കണ്ണൂര്‍ വിമാനത്താവളത്തിന്റെ വ്യാജചിത്രവുമായി മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍; നാണംകെട്ട് നീക്കി



കൊച്ചി> കണ്ണൂര്‍ വിമാനത്താവളം എന്ന പേരില്‍ സ്കോ‌ട്‌ലാന്‍ഡിലെ വിമാനത്താവളത്തിന്റെ ചിത്രവുമായി മുഖ്യമന്ത്രിയുടെ വ്യാജപ്രചാരണം പൊളിച്ചടുക്കി  സോഷ്യല്‍ മീഡിയ. ഒടുവില്‍ നാണംകെട്ട മുഖ്യമന്ത്രി പോസ്റ്റ് നീക്കി. സ്വന്തം ഔദ്യോഗിക ഫേസ്ബുക്കിലാണ് വ്യാജചിത്രവുമായുള്ള വിമാനത്താവള വാര്‍ത്ത മുഖ്യമന്ത്രി ഷെയര്‍ ചെയ്തത്. ചിത്രം ഏത് വിമാനത്താവളത്തിന്റേതാണെന്ന് വ്യക്തമാക്കി പോസ്റ്റിനു താഴെ കമന്റുകള്‍ നിറഞ്ഞിട്ടും മുഖ്യമന്ത്രി ചിത്രം മാറ്റിയത് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ്. കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര സര്‍വ്വീസിന് സജ്ജമായി എന്ന വ്യാജ വാര്‍ത്തയ്ക്കൊപ്പമാണ് ലൂവിസ് ദ്വീപിലെ സ്റ്റോണോവേ വിമാനത്താവളത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. യഥാര്‍ത്ഥ ചിത്രം കണ്ടെത്തി മാധ്യമപ്രവര്‍ത്തകരടക്കം നാട്ടിലും വിദേശത്തുമുള്ള പലരും കമന്റുകള്‍ ചേര്‍ത്തിട്ടും മുഖ്യമന്ത്രി വ്യാജവാര്‍ത്ത മാറ്റിയിരുന്നില്ല. വ്യാഴാഴ്ച ഇട്ട പോസ്റ്റ് നീക്കിയത് വെള്ളിയാഴ്ച ഉച്ചയോടെ മാത്രം– 13 മണിക്കൂറുകള്‍ക്ക് ശേഷം. നേരത്തെ കേരളം കാത്തിരുന്ന തീരദേശ പദ്ധതി എന്നപേരില്‍ ലക്ഷദ്വീപ് കപ്പലിന്റെ ചിത്രം കൊടുത്തതും വിവാദമായിരുന്നു. ലക്ഷദ്വീപിലേക്ക് ആഴ്ചയില്‍ രണ്ടുവട്ടം സര്‍വീസ് നടത്തുന്ന എം വി അമിന്‍ ദിവി കപ്പലിന്റെ ചിത്രമാണ് വ്യാജപ്രചാരണത്തിനു ഉപയോഗിച്ചത്.   Read on deshabhimani.com

Related News