കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കൈകോര്‍ക്കാം; ലോട്ടറി ചലഞ്ചിനും വന്‍പിന്തുണ



കൊച്ചി > പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താനും പുനര്‍നിര്‍മിക്കാനുമായി ആരംഭിച്ച നവകേരള ലോട്ടറിക്ക് വന്‍പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോട്ടറി വാങ്ങി ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഭാഗമാകുവാന്‍ അഭ്യര്‍ത്ഥിക്കുന്ന 'ലോട്ടറി ചലഞ്ചും' ശ്രദ്ധേയമായി മാറി. ഡോ.ബി ഇക്‌ബാലാണ് ഇത്തരമൊരു ആശയവുമായി എത്തിയിരിക്കുന്നത്. കേരളത്തിന്റെ പൂനര്‍നിര്‍മിതിക്കായി ആരംഭിച്ച നവകേരള ലോട്ടറി വാങ്ങുകയും സമ്മാനം ലഭിച്ചാല്‍ ആ തുകകൂടി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌തുമാണ് ചലഞ്ചില്‍ പങ്കാളികളാകേണ്ടത്. താന്‍ ഓരോ മാസവും പത്ത് ടിക്കറ്റ് വീതം വാങ്ങാന്‍ തീരുമാനിച്ചതായും ഡോ. ബി ഇക്ബാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്കും രണ്ടാം സമ്മാനം 5000 രൂപ വീതം 100800 പേര്‍ക്കും ലഭിക്കും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാര്‍ക്ക് പുറമെ താല്‍പര്യമുള്ള വ്യക്തികള്‍, സന്നദ്ധ സാംസ്‌കാരിക സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ക്ലബ്ബുകള്‍, സ്‌കൂള്‍ കോളേജ് പിടിഎകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മറ്റ് കൂട്ടായ്‌മകള്‍ എന്നിവര്‍ക്കും നവകേരള ഭാഗ്യക്കുറി വില്‍പനയ്ക്കായി സൗജന്യമായി താല്‍ക്കാലിക ഏജന്‍സി ലഭിക്കും. ടിക്കറ്റിന് 25 ശതമാനം  ഏജന്‍സി കമീഷന്‍ ലഭിക്കും.   Read on deshabhimani.com

Related News