ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നെന്ന് വര്‍ഗീയ പ്രചരണം; ബിജെപി എംപിയ്‌ക്കെതിരെ അഭിഭാഷകന്റെ പരാതി



 കുറ്റിപ്പുറം> ഉടുപ്പി- ചിക്മംഗളൂര്‍ എംപിയും ബിജെപി നേതാവുമായ ശോഭാ കരന്തലജെയുടെ വ്യാജ ട്വിറ്റര്‍ പ്രചരണത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകന്റെ പരാതി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലുണ്ടായ കുടിവെള്ള പ്രശ്‌നത്തെയാണ് വര്‍ഗീയ പ്രചരണത്തിനായി കരന്തലജെ ഉപയോഗിച്ചത്.  പൈങ്കണ്ണൂര്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാവുകയും വെള്ളത്തിനായി പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന  കിണറ്റിലെ  വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോള്‍, സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാന്‍ ഉടമ ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കാത്തതുകൊണ്ട് ഹിന്ദുക്കള്‍ക്ക് വെള്ളമെടുക്കാന്‍ ഉടമ അനുവദിച്ചില്ല എന്ന തരത്തിലാണ് ബിജെപി എംപി വാര്‍ത്ത പ്രചരിപ്പിച്ചത്.  യഥാര്‍ത്ഥ വസ്തുത ബോധപൂര്‍വ്വം മറച്ചുവെച്ച് പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെന്ന പേരില്‍ കുടിവെള്ളം നിഷേധിക്കുന്നുവെന്ന വ്യാജ പ്രസ്താവനയാണ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്.ഇതിനെതിരെയാണ് സുപ്രീംകോടതി അഭിഭാഷകനായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ മലപ്പുറം പൊലീസ് സുപ്രണ്ടിന് പരാതി നല്‍കിയത്. മുസ്ലീം സമുദായം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയെയും മലപ്പുറം ഉള്‍പ്പെടുന്ന കേരളത്തെയും വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്ന കമന്റുകളാണ് പ്രസ്തുത പോസ്റ്റിനു താഴെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹിന്ദു - മുസ്ലീം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദ്ദത്തോടും താമസിക്കുന്ന തന്റെ സ്വദേശമായ കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലേയും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ കലാപങ്ങളുള്‍പ്പടെയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നതിനും സാധാരണക്കാരുടെ സൈ്വര ജീവിതം തകര്‍ക്കുന്നതിനുമായി ബോധപൂര്‍വ്വം നടത്തിയ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്താവന നടത്തിയ ശോഭാ കരന്തലജെക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ  വകുപ്പു പ്രകാരവും മറ്റ് ഉചിത നിയമങ്ങള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ സുഭാഷ് പറഞ്ഞു.   Read on deshabhimani.com

Related News