"മനോരമേ... ആരാണീ കുട്യോൾടച്ഛൻ'; കുഴൽപ്പണ വാർത്തയിൽ "ദേശീയ പാർട്ടി' യുടെ പേര്‌ മുക്കിയതിനെ പരിഹസിച്ച്‌ എം ബി രാജേഷ്‌



'ദേശീയ പാര്‍ട്ടിയുടെ മൂന്നരക്കോടി തിരഞ്ഞെടുപ്പ് കുഴല്‍പ്പണം കവര്‍ന്നു' വെന്ന മലയാള മനോരമ വാര്‍ത്തയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മറച്ചുവച്ചതിനെ പരിഹസിച്ച് എം ബി രാജേഷ്. പാർട്ടി സിപിഐ എം ആയിരുന്നെങ്കിൽ കഥകൾ, കാർട്ടൂണുകൾ, പരമ്പരകൾ എല്ലാമായി പൊലിപ്പിച്ചേനെ, നിഷ്‌പക്ഷ പത്രമാണെന്നും രാജേഷ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പരിഹസിച്ചു. എം ബി രാജേഷിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം: മലയാള മനോരമയിൽ ഇന്നലേയും ഇന്നും വന്ന രണ്ടുവാർത്തകളാണിത്. വിഷയം ഒരു രാഷ്ട്രീയ പാർട്ടിയുടെ 3.5 കോടിയുടെ കുഴൽപണം ഹൈവേയിൽ വെച്ച് കവർന്നതാണ്. ഏത് പാർട്ടി ? 'ദേശീയ പാർട്ടി' എന്ന് മനോരമ. പല ദേശീയ പാർട്ടികളുണ്ടല്ലോ.ഏതാന്ന് പറ മനോരമേ !ഇതിപ്പോൾ സ: ശിവദാസമേനോൻ പണ്ട് പ്രസംഗങ്ങളിൽ പറയുന്ന നർമ്മം പോലെയാണ്. ചില സ്ത്രീകൾ ബഹുമാനം കൊണ്ട്  ഭർത്താവിൻ്റെ പേര് പറയില്ലത്രേ." കുട്ട്യോൾടഛൻ" എന്നേ പറയു. മനോരമക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്.അതുകൊണ്ട് ' ദേശീയ പാർട്ടി' (കുട്ട്യോൾടഛൻ ) എന്നേ മനോരമ പറയൂ. "കവർച്ചയിൽ അതേ പാർട്ടിയുടെ ജില്ലയിലെ പ്രമുഖൻ ഇടപെട്ടതായി വിവരമുണ്ട് ". അപ്പോൾ മനോരമയുടെ പക്കൽ 'വിവരമുണ്ട്.' പക്ഷേ പറയില്ല!.ഇന്നലെ ഒന്നാം പേജിൽ. ഇന്ന് ഉൾപേജിലേക്ക് വലിച്ചിട്ടുണ്ട്. നാളത്തോടെ അപ്രത്യക്ഷമാവുമായിരിക്കും. വായനക്കാർ എന്ത് മനസ്സിലാക്കണം? അവർക്ക് ഒന്നുറപ്പിക്കാം. പാർട്ടി സി.പി.ഐ.(എം) അല്ല എന്ന്. കാരണം എങ്കിൽ മനോരമ ആഘോഷിച്ചേനെ. അടിച്ചു പൊളിച്ചേനെ. കഥകൾ, കാർട്ടൂണുകൾ, പരമ്പരകൾ എല്ലാമായി പൊലിപ്പിച്ചേനെ. നിഷ്പക്ഷ പത്രമാണ്. ലീഗിൻ്റെ എം.എൽ.ഏ. കക്കൂസ് ക്ലോസറ്റിൽ അമ്പതുലക്ഷം ഒളിപ്പിച്ചത് വിജിലൻസ് പിടിച്ചപ്പോൾ നാറ്റം മാറ്റാൻ മനോരമ ന്യായീകരണ സുഗന്ധലേപനം സ്വന്തം നിലയിൽ പൂശിയത് നമ്മൾ കണ്ടല്ലോ.. വാർത്ത കഴിയുന്നത്ര അമുക്കി പിടിച്ചതും. ലീഗായതു കൊണ്ട് കക്കൂസിൻ്റെ കാർട്ടൂണൊന്നുമില്ല. ഹോ... ഒരു സി.പി.എം നേതാവിൻ്റെ കക്കൂസിലോ മറ്റോ ആയിരുന്നെങ്കിലോ ? എത്ര 'വിഷയ വിദഗ്ദ്ധരെ ' മനോരമ രംഗത്തിറക്കുമായിരുന്നു?എന്തൊക്കെ തറ വേലകൾ കാണിക്കുമായിരുന്നു?. എന്നാലും മനോരമേ ഏതാണ്ടാ ആ 'ദേശീയ പാർട്ടി ?' ഒരു ക്ലൂ തന്നിട്ടുണ്ടല്ലോ എന്ന് മനോരമ." പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയും അന്വേഷണം ആരംഭിച്ചു " എന്ന്. ങേ ! പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയോ? അതേതപ്പാ അത്ര വലിയ ആ സംഘടന?  ഇനി കൂടുതൽ ചോദിക്കരുത്. പ്ലീസ്....  താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം. Read on deshabhimani.com

Related News