മഹാദുരിത കാലത്തും വിശപ്പറിഞ്ഞില്ല എന്നതു മാത്രം മതി ഇടതുപക്ഷത്തിനൊപ്പം എന്ന് തീരുമാനിക്കുവാൻ: ശാരദക്കുട്ടി



കൊച്ചി> ഈ മഹാദുരിത കാലത്തും ഇവിടെയാരു കുടുംബവും പട്ടിണികിടക്കാതിരുന്നത്‌ ഈ സർക്കാർ ഉത്തരവാദപ്പെട്ട സംവിധാനങ്ങൾ വഴി അന്തസ്സോടെ നൽകിയ പെൻഷനും റേഷനും ചികിത്സയും കൊണ്ടാണ്‌. അഭിമാനത്തോടെയാണ്‌ നമ്മളവ വാങ്ങിയതും. അതൊന്നും കാണാതെ  പട്ടിണിയും അനാരോഗ്യവും തൊഴിലില്ലയ്മയും വരുമാനമില്ലായ്മയും ഒരു പ്രശ്നമേയല്ലെന്നു കാണുന്നവരുടെ കയ്യിലേക്ക് കേരളത്തെ ഇട്ടു കൊടുത്തിട്ട് അയ്യോ തെറ്റിപ്പോയി എന്നു വിലപിച്ചിട്ട് ഒരു കാര്യവുമില്ലെന്ന്‌ എഴുത്തുകാരി ശാരദക്കുട്ടി. ഇടതുപക്ഷം ആണ് ശരിപക്ഷമെന്നും അവർ ഫേസ്‌ബുക്‌ പോസ്‌റ്റിൽ പറഞ്ഞു. പോസ്‌റ്റ്‌ ചുവടെ മഹാരോഗദുരിത കാലത്ത്, പ്രകൃതി ദുരന്തങ്ങൾ നാടിനെ ചുഴറ്റിക്കളിച്ച കാലത്ത്, തൊഴിലില്ലായ്മയും അനാരോഗ്യവും സാധാരണക്കാരുടെ മുന്നോട്ടുള്ള ജീവിതം അസാധ്യമാക്കിയ കാലത്ത്, ഇവിടെ ഒരു കുടുംബവും പട്ടിണി കിടന്നില്ല, അവർക്ക് ചികിത്സ നിഷേധിക്കപ്പെട്ടില്ല, അവർക്കു പെൻഷൻ കൂട്ടിക്കിട്ടി, അവർ വിശപ്പറിഞ്ഞില്ല എന്നതു മാത്രം മതി ഇടതുപക്ഷത്തിനൊപ്പം എന്ന് തീരുമാനിക്കുവാൻ . സൗജന്യമോ ഔദാര്യമോ എന്ന മട്ടിലല്ല, അവകാശമെന്ന മട്ടിൽ തന്നെയാണ്,  ജനാധിപത്യ രീതിയിൽ ക്യൂനിന്നു തന്നെയാണ് നാം ഇതെല്ലാം വാങ്ങുന്നത്. ഒരിടത്തും നിന്ന് ആരും നമുക്കത് എറിഞ്ഞു തരുകയോ തിക്കിയും തിരക്കിയും ചവിട്ടു കൊണ്ടും ചത്തു വീണും നാമത് പിടിച്ചെടുക്കുകയോ അല്ല. സർക്കാരിന്റെ ഉത്തരവാദപ്പെട്ട സംവിധാനങ്ങൾ വഴി അന്തസ്സോടെയാണ്, അഭിമാനത്തോടെയാണ് നമ്മളവ വാങ്ങുന്നത്. പട്ടിണിയും അനാരോഗ്യവും തൊഴിലില്ലയ്മയും വരുമാനമില്ലായ്മയും ഒരു പ്രശ്നമേയല്ലെന്നു കാണുന്നവരെ, മനുഷ്യന്റെ അടിസ്ഥാനവേദനകളെ അവഗണിച്ചു കളയുമെന്നുറപ്പുള്ളവരെ,  അധികാരത്തിലേക്ക് അടുപ്പിക്കുന്ന തരത്തിൽഒരു വാക്കുപോലും ഈ സമയത്ത്  പറയുന്നത് മനുഷ്യത്വരഹിതമാണ്. അവരുടെ കയ്യിലേക്ക് കേരളത്തെ ഇട്ടു കൊടുത്തിട്ട് അയ്യോ തെറ്റിപ്പോയി എന്നു വിലപിച്ചിട്ട് ഒരു കാര്യവുമില്ല.  ഇടതുപക്ഷം ആണ് ശരിപക്ഷം.   Read on deshabhimani.com

Related News