മണിക് സര്‍ക്കാരിന്റ പ്രസംഗം സെന്‍സര്‍ ചെയ്യാന്‍ ഇവിടെ അടിയന്തരാവസ്ഥയാണോ: എം എ ബേബി



കൊച്ചി> ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പ്രസംഗം ദൂരദര്‍ശനും ആകാശവാണിയും സെന്‍സര്‍ ചെയ്യാനാവശ്യപ്പെട്ടത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ നടപടിയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ അവകാശത്തിനു മേലാണ് മോഡി സര്‍ക്കാര്‍ തടയിട്ടിരിക്കുന്നത്. ഇത്തരം അമിതാധികാര നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. പോസ്റ്റ് ചുവടെ സഖാവ് മണിക് സര്‍ക്കാരിന്റെ പ്രസംഗം ദൂരദര്‍ശനും ആകാശവാണിയും സെന്‍സര്‍ ചെയ്യാനാവശ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ നടപടിയാണിത്. ത്രിപുര മുഖ്യമന്ത്രി സഖാവ് മണിക് സര്‍ക്കാര്‍ ഇന്ന് നടത്തിയ സ്വാതന്ത്യ്രദിന പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഗര്‍ത്തല നിലയങ്ങള്‍ വിസമ്മതിച്ചു. പതിവുപോലെ ഇത്തവണയും അദ്ദേഹത്തിന്‍റെ പ്രസംഗം ദൂരദര്‍ശനും ആകാശവാണിയും റെക്കോഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രസംഗം പരിഷ്കരിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സെന്‍സര്‍ഷിപ്പ് ആണിത്. ഒരു മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു മേലാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് കത്രിക വയ്ക്കാന്‍ മുതിര്‍ന്നിരിക്കുന്നത്.  സ്വാതന്ത്യ്രദിനത്തിന് ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ അവകാശത്തിനു മേലാണ് മോദി സര്‍ക്കാര്‍ തടയിട്ടിരിക്കുന്നത്. ആകാശവാണിയുടെയും ദൂരദര്‍ശന്‍റെയും സ്വതന്ത്ര പദവിയെ ഈ സര്‍ക്കാര്‍ പുല്ലുപോലും വകവയ്ക്കുന്നില്ല. സഖാവ് മണിക് സര്‍ക്കാരിന്‍റെ ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള അവകാശത്തെ തടഞ്ഞതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇത്തരം അമിതാധികാര നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.   Read on deshabhimani.com

Related News