കേരളം പാപ്പരാവുകയല്ല; നവകേരളമായി മാറുകയാണ്- മനോരമയ്ക്ക് തോമസ് ഐസകിന്റെ മറുപടി



“നാടെങ്ങും ചോദ്യം: നമ്മൾ പാപ്പരാവുമോ! “... എന്ന പേരിൽ മലയാള മനോരണയുടെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ബിസിനസ് ലേഖനത്തിന് മറുപടിയുമായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്‌. ഇന്നത്തെ മനോരമ ഓൺലൈനിലെ ലേഖനം “നാടെങ്ങും ചോദ്യം: നമ്മൾ പാപ്പരാവുമോ!...”. എഴുതുന്നത് ബിസിനസ് ലേഖകൻ കിഷോർ ആണ്. മലയാളത്തിൽ ഏറ്റവും ലളിതവും സരസവുമായി സാമ്പത്തിക കാര്യങ്ങൾ എഴുതുന്ന ഒരാളാണ്. എന്നാൽ ഈ ലേഖനത്തിൽ തന്റെ കഴിവു മുഴുവൻ ഉപയോഗിച്ചിട്ടുള്ളത് ശുദ്ധഗോസിപ്പിനു വേണ്ടിയിട്ടാണ്. “നാട്ടിൻപുറത്തെ നാടൻ വീട്ടിൽ ചെന്നപ്പോൾ അവിടെയും ചർച്ച - ഈ പോക്ക് പോയാൽ കേരളം ശ്രീലങ്ക പോലാകുമോ..? ശമ്പളം കിട്ടാതാകുമോ...” ഇത്രയും പറഞ്ഞു നിർത്തിയെങ്കിൽ സഹിക്കാമായിരുന്നു. അതുകൊണ്ടും കിഷോർ സംതൃപ്തനല്ല. ട്രഷറിയിൽ പണം ഡെപ്പോസിറ്റ് ചെയ്തിട്ടുള്ളവരെ ഭയപ്പെടുത്തി അവ പിൻവലിപ്പിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കണം. “അയ്യോ എന്റെ പെൻഷൻ കാശെല്ലാം ട്രഷറിയിൽ ഇട്ടിരിക്കുവാണേ...എടുക്കാൻ പറ്റാതാകുമോ...” കഴിഞ്ഞ ഏഴു വർഷമായി ഒരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിച്ചുവരുന്ന ട്രഷറി സേവിംഗ്സ് ബാങ്കിനെക്കുറിച്ചാണ് അദ്ദേഹം ഇത് എഴുതുന്നത്. അറിയാതെ എഴുതുന്നതല്ല. അറിഞ്ഞ് എഴുതുന്നതാണ്. ഒരു ധനകാര്യ സ്ഥാപനത്തോട് ഒരു പത്രത്തിനു ചെയ്യാവുന്ന ഏറ്റവും കൊടിയ പാതകമാണിത്. ശ്രീലങ്കയിലെ പ്രശ്നം വിദേശനാണയ പ്രതിസന്ധിയുടേത് അല്ലേ? ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനം മാത്രമായ കേരളത്തിന് വിദേശനാണയ പ്രതിസന്ധി ഉണ്ടാകുന്നത് എങ്ങനെയാണ്? എന്നൊക്കെ അദ്ദേഹത്തോടു ചോദിച്ചിട്ടു കാര്യമില്ല. എന്തും തട്ടിവിടാനുള്ള പ്രിവിലേജ് തങ്ങൾക്ക് ഉണ്ടെന്നാണു ഭാവം. ആദ്യം പാപ്പരാകുന്ന സംസ്ഥാനമോ? അത് എങ്ങനെ? സംസ്ഥാനം പാപ്പരാവുകയാണെങ്കിൽ കേന്ദ്രം അതിന്റെ പലമടങ്ങ് പ്രതിസന്ധിയിലാണ്. ഇതുസംബന്ധിച്ച് എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. താൽപ്പര്യമുള്ളവർക്കു വായിക്കാം. https://www.facebook.com/photo?fbid=635440521270558&set=a.557289772418967 ധനഉത്തരവാദിത്വ നിയമം ഉള്ളിടത്തോളം കാലം ജിഡിപിയുടെ 3 ശതമാനത്തിനപ്പുറം ഒരു സംസ്ഥാനത്തിനും വായ്പയെടുക്കാനാവില്ല. ഒരു സംസ്ഥാനവും കടക്കെണിയിലാവില്ല. പിന്നെ വാദം കിഫ്ബി വഴി എടുക്കുന്ന വായ്പ മേൽപ്പറഞ്ഞ കണക്കിൽ ഉൾപ്പെടുത്തുന്നില്ലല്ലോ, അതു നമ്മളെ കടക്കെണിയിൽ ആക്കില്ലേ എന്നാണ്. ഇല്ല. ഒരിക്കലും കിഫ്ബിയുടെ ബാധ്യതകൾ കമ്പനിയുടെ ആസ്തികൾക്കു താങ്ങാവുന്നതിനപ്പുറം ആവില്ല. വളരെ കൃത്യമായി ഭാവിയിൽ ഓരോ വർഷവും ഉണ്ടാകുന്ന ബാധ്യത എത്രയെന്നു കണക്കുകൂട്ടാനാവും. കിഫ്ബിക്ക് രണ്ടുതരത്തിലുള്ള