ശ്രീധരന്‍പിള്ളയെ കണ്ടാല്‍ താന്‍ ബിജെപി അംഗമാകുമോ? വ്യാജപ്രചരണത്തിനെതിരെ പുരോഹിതന്‍



കൊച്ചി > തന്നെ 'ബിജെപി അംഗമാക്കിയ' വാര്‍ത്തകള്‍ക്കെതിരെ ഫാ. മാത്യു മണവത്ത്. താന്‍ ഒരു രാഷ്‌ട്രീയപാര്‍ടിയിലും അംഗമല്ലെന്നും അഭ്യൂഹങ്ങള്‍ പടച്ചുവിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഎസ് ശ്രീധരന്‍പിള്ളയുടെയും ബിജെപി കേരളയുടെയും ഫേസ്‌ബുക്ക് പേജുകളിലാണ് കോട്ടയത്തെ അഞ്ച് പുരോഹിതര്‍ ബിജെപി അംഗത്വം എടുത്തെന്ന പോസ്്റ്റ് വന്നത്. ഇതിനു പിന്നാലെയാണ് ഫാ.മാത്യു മണവത്തിന്റെ വിശദീകരണം. തന്റെ സ്വദേശമായ മാലത്തെ ഒരു യുവാവിന്റെ മൃതദേഹം സൗദിയില്‍ നിന്നും നാട്ടിലെത്തിക്കുന്നതിന് വേണ്ട സഹായങ്ങള്‍ക്ക് വേണ്ടി ആ കുടുംബത്തോടൊപ്പം ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇതേ ആവശ്യമുന്നയിച്ച് ജോസ് കെ മാണി എം പിയെയും സന്ദര്‍ശിച്ച കാര്യവും ഫാ.മാത്യൂ മണവത്ത് ഫേസ്‌ബുക്കില്‍ സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ രാഷ്‌ട്രീയപാര്‍ടി നേതാക്കളുമായും നല്ലബന്ധമുണ്ടെന്നും ശ്രീധരന്‍ പിള്ളയെ കണ്ടാല്‍ പാര്‍ട്ടി അംഗമാവുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. തന്റെ പേര് നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച അദ്ദേഹം ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയുടെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം ഉപയോഗിച്ചാണ് അംഗത്വ അവകാശവാദത്തിനെതിരെ രംഗത്ത് വന്നത്.  തട്ടിപ്പ് പൊളിഞ്ഞതോടെ ഫേസ്‌ബുക്ക് പേജില്‍ ബിജെപി തിരുത്ത് നടത്തിയിരുന്നു. ആദ്യം അഞ്ച് പുരോഹിതര്‍ ബി ജെ പിയില്‍ എന്ന് പറഞ്ഞതില്‍ നിന്ന് എണ്ണവും പേരുകളും ഒഴിവാക്കിയാണ് പിന്നീട്ട് പോസ്റ്റ് ചെയ്‌തത്. ആ പേജിന്റെ എഡിറ്റിംഗ് ഹിസ്റ്ററി പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്.  Read on deshabhimani.com

Related News