"നാൻ പെറ്റ മകൻ' വിദ്യാർഥികളും യുവാക്കളും നാളെയെ സ്നേഹിക്കുന്നവരും കൂട്ടത്തോടെ കാണേണ്ട സിനിമ: എം എ ബേബി



കൊച്ചി> എറണാകുളം മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ജീവിതവും സന്ദേശവും പ്രേമേയമായി ഒരുക്കിയ  ചിത്രമാണ് "നാൻ പെറ്റ മകൻ'. അഭിമന്യുവിനൊപ്പം ഒപ്പം സൈമൺബ്രിട്ടോയുടെ ജീവിതവും സിനിമയിൽ ചിത്രീകരിക്കരിച്ചിട്ടുണ്ട്. സജി പാലമേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഫേസ്ബുക്കിൽ കുറിക്കുന്നതിങ്ങനെ.. “അഭിമന്യു:സഖാവെ, ഞാനൊരു ചോദ്യം ചോദിച്ചോട്ടെ? സഖാവിന് ഇത്രയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും പാർട്ടിയോട് ഒരു വിദ്വേഷവും തോന്നാറില്ലേ? ക്രിസ്റ്റോ: എന്തിന്?തരാവുന്നതെല്ലാം തന്നും ചെയ്യാവുന്നതെല്ലാം ചെയ്തും കൈവെള്ളയിലെന്ന പോലെ ഇങ്ങനെ കൊണ്ടു നടക്കാൻ ഈ പാർടിക്കല്ലാതെ മറ്റാർക്കാടാ കഴിയുക? അഭി: ഒരു ചോദ്യം കൂടി.. സഖാവിനേപ്പോലെ നല്ലൊരു കമ്യൂണിസ്റ്റാവാൻ ഞാനെന്താണ് ചെയ്യേണ്ടത്? ക്രിസ്റ്റോ: ഒരിയ്ക്കൽ ഭക്ഷണം കഴിക്കാൻ ലീന നിന്നെ നിർബന്ധിച്ചപ്പോൾ വിശന്നിരിക്കുന്ന കൂട്ടുകാരുടെ മുഖമല്ലേ നീ ഓർത്തത്.അവർക്ക് കൂടിയുള്ള ഭക്ഷണം കിട്ടിയപ്പോഴല്ലേ നിന്റെ മനസ്സ് നിറഞ്ഞത്. ആ മനസ്സാടാ കമ്യൂണിസം. നീയൊരു ഉത്തമ കമ്യുണിസ്റ്റ് തന്നെയാണെടാ.... “ 'നാൻ പെറ്റ മകൻ' എന്ന സിനിമയിലെ ഒരു രംഗത്തിലെ സംഭാഷണമാണിത്. കമലഹാസന്റെ' അൻപേശിവം' എന്ന സിനിമയിൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം കമ്മ്യൂണിസത്തിനെന്തു പ്രസക്തിയെന്ന ചോദ്യത്തിന് നൽകുന്ന ഉത്തരം 'താജ് മഹൽ എന്നെങ്കിലും തകർന്നു പോയാൽ പ്രേമത്തിന് അതോടെ അർത്ഥമില്ലാതാവുമോ ?' എന്നാണെന്നാണ് ഓർമ. ആ രംഗം പോലെ എന്റെ മനസ്സിൽപതിഞ്ഞുകിടക്കുന്നു , രക്തസാക്ഷിത്വങ്ങൾക്കും തിരിച്ചടികൾക്കുമിടയിലും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന ഒരുകാലത്തെ നാളെയല്ലെങ്കിൽ മറ്റന്നാൾ ഏകലവ്യന്റെയും പ്രൊമിത്യുസിന്റെയും മാർക്സിന്റെയും ലെനിന്റെയും റോസാലക്സംബർഗിന്റെയും ഗ്രാംഷിയുടെയും ചെയുടേയും ഹോചിമിന്റെയും മാവോയുടെയും ക്രിസ് ഹാനിയുടേയും അംബദ്ക്കറുടേയും പി സി ജോഷിയുടേയും പി സുന്ദരയ്യയുടേയും കൃഷ്ണപിള്ളയുടെയും ഈ എം എസ്സിന്റെയും ഏ കെ ജി യുടേയും ജ്യോതി ബാസുവിന്റെയും പിൻമുറക്കാർ വിളിച്ചുണർത്തുക തന്നെചെയ്യുമെന്ന ശുഭാപ്തിവിശ്വാസം പകരുന്ന മുഹൂർത്തമാണത്. അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ജീവിതവും സ ന്ദേശവുമാണീ സിനിമയുടെകേന്ദ്രപ്രമേയം. ഒപ്പം സൈമൺബ്രിട്ടോയുടെ ജീവിതവും മിഴിവോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. തിരക്കഥയെഴുതി സാക്ഷാത്ക്കാരം നിർവഹിച്ച സജി പാലമേൽ അഭിനന്ദനം അർഹിക്കുന്നു. ഒപ്പംസഹകരിച്ചസർവ്വരും. ജോയ് മാത്യു ബ്രിട്ടോയായും മിനോൺ അഭിമന്യുവായും കുറ്റമറ്റ അഭിനയം കാഴ്ചവച്ചു. അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സരയുവും ആണ് ജീവിക്കുന്നത്. മകന്റെ വളർച്ചയിൽ അഭിമാനിക്കുന്ന , ദാരുണമായ നഷ്ടത്തിൽഹൃദയം തകരുന്ന സന്ദർഭങ്ങൾ ജീവിതാവസ്ഥകൾ മാതൃകാപരമായ ഒതുക്കത്തിൽ ആവിഷ്ക്കരിച്ചു. അഭിമന്യുവിന്റ അദ്ധ്യാപികയായി മുത്തുമണി സോമസുന്ദരനും വിദ്യാർത്ഥി ഫെഡറേഷൻ നേതാവായി അനന്ദുവും മികച്ച അഭിനയം കാഴ്ചവച്ചു. ക്യാമറ ഗ്രാമത്തിന്റെ വന്യഭംഗിയും മലനിരകളുടെ ആകാശക്കാഴ്ചകളും നഗരജീവിത സംഘർഷങ്ങളും സൂക്ഷ്മമായി പകർത്തി. വിദ്യാർത്ഥികളും യുവാക്കളും നാളെയെ സ്നേഹിക്കുന്നവരും കൂട്ടത്തോടെ കാണേണ്ടതാണീ സിനിമ. ഇത് കാണാൻ പോകാതിരിക്കുന്നത് സാംസ്ക്കാരികമായ ഒരു അലംഭാവമാണ്. ഗുരുതരമായ അരാഷ്ട്രീയതയും. Read on deshabhimani.com

Related News