ബാധ്യതകളാണ് വരിക. ഒന്ന്, കരാറുകാരുടെ ബില്ലുകൾക്കുള്ള കാശ് കൊടുക്കണം. രണ്ട്, വായ്പയുടെ പലിശയോ അല്ലെങ്കിൽ മുതലും പലിശയും തിരിച്ചു നൽകണം. ഇത് അടുത്ത 15-20 വർഷക്കാലം ഓരോ വർഷവും എത്ര ചെലവുവരുമെന്നു കൃത്യമായി കണക്കൂകൂട്ടി ഗ്രാഫായി വരയ്ക്കും. ഇതോടൊപ്പം മറ്റൊരു ഗ്രാഫുകൂടി തയ്യാറാക്കും. കിഫ്ബിയുടെ വരുമാനം അല്ലെങ്കിൽ ആസ്തി ഓരോ വർഷവും എത്രയായിരിക്കും. രണ്ടുതരത്തിലുള്ള ആസ്തികളാണുള്ളത്. ഒന്ന്, സർക്കാർ നൽകുന്ന ആന്വിറ്റി. രണ്ട്, വരുമാനദായക പ്രോജക്ടുകളിൽ നിന്നുള്ള തിരിച്ചടവ്. എപ്പോഴും ആസ്തിയുടെ ഗ്രാഫ് ബാധ്യതയുടെ ഗ്രാഫിനേക്കാൾ ഉയർന്നുനിൽക്കണമെന്നതാണ് തത്വം. ഇത് ഉറപ്പുവരുത്തിക്കൊണ്ടേ പ്രോജക്ടുകൾ ഏറ്റെടുക്കൂ. അതുകൊണ്ട് ഒരു കാരണവശാലും കിഫ്ബിയുടെ ബാധ്യതകൾ സർക്കാരിനുമേൽ വന്നു പതിക്കില്ല. സർക്കാർ ആകെ ചെയ്യേണ്ടത് നിയമത്തിൽ വ്യവസ്ഥ ചെയ്തപ്രകാരം ആന്വിറ്റി കൊടുത്താൽ മതി. വേറൊരു അധികബാധ്യതയും സർക്കാരിന് ഉണ്ടാവില്ല. ഇങ്ങനെ കിഫ്ബി വഴി വായ്പയെടുത്ത് കേരളത്തിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന റോഡും പാലവും വ്യവസായ പാർക്കുകളും ട്രാൻസ്ഗ്രിഡുമെല്ലാം കേരളത്തിന്റെ വ്യവസായകുതിപ്പിന് അസ്ഥിവാരമിടും. ഇതെല്ലാം തമസ്കരിച്ച് കിഷോർ നടത്തുന്ന പ്രവചനം ഇതാണ് - “ശമ്പളം മുട്ടും, കടമെടുപ്പിന്റെ അളവു കുറയും. മറ്റു പലതിനെയും കുറ്റംപറിഞ്ഞിട്ടു അന്നു കാര്യമുണ്ടാവില്ല. ഇന്ത്യയിൽ ആദ്യം പാപ്പരാകുന്ന സംസ്ഥാനമായേക്കും കേരളം. എന്നു പറയുന്നവരുണ്ട്.” “പുറത്തു പോകാനുള്ള യോഗ്യതയോ സാമ്പത്തിക സ്ഥിതിയോ ഇല്ലാത്തവരാണ് ഇവിടെ തുടരുന്നത്.... ഈ പോക്ക് പോയാൽ പത്തുകൊല്ലം കഴിയുമ്പോൾ കേരളം മണ്ണും പിണ്ണാക്കും അറിയാത്തവർ താമസിക്കുന്ന നാടാകും.” എങ്ങനെയാണ് പുറത്തുപോയി ജോലിയെടുക്കാൻ കേരളത്തിലെ സാധാരണ കുടുംബത്തിലുള്ളവർക്കുപോലും കഴിയുന്നത്? അത് കേരളത്തിലുള്ള സാധാരണക്കാർക്ക് എത്രയോ തലമുറയായി വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ നൽകാൻ കഴിഞ്ഞതുകൊണ്ടാണ്. ഈ കേരളമല്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്ഥിതിയാണു മെച്ചമെന്നു വാദിക്കാൻ ചെറിയ തൊലിക്കട്ടി പോരാ. കേരളത്തിലെ സാധാരണക്കാർ ഭൂതകാലത്തു നേടിയ ക്ഷേമ-ആരോഗ്യ-വിദ്യാഭ്യാസ നേട്ടങ്ങൾ എല്ലാം മെച്ചപ്പെടുത്തിക്കൊണ്ട് കേരളത്തിൽ തന്നെ അവർക്കുള്ള തൊഴിൽ ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള ഒരു ബൃഹത്പദ്ധതിയുടെ ഭാഗമായിട്ടാണ് കിഫ്ബിയും മറ്റും വഴി വായ്പയെടുക്കുന്നതും പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കുന്നതും. ഈ നടപടി കേരളത്തെ പാപ്പരാക്കുകയല്ല, ക്ഷേമവും സാമ്പത്തിക കുതിപ്പും ഉറപ്പുവരുത്തുന്ന ഒരു നവകേരളമായി രൂപാന്തരപ്പെടുത്തുകയായിരിക്കും ചെയ്യുക.   Read on deshabhimani.com

Related News