മുക്കത്തെ ഗെയില്‍ വിരുദ്ധ സമരത്തിന്റെ മറവില്‍ 'ചിത്രവധവുമായി' ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും



കോഴിക്കോട് >  ഗെയിലിന്റെ നിര്‍ദിഷ്ട കൊച്ചി-മംഗളൂരു  വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന അക്രമവും പൊലീസ് നടപടിയും സംബന്ധിച്ച് വ്യാജപ്രചാരണവും ചിത്രവധവുമായി ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും. മുക്കത്ത് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവര്‍ എന്ന രീതിയില്‍ ചില പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വ്യാജ ചിത്രങ്ങള്‍ നല്‍കി വാര്‍ത്ത നല്‍കിയത്. ലാത്തിചാര്‍ജില്‍ പരിക്കേറ്റവര്‍ എന്ന രീതിയില്‍ നല്‍കിയ ചിത്രങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക്‌വയ്ക്കുകയും ചെയ്തു. ജമാ അത്തെ ഇസ്ളാമി പോലുള്ള ചില സംഘടന പ്രവര്‍ത്തകരും കലാപം സൃഷ്ടിക്കാന്‍ എന്ന ഗൂഢലക്ഷ്യത്തോടെ ചിത്രങ്ങള്‍ വന്‍ തോതില്‍ പ്രചരിപ്പിച്ചു. ജിയോ ബ്ളാസ്റ്റ് എന്ന പേരില്‍ ഇന്നലെ വാട്സാപ്പില്‍ ലഭിച്ച ചില ചിത്രങ്ങളാണ് മുക്കത്ത് പരിക്കേറ്റവര്‍ എന്ന രീതിയില്‍ പ്രചരിച്ചത്. ജിയോ ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റവര്‍ എന്ന രീതിയില്‍ വാട്സാപ്പിലും മറ്റും പ്രചരിച്ച ചിത്രങ്ങളാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തയ്ക്കൊപ്പം നല്‍കിയത്. ജിയോ ബ്ളാസ്റ്റ് ചിത്രങ്ങളും വ്യാജമാണോ എന്നും തിരിച്ചറിഞ്ഞിട്ടില്ല. ഗെയിലിന്റെ നിര്‍ദിഷ്ട കൊച്ചി-മംഗളൂരു  വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയാണ് ബുധനാഴ്ച  എരഞ്ഞിമാവില്‍  ഗെയില്‍ വിരുദ്ധ സമരത്തിന്റെ മറവില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത് . ഗെയില്‍ ഉദ്യോഗസ്ഥരെ തടയാനെന്ന പേരില്‍ റോഡില്‍ മരങ്ങളും ടയറുകളും കൂട്ടിയിട്ട് തീയിട്ട സമരക്കാര്‍ പരക്കെഭീതിപരത്തി. രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. പൊലീസിനുനേരെയും അക്രമമുണ്ടായി. ഗെയില്‍ അധികൃതരുടെ വാഹനങ്ങളും തകര്‍ത്തു. അക്രമം തടയാന്‍ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമത്തിനുപിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നാണ്  പൊലീസ് വിലയിരുത്തല്‍. മലപ്പുറത്തുനിന്നുവരെ അക്രമണത്തിനായി ആളുകളെത്തിയിരുന്നു. മലപ്പുറത്തെ ചില സംഘടനകളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാജചിത്രങ്ങള്‍ ഉപയോഗിച്ചും കലാപത്തിനായി പ്രചാരണം നടന്നത്. Read on deshabhimani.com

Related News