‍ട്ടറേ, താങ്കള്‍ ആ വാര്‍ത്തക്ക് അങ്ങനൊരു തലക്കെട്ട് കൊടുത്തത്? ഇമ്മാതിരി ആള്‍ക്കാരെ ഉപദേശിച്ച് നന്നാക്കാന്‍ ഉദ്ദേശമൊന്നുമില്ല. അതൊന്നും നടക്കൂല്ല. ഈ പോസ്റ്റ് വായിക്കുന്നവരോട് ആകെ പറയാനുള്ളത്, നിങ്ങളിവര്‍ പടച്ചു വിടുന്ന ആരോഗ്യ സംബന്ധമായ 'വാര്‍ത്തകള്‍' വായിക്കുന്നുണ്ടെങ്കില്‍, ആ വായിക്കുന്നത് ലാജോ ജോസിന്റെ ഒരു ക്രൈം ത്രില്ലറോ ടി ഡി രാമകൃഷ്ണന്റെ നോവലധ്യായമോ ആണതെന്ന മുന്‍വിധിയോടെ മാത്രം വായിക്കുക. നല്ല ഭാവനയായിരിക്കും. യാഥാര്‍ത്ഥ്യമൊന്നുമുണ്ടാവില്ല. നല്ലൊരു വായന കിട്ടിയതിന്റെ സന്തോഷത്തില്‍ കൂളായിട്ടിരിക്കുക. അതൊന്നും ഷെയര്‍ ചെയ്ത് സ്വയം കേശവന്‍മാമന്മാര്‍ ആവാതിരിക്കാനുള്ള ജാഗ്രത കാണിക്കുക. എന്നിട്ട് അതെഴുതിയ റിപ്പോര്‍ട്ടര്‍ സാഹിത്യകാരനോട് മനസിലെങ്കിലും ഈ ചോദ്യം ചോദിക്കണം, 'നയിച്ച് തിന്നൂടേ..?'   കഴിഞ്ഞവർഷം ഡിസംബറിലാണ് മാതൃഭൂമിയുടെ ഹെൽത്ത് എക്സ്പോ കൊച്ചിയിൽ നടന്നത്. ആരോഗ്യരംഗത്തെ വ്യാജവാർത്തകളുടെയും ഹെൽത്ത്... Posted by Manoj Vellanad on Sunday, 20 December 2020 Read on deshabhimani.com

Related News