ബിജെപി പറ്റിപ്പിന്റെ പുതിയ പതിപ്പാണ് ദ്രൗപതി മുർമു... അഡ്വ. കെ സോമപ്രസാദ് എഴുതുന്നു



'മതേതര ഇന്ത്യ' എന്ന ഭരണഘടനാ തത്വത്തിനു പകരം 'ഹിന്ദുത്വ ഇന്ത്യ' എന്ന മാനസിക നിലയിലേക്ക് എത്തിക്കണമെങ്കിൽ ജനസംഖ്യയിൽ 25 ശതമാനത്തിലധികം വരുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ ആർഎസ്എസിന്റെ കുടക്കീഴിലാക്കണം. നാനാ മേഖലയിലും ദ്രോഹവും ദോഷവും മാത്രം സംഭാവന ചെയ്യുന്ന ബിജെപി ഇന്ത്യാ യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ഗോത്രവനിതയെ നിർത്തുന്നത് പറ്റിപ്പിന്റെ പുതിയ പതിപ്പാണെന്ന തിരിച്ചറിവ് ദലിതർക്കുണ്ടാവണം-അഡ്വ. കെ സോമപ്രസാദ് എഴുതുന്നു പികെഎസിന്റെ രാഷ്‌ട്രീയ നിരീക്ഷണങ്ങൾ  ശരിവയ്‌ക്കുന്നതാണ് ഒഡീഷയിൽ നിന്നുമുളള ഗോത്രവർഗ്ഗക്കാരി ശ്രീമതി ദ്രൗപതി മുർമുവിന്റെ ഇന്ത്യാ യൂണിയൻ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ ബി ജെ പി യുടെ സ്ഥാനാർത്ഥിത്വം. ആർഎസ്എസിന്റെ "ഹിന്ദുത്വ രാഷ്‌ട്ര സ്ഥാപനം" എന്ന സ്വപ്‌നം യാഥാർത്ഥ്യമാകണമെങ്കിൽ രണ്ടു കാര്യങ്ങൾ അതിനു മുന്നോടിയായി നടക്കണം. 1. ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിപക്ഷത്തിനെ തങ്ങൾക്കനുകൂലമായി അണിനിരത്താനാവണം. (ഇപ്പോഴും അതിനു കഴിഞ്ഞിട്ടില്ല).  2. മത ന്യൂനപക്ഷത്തിനെതിരെ,വിശിഷ്യാ മുസ്ലീമിനെതിരെ ഭൂരിപക്ഷം ഹിന്ദുക്കളുടെ മതപരമായ എതിർപ്പ് ശക്തിപ്പെടുത്തി 'മതേതര ഇന്ത്യ' എന്ന ഭരണഘടനാ തത്വത്തിനു പകരം 'ഹിന്ദുത്വ ഇന്ത്യ' എന്ന മാനസിക നിലയിലേക്കെത്തിക്കുകയെന്ന കടമ. (ഇക്കാര്യവും ബിജെപി ആഗ്രഹിക്കുന്ന അളവിൽ ഉണ്ടായിട്ടില്ല) ഇതു രണ്ടും നടക്കണമെങ്കിൽ ജനസംഖ്യയിൽ 25 ശതമാനത്തിലധികം വരുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ ആർഎസ്എസിന്റെ കുടക്കീഴിലാക്കണം. അതിനു വേണ്ടി ആർഎസ്എസ് ഏത് അടവും പ്രയോഗിക്കുമെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതിക്കാരനെയും പട്ടികവർഗ്ഗക്കാരിയെയും കൊണ്ടുവരുന്നത്. പ്രസിഡന്റിന്റെ കസേരയിൽ ഒരു പട്ടികജാതിക്കാരനെ ബിംബമാക്കി പ്രതിഷ്ഠിച്ചു കൊണ്ടാണല്ലൊ സമീപ വർഷങ്ങളിൽ കൊടിയ ദലിത് പീഢനങ്ങൾ അരങ്ങേറിയത്. ഇന്ത്യയിൽ ഏറ്റവുമധികം ദലിതർ പീഡിപ്പിക്കപ്പെട്ടത് പോയ ഏഴു വർഷങ്ങളിലാണ്. മുൻകാലങ്ങളേക്കാൾ 90 ശതമാനം കണ്ട് വർദ്ധിപ്പിച്ചു. ദലിത് പെൺകുട്ടികളുടെ മാനത്തിന് യാതൊരു വിലയുമില്ലാതായി. ബലാൽസംഗങ്ങളും കൊലപാതകങ്ങളും തുടർക്കഥകളായി. കേന്ദ്രത്തിലെ ബിജെപി സർക്കാരാകട്ടെ SCP/TSP നിർത്തലാക്കി. രണ്ടര ലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ള ദലിത് രക്ഷകർത്താക്കളുടെ മക്കൾക്ക് ഒരു വിദ്യാഭ്യാസ സാമ്പത്തിക സഹായങ്ങളുമില്ല. 100 ദിവസം ജോലിയുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്കു പോലും വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിലധികംവരും. തൊഴിൽ സംവരണമുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സംവരണമില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളായി വിറ്റുതുലച്ചു. കേന്ദ്ര ബഡ്‌ജറ്റിൽ എല്ലാ വർഷവും എസ്‌സി‌/എസ്‌ടി വിഹിതം വെട്ടിക്കുറക്കപ്പെടുന്നു. നാനാ മേഖലയിലും ദ്രോഹവും ദോഷവും മാത്രം സംഭാവന ചെയ്യുന്ന ബിജെപി ഇന്ത്യാ യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ഗോത്രവനിതയെ നിർത്തുന്നത് പറ്റിപ്പിന്റെ പുതിയ പതിപ്പാണെന്ന തിരിച്ചറിവ് ദലിതർക്കുണ്ടാവണം. അഡ്വ. കെ സോമപ്രസാദ് (മുൻ എംപി, പികെഎസ് സംസ്ഥാന സെക്രട്ടറി)   Read on deshabhimani.com

Related News