പ്രിയപെട്ടവരെ നിങ്ങളുടെ ചേരി ഏതാണ് ..!ജയ്‌ക്ക് സി തോമസ് എഴുതുന്നു



ഗവർണറെ മുൻനിർത്തി വർഗീയചേരിയുടെ കൊടിക്കൂറയുള്ളവർ നടത്തുന്ന ഈ യുദ്ധത്തിൽ നിങ്ങൾ ആർക്കൊപ്പമാണ്..? ലോകമെമ്പാടമുള്ള മനുഷ്യ സമുദായത്തിന്റെ സമര ചരിത്രത്തിലെ ത്രസിപ്പിച്ച ചോദ്യമായി എത്രയോ തവണ ‘നിങ്ങളുടെ ചേരിയേത്’ എന്ന ചുവരെഴുത്തുയർന്നു. കോൺഗ്രസ് നേതൃത്വമായ മുൻ പ്രതിപക്ഷ നേതാവ് ഇന്ന് ഗവർണറോട് പ്രതികരിച്ചത്  ഇന്നത്തെ കത്ത് തള്ളി കളയുന്നു ഇന്നലത്തേതു ഞങ്ങൾ സ്വീകരിക്കുന്നു  എന്ന നിലയിലാണ്, പ്രതിപക്ഷ നേതാവാകട്ടെ വ്യകതി അല്ല ഇഷ്യൂ ബേസ്ഡ് ആണ് ഞങ്ങൾ കോൺഗ്രസ് എന്ന് പ്രഖ്യാപിച്ചും കളഞ്ഞു. അതെ ഭയമാണ് കോൺഗ്രസിന്, അല്ലെങ്കിൽ ഭയം മാത്രമാണ് കോൺഗ്രസിന്  ഗവർണർ ആർഎസ്എസ് ആണെന്ന് വിളിച്ചു പറയാൻ. ആവിണിശേരിയിലെ വീട്ടു വളപ്പിൽ രാത്രി സന്ദർശനം നടത്തി സർസംഘ് ചാലകിനെ തൊഴുതു വണങ്ങിയ കേരള ഗവർണർ സംഘപരിവാർ ശാഖയിലെ കുഴലൂത്തുകാരൻ ആണെന്ന് പറയാൻ കോൺഗ്രസ് നേതൃത്വത്തിനുള്ള ഭയമാണ് ഈ രാജ്യത്തെ വർഗീയ രാഷ്ട്രീയത്തിന്റെ പലപ്പോഴുമുള്ള വിജയം. അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രമെഴുതിയ ഹൊവാഡ് സീന് തന്റെ പ്രസിദ്ധിയാർജ്ജിച്ച ജീവിതകഥയ്ക്കു നൽകിയ തലവാചകം ’യു കാണ്ട് ബി ന്യൂട്രൽ ഓൺ എ മൂവിങ് ട്രെയിൻ’ എന്നതാണ്,സഞ്ചരിക്കുന്ന തീവണ്ടിയിൽ നിങ്ങൾക്ക് നിഷ്പക്ഷനാവാൻ കഴിയില്ല എന്ന്. സാഹിത്യസൃഷ്ടികളുടെ സാമൂഹ്യപക്ഷത്തെ പറ്റിയുള്ളതെങ്കിലും  ഇവിടെയാണ് ‘നിങ്ങളുടെ പക്ഷമേത്’ എന്ന ഇ എം എസ്സിന്റെ പ്രഖ്യാപനം വീണ്ടും പ്രസക്തമാവുന്നത്. നിഷ്പക്ഷമാണ് എന്നതാണ് ‘സ്വീകരിച്ച ഇന്നലത്തെ കത്തും തള്ളിയ ഇന്നത്തെ കത്തും’ വെച്ച് മുൻ പ്രതിപക്ഷ നേതാവും ‘ഗവർണർ എന്ന വ്യക്തി അല്ല'എന്ന് നവനേതാവും നടത്തിയ പ്രതികരണങ്ങളിൽ മുഴച്ചു നിൽക്കുന്നതത്രയും. നിഷ്പക്ഷം അതാണത്രേ..! സച്ചിദാനന്ദൻ ഒരുവേള എഴുതുന്നുണ്ട് ‘കയ്യാലപ്പുറത്തെ തേങ്ങയല്ല എന്റെ നിഷ്പക്ഷത’എന്ന്. അന്തസ്സോടു കൂടെ രാഷ്ട്രീയം പറയാൻ എന്ന് ശീലിക്കും ഇക്കൂട്ടർ എന്നത് ഒരു മില്യൺ ഡോളർ ചോദ്യമായി വീണ്ടും