ഡിവൈഎഫ്ഐയുടെ ഇ മെയില്‍ ക്യാമ്പയിനു ഐടി മേഖലയില്‍ നല്ല പ്രതികരണം



കൊച്ചി> രാജ്യത്ത് ഐടിഐടി അനുബന്ധ മേഖലകളിലെ ജീവനക്കാള്‍ അനുഭവിക്കുന്ന തൊഴില്‍ ചൂഷണത്തിനും അരക്ഷിതാവസ്ഥയ്ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തുന്ന ഇ മെയില്‍ ക്യാമ്പയിനു ഐടി മേഖലയില്‍ നല്ല പ്രതികരണം. ഒപ്പം ഈ രംഗത്തെ മറ്റ് പ്രശ്നങ്ങളില്‍ കൂടി ഡിവൈഎഫ്ഐയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നു. ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനൂപ് വര്‍ഗീസ് കുരിയപ്പുറം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനു എഴുതിയ തുറന്ന കത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഡിവൈഎഫ്ഐയില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ വ്യക്തമാക്കുന്നു. പ്രിയപ്പെട്ട ശ്രീ മുഹമ്മദ് റിയാസ്, #JusticeforRasilaRaju എന്ന പേരില്‍ താങ്കള്‍ പ്രതിനിധീകരിക്കുന്ന യുവ ജന സംഘടനയുടെ കാമ്പയിന്‍ ശ്രദ്ധയില്‍പ്പെട്ടു . ആദ്യമായാണ് ഒരു മുഖ്യ ധാര യുവജന പ്രസ്ഥാനം ഐ ടി മേഖലയിലെ വിഷയങ്ങള്‍ ഉയര്‍ത്തിയത് ശ്രദ്ധയില്‍ പ്പെട്ടത്. പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. ഐ ടി ജീവനക്കാരുടെ തൊഴില്‍ സുരക്ഷ എന്ന വിഷയം ഏറ്റെടുത്തിരുക്കന്നത് ഐ ടി രംഗത്ത് ജോലി ചെയ്യുന്ന ഏറെയും യുവജനങ്ങള്‍ ആയതു കൊണ്ടാണ് എന്നതും ശ്രദ്ധിച്ചു. ഐ ടി രംഗത്തെ തൊഴില്‍ സുരക്ഷ എന്നത് ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. സുരക്ഷ എന്നത് ഭൗതികമായ സുരക്ഷ എന്ന രീതിയിലാണ് ഏറെയും പറഞ്ഞു കണ്ടത്. റസീലയുടെ ഏറെ നിഷ്ടൂരമായ കൊലപാതകം ഭൗതികമായ സുരക്ഷക്കുറവിനെ ഏറെ വരച്ചു കാട്ടുന്നുമുണ്ട് . പ്രധാനമായ മറ്റൊരു സുരക്ഷക്കുറവിനെപ്പറ്റി പറയാനാണ് ഈ പോസ്റ്റ്. . ഐ ടി രംഗം ഏറെ തൊഴില്‍ നല്‍കുന്ന വ്യവസായം എന്ന രീതിയില്‍ ഏകദേശം ഇരുപത്തി അഞ്ചു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. ഐ ടി രംഗത്ത് ഒരു ജീവനക്കാരന് അവന്റെ ജീവിത നിര്‍ദ്ധാരണത്തിനു വേണ്ട കാലഘട്ടം ജോലി ചെയ്യാന്‍ സാധിക്കുമോ എന്നത് ഇന്നും ഒരു ചോദ്യമായി അവശേഷിക്കുന്നു. ഒരു പതിനഞ്ചു വര്‍ഷം സേവനത്തിനു ശേഷം വയസു നാല്പതു പോലും തികയാതെ ജോലി ഉപേക്ഷിക്കേണ്ടി വന്നവരോ, പറഞ്ഞയക്കപ്പെട്ടവരോ ആയ നിരവധി ആളുകളെ കണ്ടതിനു ശേഷം മനസ്സില്‍ ഉയര്‍ന്ന ചില ആശയങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ചുരുക്കം ചിലര്‍ വിദേശത്തും സ്വദേശത്തും നല്ല രീതിയില്‍ ധന സമ്പാദനം നടത്തി എന്നതും, പത്രങ്ങളും ദൃശ്യശ്രവ്യ മാധ്യമങ്ങളും ഉണ്ടാക്കി തന്ന ഒരു വിചിത്ര പരിവേഷവും ഞങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമൂഹത്തിനു തടസം ഉണ്ടാക്കുന്നു എന്നതും ഞങ്ങള്‍ അറിയുന്നു. . തൊഴില്‍ പരിചയം കൂടുന്തോറും, ആവശ്യം പലപ്പോഴും കുറഞ്ഞു വരുന്ന ഒരു രീതിയാണ് പൊതുവെ കാണാറുള്ളത്. ചുരുക്കം ചിലര്‍ അതീവ സാങ്കേതിക വിദഗ്ധരോ , ഉന്നത മാനേജുമെന്റ് വിദഗ്ധരോ ആകുന്നു എന്നത് കാണാതിരിക്കുന്നില്ല. പക്ഷേ ഭൂരിപക്ഷത്തിന്റെയും കഴിവും,പ്രകടനവും, അവരുടെ ആവശ്യവും യൗവനത്തിന്റെ മങ്ങലിനൊപ്പം മങ്ങി തുടങ്ങും.