അതെന്തേ ഭര്‍ത്താവില്‍ നിന്ന് എയിഡ്സ് പകരില്ലേ ടീച്ചറേ ? പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി ഡോക്ടര്‍



കൊച്ചി> പത്താം ക്ലാസ്സിലെ ജീവശാസ്‌ത്രപുസ്തകത്തില്‍ എയിഡ്‌സ്‌ പകരുന്ന മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലെ സാരമായ പിശക് ചൂണ്ടിക്കാട്ടി ഡോക്ടര്‍. എയിഡ്‌സ്‌ പകരുന്നത്‌ വിവാഹപൂര്‍വ്വ/വിവാഹേതര ലൈംഗികതയിലൂടെയെന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിമര്‍ശന വിധേയമാകുന്നത്. 'എയിഡ്‌സ്‌ രോഗിയുടെ രക്‌തം അബദ്ധത്തില്‍ സ്വീകരിച്ചു പോയ ഭര്‍ത്താവില്‍ നിന്നും ഭാര്യക്ക്‌ എയിഡ്‌സ്‌ പകരില്ലേ?'ഡോ. ഷിംന അസീസ്‌ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിയ്ക്കുന്നു. 'സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം' എയിഡ്‌സ്‌ പകരുന്നതിന് ഇടയാക്കും എന്നതിന് പകരമാണ് തെറ്റായ വിവരം പുസ്തകത്തില്‍ ചേര്‍ത്തിരിയ്ക്കുന്നത്> ഡോ. ഷിംന അസീസിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ: Dr.Shimna Azyz പത്താം ക്ലാസ്സിലെ ജീവശാസ്‌ത്രപുസ്തകത്തില്‍ എയിഡ്‌സ്‌ പകരുന്ന മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്ന പേജാണ്‌ ചിത്രത്തില്‍. (മലയാളമെഴുതിയിരിക്കുന്ന പടം എനിക്ക് സുഹൃത്തിന്‍റെ പോസ്റ്റില്‍ നിന്ന് കിട്ടിയതാണ്. ഇംഗ്ലീഷ് എഴുതിയ ചിത്രം നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതും. കഴിഞ്ഞ വര്‍ഷത്തെ എഡിഷന്‍ പാഠപുസ്തകത്തില്‍ ഈ തെറ്റില്ല.) ചിത്രത്തിലെ പിങ്ക്‌ നിറമുള്ള വൃത്തം ശ്രദ്ധിക്കുക. എയിഡ്‌സ്‌ പകരുന്നത്‌ വിവാഹപൂര്‍വ്വ/വിവാഹേതര ലൈംഗികതയിലൂടെയെന്ന്‌ ഏത്‌ ശാസ്‌ത്രത്തിന്റെ അടിത്തറയോടെയാണ്‌ എഴുതിപ്പിടിപ്പിച്ച്‌ വെച്ചിരിക്കുന്നത്‌? 'സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം' എന്നൊരു സൂചന എങ്ങും കണ്ടെത്താനായില്ല. കുട്ടികളില്‍ ശാസ്‌ത്രാവബോധം സൃഷ്‌ടിക്കേണ്ട ടീച്ചര്‍ക്ക്‌ ക്ലാസ്സില്‍ ഉറക്കെ വായിക്കാനുള്ള വേദവാക്യമാണിത്‌...ലജ്ജാവഹം ! AIDS രോഗം പരത്തുന്ന HIV(Human Immunodeficiency Virus) പകരുന്നത്‌ നാല്‌ മാര്‍ഗങ്ങളിലൂടെയാണ്‌. *എയിഡ്‌സ്‌ രോഗിയുടെ ദേഹത്തുപയോഗിച്ച സൂചി പങ്ക്‌ വെക്കുന്നതിലൂടെ *എയിഡ്സ് രോഗിയില്‍ നിന്നുമുള്ള രക്‌തദാനം വഴി *സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം *എയിഡ്‌സ്‌ രോഗിയായ അമ്മയില്‍ നിന്ന്‌ കുഞ്ഞിലേക്ക്‌ എന്റെ ചോദ്യം എയിഡ്‌സ്‌ രോഗിയുടെ രക്‌തം അബദ്ധത്തില്‍ സ്വീകരിച്ചു പോയ ഭര്‍ത്താവില്‍ നിന്നും ഭാര്യക്ക്‌ എയിഡ്‌സ്‌ പകരില്ലേ? പാഠരചയിതാവിന്റെ വീക്ഷണത്തില്‍ അവര്‍ ശരീരം പങ്ക്‌ വെക്കാന്‍ അര്‍ഹതയുള്ളവരാണല്ലോ. ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് ശരീരസ്രവങ്ങള്‍ കലരുന്നത് മാരേജ് സര്‍ട്ടിഫിക്കറ്റ് നോക്കിയിട്ടല്ല. ശരീരസ്രവങ്ങള്‍ കലര്‍ന്നാല്‍ ലൈംഗികരോഗങ്ങള്‍ പകരുക തന്നെ ചെയ്യും. വിവാഹിതരെപ്പോലെത്തന്നെ വിവാഹപൂര്‍വ്വ/വിവാഹേതര/ സ്വവര്‍ഗരതിക്കാരും ജീവിക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. സത്യത്തിനു നേരെ നെറ്റി ചുളിക്കാന്‍ വരട്ടെ, ശരീരസ്രവങ്ങള്‍ കലരാനുള്ള മാര്‍ഗം തന്നെയാണ് അവയെല്ലാം... അടുത്ത ചോദ്യം ബലാല്‍സംഗം ചെയ്യുന്ന പുരുഷനിലെ AIDS പാവം ഇരയുടെ ശരീരത്തിലേക്ക് കയറാതിരിക്കുമോ?ഇത്രയേറെ സദാചാരബോധമുള്ള വൈറസ് ആ നന്മ കൂടി ചെയ്യുമായിരിക്കുമല്ലേ? ബലപ്രയോഗം കാരണം രക്തവാര്‍ച്ചക്ക് ശക്തമായ സാധ്യതയുള്ള കൊടുംക്രൂരതക്കിടെ സ്രവങ്ങള്‍ കലര്‍ന്ന് രോഗം പകരാനുള്ള സാധ്യത കൂടുകയല്ലാതെ കുറയുകയില്ല. തലമുറകളായി ബയോളജി ടെക്സ്റ്റ് ബുക്കിലെ ‘ആ’ പേജുകള്‍ തനിയെ വീട്ടില്‍ നിന്ന് പഠിച്ചു മനസ്സിലാക്കാന്‍ ഉള്ളതാണ്. ടീച്ചര്‍ പഠിപ്പിക്കില്ല, മുക്കിയും മൂളിയും ആ പേജുകള്‍ മറിച്ചു വിടും. കുട്ടികളിലെ ജിജ്ഞാസ അധികരിക്കുകയാണ് ചെയ്യുന്നത്. പത്ത് പൈസ ചെലവില്ലാതെ 4ജി കിട്ടുന്ന നാട്ടില്‍ ടെക്സ്റ്റ് ബുക്കിലെ സുവിശേഷം ദൃശ്യങ്ങളായറിയാന്‍ കഴിവില്ലാത്ത വിഡ്ഢിക്കൂട്ടമല്ല മുന്നില്‍ ഇരിക്കുന്നത് എന്ന് ടെക്സ്റ്റ് ബുക്ക് ഉണ്ടാക്കിയ മഹദ് വ്യക്തിത്വം മനസ്സിലാക്കിയാല്‍ നന്ന്. സയന്‍സ് ടെക്സ്റ്റ് ബുക്ക് പറയേണ്ടത് ശാസ്ത്രമാണ്. വിശപ്പും ദാഹവും പോലെ മനുഷ്യനുള്ള അടിസ്‌ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ലൈംഗികതയും. മറ്റേതൊരു കാര്യം പോലെയും അടുത്ത തലമുറ അറിഞ്ഞിരിക്കേണ്ട ഒന്ന്. അല്ലാതെ, കൃത്യമായി ആ ഒരു പേജ് തള്ളിവിട്ട് അപ്പുറമെടുത്ത് ബീജവും അണ്ഡവും ചേര്‍ന്നാല്‍ കുഞ്ഞുവാവയായി എന്നും പറഞ്ഞു കിതാബ് പൂട്ടുന്നത് കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാണ്‌. അറിവ് കിട്ടേണ്ടിടത്ത് നിന്ന് കിട്ടിയില്ലെങ്കില്‍ കിട്ടുന്നിടം തിരഞ്ഞവര്‍ പോയേക്കാം. കൗമാരത്തിന്‍റെ കൗതുകവും സാഹസികതയും ഉല്‍പതിഷ്ണുതയും നേര്‍വഴിക്കു നയിച്ച് അവരെ ഉത്തമ പൗരന്മാര്‍ ആക്കേണ്ട ധര്‍മം വലിയൊരു പരിധി വരെ അദ്ധ്യാപകരില്‍ തന്നെയാണ്. അതേ കാരണത്താല്‍, വേണ്ടതെല്ലാം വിരല്‍ ഞൊടിച്ചാല്‍ കിട്ടുന്ന പുതിയ തലമുറയുടെ മുന്നിലേക്ക്‌ സുരക്ഷിതമല്ലാത്ത ലൈംഗികത ഉണ്ടാക്കാവുന്ന വിപത്തുകള്‍ പറഞ്ഞു കൊടുക്കേണ്ടത് തോന്നിയ ഇടത്ത് കൊണ്ട് പോയി ചാര്‍ത്തി കൊടുത്തു കൊണ്ടാവരുത്. അത് കൃത്യമായി പറഞ്ഞു കൊടുക്കണം. ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നു എന്ന് നാഴികക്ക് നാല്‍പതു വട്ടം നെടുവീര്‍പ്പിടാന്‍ വരി നില്‍ക്കുന്നവര്‍ ഇത്തരം കതിരില്‍ വളം വെക്കുന്ന പരിപാടികള്‍ കണ്ടില്ലെന്നു നടിക്കരുത്. പഠനം വേരില്‍ നിന്ന് തുടങ്ങണം. തെറ്റ് പഠിച്ചു കൂടാ..പഠിപ്പിച്ചു കൂടാ. ആരുടേയും താല്പര്യത്തിനു വളച്ചൊടിക്കാനുള്ളതല്ല ശാസ്ത്രസത്യങ്ങള്‍. വിവാഹപൂര്‍വ്വ/വിവാഹേതര ലൈംഗികതക്ക് എതിരെ സംസാരിക്കണമെങ്കില്‍ അതിനുള്ള വേദികളിലാകാം. രോഗത്തെക്കുറിച്ച് പഠിക്കുമ്പോള്‍, വസ്തുതകള്‍ മതി... ദയവ്‌ ചെയ്‌ത്‌, ഭാവിതലമുറയുടെ മൂര്‍ദ്ധാവില്‍ കൂടി മണ്ഡരി ബാധിപ്പിക്കരുത്...   Read on deshabhimani.com

Related News