ഭക്ഷണവും മരുന്നും ഉറങ്ങാനിടവും ഇപ്പോൾ കിട്ടുന്ന അവരെ ചിതറിയ്ക്കരുത്. ..ധ്വനി ഷൈനി എഴുതുന്നു



ഭക്ഷണവും മരുന്നും ഉറങ്ങാനിടവും ഇപ്പോൾ കിട്ടുന്ന അവരെ ചിതറിയ്ക്കരുത്. ചികിത്സ കിട്ടാൻ പോലും സൗകര്യമില്ലാത്ത കുഞ്ഞു ഗ്രാമങ്ങളിലേക്ക് കൂടി അണുക്കളെ കൊണ്ടുചെന്ന് അവരുടെയും പ്രിയപ്പെട്ടവരുടെയും ജീവൻ അപകടത്തിലാക്കാൻ സഹായിച്ചുകൊടുക്കരുത്...ധ്വനി ഷൈനി എഴുതുന്നു എന്റെ ജീവിതം കുരുത്തത് ഇരുപത്തിമൂന്നാം വയസ്സിൽ മുംബൈയിലാണെന്ന് തോന്നാറുണ്ട്. രണ്ടുമൂന്നു സർട്ടിഫിക്കറ്റും, മുന്നൂറു രൂപയും, മൂന്നാലു ജോഡി നിറം മങ്ങിയ ഉടുപ്പുമായിരുന്നു കയ്യിലുണ്ടാരുന്നത്. ആരും നിസ്സാരമെന്ന് തള്ളുന്ന അവിടുത്തെ കുഞ്ഞുകാര്യങ്ങളുടെ ഉപ്പും ചൂടും എന്റെ ജീവനിലുണ്ട്. കാൽവിരൽ കുത്താനിടമില്ലാത്ത ലോക്കൽ ട്രെയിനിലെ മീൻചരുവം, മിസൽ കുട്ട, സീറ്റുകീറിയ റിക്ഷകൾ, വാടിയ പച്ചമുളകിനൊപ്പം വറുത്തുകോരിയ സമോസ, പാവ്, മുട്ട, വൈകുന്നേര ചന്തകളിൽ വിരിച്ച വിലകുറഞ്ഞ ഉടുപ്പുകൾ, ചെരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, പാത്രങ്ങൾ, മുഖമോ പേരോ ഇല്ലാത്ത ഒരുപാട് മനുഷ്യർ. രാജ്യത്തെ പന്ത്രണ്ടു കോടിയിലധികം വരുന്ന കുടിയേറ്റ തൊഴിലാളികളിൽ പാതിയും മുംബൈയിലാണ്. ഇതിൽ, വീടില്ലാത്ത രണ്ടര ലക്ഷം പേർക്ക് മാത്രമെങ്കിലും ലോക് ഡൗൺ സമയത്ത് താമസസൗകര്യവും ഭക്ഷണവും കൊടുക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ശ്രമങ്ങൾ ഇത്ര ദിവസമായിട്ടും എങ്ങുമെങ്ങുമെത്തിയിട്ടില്ല. പൊരിവെയിലിൽ, ഡൽഹിയിൽ നിന്നും പൂനയിൽ നിന്നും, മുംബൈയിൽ നിന്നും രാപകൽ വ്യത്യാസമില്ലാതെ, കാലിവയറുമായി, വീടുവീടെന്ന് മൈലുകൾ താണ്ടുന്ന ലക്ഷങ്ങൾക്ക്, അവർ കൊണ്ടുപോകുന്നത് ബാക്കിയായ പ്രാണൻ മാത്രമാവില്ല; അവരുടെ വഴികളും നാടും നശിപ്പിച്ചേക്കാവുന്ന വിത്തുകൾ കൂടിയാവാമെന്ന് തിരിച്ചറിവു പോലുമില്ല. കൊറോണയുടെ പകർച്ച തടയാൻ രാജ്യത്തിനകത്തുതന്നെ പലായനം ഒഴിവാക്കേണ്ടിയിരുന്നത് എത്ര പ്രാധാന്യമുള്ളതായിരുന്നുവെന്ന് ഇറ്റലി നമുക്ക് ഡെമോ തന്നതാണ്. അടഞ്ഞ മുറിയിൽ ഇരിയ്ക്കുമ്പോൾ വീടും മനുഷ്യരെയും മിസ് ചെയ്യുന്ന നമ്മളുള്ളപ്പോൾ, കേരളത്തിലെ ക്യാമ്പിലുള്ള തൊഴിലാളികളുടെ മിച്ചമുള്ള മിടിപ്പ് അവനവന്റെ മണ്ണ്, വീട്, മനുഷ്യർ എന്ന് തന്നെയാവും. അതിനുള്ളതല്ല ഈ സമയമെന്ന് ബോധ്യപ്പെടുത്താനും, അവരെ അലയാൻ വിടാതെ പരിഗണിയ്ക്കാനും ഇത്രയധികം ശ്രമിച്ചത് കേരളത്തിലല്ലാതെ മറ്റെവിടെയാണ്? കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് തുറന്ന ക്യാമ്പുകൾ, ഊട്ടിയ വയറുകൾ എത്രയെന്ന് നോക്കുക. ആത്യന്തികമായി അവർക്ക് അവർ മാത്രം ഉള്ളവരാണ്. അധ്വാനിച്ചാൽ മാത്രം അരവയർ നിറയുന്നവരാണ്. ഈ ഇരുപത്തൊന്നു ദിവസം ജീവിതം നിലച്ചു പോയവരാണ്. അതുകഴിയുമ്പോൾ ഇറങ്ങി അന്നത്തെ ആഹാരം നേടണമെങ്കിൽ ജീവനെങ്കിലും മിച്ചം വേണ്ടവരാണ്. ഭക്ഷണവും മരുന്നും ഉറങ്ങാനിടവും ഇപ്പോൾ കിട്ടുന്ന അവരെ ചിതറിയ്ക്കരുത്. ചികിത്സ കിട്ടാൻ പോലും സൗകര്യമില്ലാത്ത കുഞ്ഞു ഗ്രാമങ്ങളിലേക്ക് കൂടി അണുക്കളെ കൊണ്ടുചെന്ന് അവരുടെയും പ്രിയപ്പെട്ടവരുടെയും ജീവൻ അപകടത്തിലാക്കാൻ സഹായിച്ചുകൊടുക്കരുത്. കോട്ടയം മാത്രമേ അടഞ്ഞിട്ടുള്ളൂ. മിച്ചമുള്ളിടത്ത് അവരെ രണ്ടാഴ്ച ഉണ്ടുറങ്ങാൻ വെറുതെ വിടുക. അതിലും വലിയ ഉപകാരം അവർക്ക് ചെയ്യാൻ കഴിവുള്ളവരാണെങ്കിൽ ഈ ഇരുപത്തൊന്നു ദിവസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവർക്കായി അത് ചെയ്തു കാണിയ്ക്കുക. Read on deshabhimani.com

Related News