അനക്കമില്ലാതിരുന്ന ഷാജിയുടെ ഫെയ്‌‌സ്‌ബുക്ക് പേജ് വിജിലൻസ് കേസ് വന്നതുമൂതൽ സജീവമായി



കൊച്ചി > കോഴക്കേസിൽ അന്വേഷണം വരുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് വിവാദ പ്രസ്‌താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജി പരിശ്രമിക്കുന്നതെന്ന ആരോപണത്തിന് ബലമേറുന്നു. നിർജീവമായി കിടന്നിരുന്ന ഷാജിയുടെ ഫെയ്‌‌സ്‌ബുക്ക് പേജിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതു മുതലാണ് സജീവമായതെന്ന് തെളിവുകൾ പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുകയോ പോസ്റ്റ് ഇടുകയോ ചെയ്യുന്ന ആളല്ല കെ എം ഷാജി. രാജ്യമാകെ അലയടിച്ച സിഎഎ-എൻആർസി പ്രക്ഷോഭങ്ങളെക്കുറിച്ച്, സമരം ശക്തമായ ജനുവരിയിലും ഫെബ്രുവരിയിലും ഷാജി ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല. ഈ വർഷത്തെ അദ്ദേഹത്തിന്റെ ആദ്യം പോസ്റ്റ് മാർച്ച് 7 നാണ്. അതും സ്വമേധയാ എഴുതിയ ഒരു പോസ്റ്റല്ല. മറിച്ചൊരു പരിപാടിയുടെ വിവരം ഷെയർ ചെയ്‌തു എന്ന് മാത്രം. പിന്നെയും കുറച്ചു ദിവസത്തേക്ക് പോസ്റ്റുകൾ തീരെയില്ല. പിന്നെ ഷാജിയുടെ പോസ്റ്റ് വരുന്നത് മാർച്ച് 16നാണ്. അന്നാണ് ഷാജിക്കെതിരെ ഈ വിജിലൻസ് കേസ് അന്വേഷണത്തിന് സർക്കാർ അനുമതി കൊടുത്തത്. പിന്നീടുള്ള ദിവസങ്ങളിൽ ഷാജിയുടെ ഫെയ്‌‌സ്‌ബുക്ക് പേജിൽ നിന്നും പടിപടിയായി പോസ്റ്റുകൾ വന്നുതുടങ്ങി. ലീഗ് പ്രാദേശിക നേതാവാണ് ഷാജി കോഴ വാങ്ങിയെന്നാരോപിച്ച് ആദ്യം പരാതി നൽകിയത്. പിന്നീട് ജില്ലാ കമ്മിറ്റിക്കും പിന്നീട് സംസ്ഥാന കമ്മിറ്റിക്കും ഷാജിക്കെതിരെ പരാതി നൽകി. എന്നാൽ ആഭ്യന്തര അന്വേഷണം എവിടെയും എത്തിയില്ല. എന്നാൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ 2017ൽ ഷാജിക്കെതിരെ പരാതി നൽകി. ഈ പരാതിയിന്മേലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. 2017 സെപ്തംബർ 17ന് കെ എം ഷാജി തന്റെ ഫെയ്‌സ്‌‌ബുക്ക് പേജിൽ കോഴ ആരോപണത്തെ സംബന്ധിച്ച് പോസ്റ്റ് ചെയ്‌തിരുന്നു. ആ പോസ്റ്റിൽ അഴിമതിക്കെതിരായ ശബ്ദത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ കേസ് വിജിലൻസിനെ ഏൽപ്പിക്കണമെന്നാണ് ഷാജി വെല്ലുവിളിച്ചത്. ഇന്ന് വിജിലൻസ് അന്വേഷണം തുടങ്ങാൻ തീരുമാനിച്ചതോടെ ഈ നിലപാടിൽ നിന്നാണ് ഷാജി മലക്കം മറിഞ്ഞിരിക്കുന്നത്. കേസ് നടപടികൾ കഴിഞ്ഞ കുറേ നാളുകളായി നടന്നുവരികയായിരുന്നു. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തുന്നതിന് അനുമതി തേടി 05/10/2018 ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ സർക്കാരിന് കത്ത് നൽകി. 19/11/2019 ലാണ് നിയമസഭാ സെക്രട്ടറിക്ക് കേസ് എടുക്കാൻ അനുമതി തേടിക്കൊണ്ടുള്ള വിജിലൻസിന്റെ കത്ത് ലഭിക്കുന്നത്. 13/03/2020 ൽ സ്പീക്കറുടെ അനുമതി കിട്ടി. 16/03/2020 ൽ നിയമസഭാ സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. ഇതിന് കൃത്യം ഒരുമാസത്തിന് ശേഷമാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്.   Read on deshabhimani.com

Related News