ഒരിക്കൽകൂടി നമുക്കു മുമ്പിൽ ഉയരുകയാണ്. ആഫ്രിക്കൻ ആർച്ച്ബിഷപ് ആയിരുന്ന ഡെസ്മെന്റ് ടുട്ടു ഒരുവേള പറയുന്നുണ്ട് ഈ മെയ്‌വഴക്കമുള്ള, അഴകൊഴമ്പൻ നിഷ്പക്ഷതയെ സംബന്ധിച്ചു. ’ആനയും ഉറുമ്പും തമ്മിലുള്ള സംഘർഷത്തിൽ നിങ്ങൾ നിഷ്പക്ഷനായി മിണ്ടാതെ ഇരിക്കുന്നുവെങ്കിൽ നിങ്ങൾക്കു ആനയുടെ, ബലവാന്റെ ബലത്തെ ഭയമാണ്, നിങ്ങൾ ദുർബലനെ ഒറ്റുകൊടുത്തുള്ള ബലവാന്റെ പക്ഷത്തു തന്നെയാണ്’ അതെ,ഗവർണറെ മുൻനിർത്തിയുള്ള ആർ.എസ്.എസ് യുദ്ധത്തിൽ നമ്മുടെ നാട്ടിലെ കോൺഗ്രസിനു നിഷ്പക്ഷതയാണ്, നിശബ്ദതയാണ്. ഭൂരിപക്ഷ മതവർഗീയതയുടെ മുൻപിൽ മതനിരപേക്ഷ ചേരിയെ ഒറ്റുകൊടുക്കുന്ന,ബലവാന്റെ ബലത്തെ ഭയന്ന് കൊണ്ടുള്ള ആ ക്രൂരമായ ‘വർഗീയ പക്ഷപാതിത്വം’ നിറഞ്ഞ സെലെക്ടിവ് നിഷ്പക്ഷത. സ്വന്തം മുഖപത്രമായ ‘വീക്ഷണ’ത്തെ രാജ്‌ഭവന്റെ പുറത്തു നിർത്തിയിട്ടും അത് വ്യക്തിയുടെ പ്രശ്നമല്ല എന്നും, രാജ്ഭവനിൽ നുരഞ്ഞു പതയുന്ന ‘സംഘ്’രാജാണ് എന്നും വിളിച്ചു പറയുവാൻ നാവു പൊങ്ങാത്തത് എന്തുകൊണ്ടാണ് ..?       കേരള പത്രപ്രവർത്തക യൂണിയന്റെ പ്രസ്താവന അച്ചടിച്ച കടലാസിന്റെ വിലയെങ്കിലുമുള്ള അന്തസ്സ് കോൺഗ്രസിന്റെ നേതാക്കളുടെ പ്രസ്താവനയ്ക്ക് ഇല്ലാതെ പോയത് എന്തുകൊണ്ടാണ് ..? കുപ്രസിദ്ധിയാർജിച്ചതും ചരിത്രപരവുമായ നരസിംഹ റാവുവിന്റെ,വ്യക്തിക്കപ്പുറമുള്ള ആ രാഷ്ട്രീയ മൗനം,ആ നിഷ്പക്ഷത,അതിന്റെ ആവർത്തനം,അതിനുമപ്പുറം യാതൊന്നുമില്ല തന്നെ. പക്ഷെ സംഘവും,കേരളത്തിന്റെ മതനിരപേക്ഷ ചേരിയുമുള്ള ഈ ഏറ്റുമുട്ടലിൽ അന്തസുള്ള കേരളത്തിന്റെ മുഴുവൻ മനുഷ്യർക്കും ഇന്ന് അണിനിരക്കാൻ കഴിയുന്ന,ചൂണ്ടിക്കാട്ടാൻ കഴിയുന്ന ഒരു പക്ഷമുണ്ട് അതിനൊരു ശബ്ദവുമുണ്ട്. ഇന്നലത്തെയും, ഇന്നത്തെയും കത്തുകളിൽ അവസാനിക്കാത്ത, വ്യകതി വഴി രാഷ്ട്രീയത്തെ വിഴുങ്ങാതെ ആ നിലപാടിന്റെ കൊടിക്കൂറ ഉയർന്നുപാറുന്നുണ്ട്, ‘ഭരണഘടനയ്ക്കു അപ്പുറം ഒരിഞ്ച്‌, അതെ ഒരിഞ്ചു കടക്കാമെന്നു ആരും വ്യമോഹിക്കേണ്ട’ എന്നുള്ള വാചകങ്ങളി, ത്രസിച്ചുയരുന്നുണ്ട് അവിടെ മതനിരപേക്ഷ ചേരിയുടെ കേരളീയ കരുത്ത്‌. Read on deshabhimani.com

Related News