കൂടാതെ ആഗോള പ്രശ്നങ്ങളും, മാന്ദ്യങ്ങളും എല്ലാം ഭീമമായ തൊഴില്‍ നഷ്ടങ്ങളും, പിരിച്ചു വിടലുകളും സൃഷ്ടിക്കാറുണ്ട്. ഒരു കുടുംബവും, കുട്ടികളും ,ലോണുകളും ,അത്യാവശ്യം ജീവിത ശൈലീ തൊഴില്‍ ജന്യ രോഗങ്ങളും ആകുമ്പോള്‍ തൊഴില്‍ രഹിതനായി, വേറെ പ്രാവീണ്യങ്ങള്‍ ഇല്ലാത്തവനായി, വരുമാനം നിലച്ചവനായി മാറുന്നതില്‍ വലിയ ഒരു ജീവിതം വൈഷമ്യമുണ്ട്. ഇത്രകാലം ജോലി ചെയ്തു കുടുംബം പോറ്റിയവന്‍, നികുതി അടച്ചവന്‍, യൗവനത്തില്‍ തന്നെ ഒന്നുമല്ലാതാകുന്നത് ശരിയാണോ?. അതില്‍ ഒരു നീതികേടില്ലേ ?. എല്ലാവര്ക്കും ഈ തൊഴില്‍ നഷ്ട സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുമോ?.. . വ്യക്തി പരമായ പരിഹാരം പലതുമുണ്ടായേക്കാം, ചിലര്‍ പശു വളര്‍ത്തല്‍ പഠിക്ക് എന്നും മറ്റും ഉപദേശിക്കാറുണ്ട്. എന്താണ് സാമൂഹ്യമായ പരിഹാരം? .. തൊഴില്‍ ഇല്ലായ്മ വേതനം, കുടുംബത്തിനും വ്യക്തിക്കുമുള്ള സാമൂഹ്യ സുരക്ഷ എന്നിവ വെറും ചടങ്ങിന് നിലനില്‍ക്കുന്ന നാട്ടില്‍ സാമൂഹ്യമായ പരിഹാരം ചര്‍ച്ചയാകണ്ടേ ?. . ജോലിചെയ്യുന്ന കാലഘട്ടത്തില്‍ ഉയര്‍ന്ന വരുമാന നികുതി കൊടുക്കുന്ന ഈ വിഭാഗത്തിന്റെ ഒരു ഭാഗം വരുമാന നികുതി,ഐ ടി കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതിയിലെ ഒരു ഭാഗം, കമ്പനികളുടെ ലാഭത്തിന്റെ ഒരു ഭാഗം എന്നിവ ചേര്‍ത്ത് ഒരു കോര്‍പസ് ഫണ്ട് ആക്കി. തൊഴില്‍ നഷ്ടപ്പെടുന്നവരും വരുമാനം ഇല്ലാത്തവരും ആയ ആളുകളെ സഹായിക്കാന്‍ കഴിയില്ലേ ?.. . പുതുതായി ഒന്നും ചെയ്തില്ലെങ്കില്‍ കൂടി എംപ്ലോയീ പെന്‍ഷന്‍ സ്‌കീം ( പി എഫ് വഴിയുള്ള പെന്‍ഷന്‍ ), ഐ ടി അനുബന്ധ മേഖലയില്‍ നാല്‍പതു വയസിനു ശേഷം കൊടുക്കാന്‍ വ്യവസ്ഥ ചെയ്യാന്‍ സാധിക്കില്ലേ ?.. . തൊഴില്‍ നഷ്ടത്തിനെതിരെ ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ ആലോചിക്കാന്‍ പറ്റില്ലേ?, . ഏറ്റവും കുറഞ്ഞത് ഒരു ക്ഷേമനിധി ബോര്‍ഡ് രൂപവല്‍ക്കരിക്കാന്‍ സാധിക്കില്ലേ ? . ഈ ചോദ്യങ്ങളെല്ലാം ചില ആശയ സ്പുരണങ്ങള്‍ മാത്രമാണ്.. തുടര്‍ ചര്‍ച്ചകളിലും , തങ്ങളുടെ സംഘടന അയക്കുന്ന ഇ മെയ്‌ലിലും ഈ ആശയങ്ങളുടെ അലയൊലികളും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതിനു നന്ദി .. താങ്കളുടെ സംഘടനയുടെ ഇമെയില്‍ കാമ്പയിനില്‍ പങ്കെടുക്കുമെന്ന് ഉറപ്പു പറഞ്ഞു കൊണ്ട് . ഞാനടക്കം പലര്‍ക്കും വേണ്ടി ഏറെ സ്നേഹത്തോടെ , അനൂപ് വര്‍ഗീസ് കുരിയപ്പുറം Read on deshabhimani.com

Related News