"ഒരു നിമിഷംപോലും ഞങ്ങളെ തകർക്കാനായില്ല'; അന്ന് ആരോപണങ്ങളുമായി വന്നവർക്ക് എണ്ണിയെണ്ണി മറുപടിയുമായി ഫെയർകോഡ്‌



കൊച്ചി > വെർച്വൽ ക്യൂ വഴി മദ്യവിൽപ്പനയ്ക്കായി തയ്യാറാക്കിയതാണ് ബെവ് ക്യൂ ആപ്ലിക്കേഷൻ. ബിവറേജസ് കോർപറേഷനുവേണ്ടി കൊച്ചി ആസ്ഥാനമായ സ്റ്റാര്ട്ട്അപ്പ് കമ്പനി ഫെയർകോഡ് ടെക്‌നോളജീസാണ്‌ ആപ്പ് തയ്യാറാക്കിയത്. ആപ്ലിക്കേഷനെതിരെയും ഫെയർകോഡ് ഉടമസ്ഥർക്കെതിരെയും നിരന്തരം വ്യാജആരോപണങ്ങളുമായി പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വേട്ടയാടലുകൾക്കൊന്നും തങ്ങളെ തകർക്കാൻ കഴിഞ്ഞില്ലെന്ന് ഫെയർകോഡ് ഉടമകൾ പറയുന്നു. 35 ലക്ഷം ഉപഭോക്താക്കളെ പ്രതീക്ഷിച്ചയിടിത്ത് ഇപ്പോൾ 75 ലക്ഷം ഉപഭോക്താക്കളുമായി വിജയകരമായി മുന്നോട്ട് പോകുകയാണ്. ആരോപണങ്ങൾ ഉന്നയിച്ചവർക്കെല്ലാം കുറിക്കുകൊള്ളുന്ന മറുപടിയുമായി ഫെയർകോഡ് ടെക്‌നോളജീസിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായ രജിത്ത് രാമചന്ദ്രൻ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രജിത്തിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് ചുവടെ ഇന്ന് ജൂൺ 16. ഇത്രയുമെങ്കിലും ഇപ്പോൾ പറഞ്ഞു പോയില്ലെങ്കിൽ ചിലപ്പോൾ പിന്നീട് പറയാൻ സാധിച്ചെന്ന് വരില്ല. ഒരാൾ ആക്രമിക്കുമ്പോൾ നൂറ് പേർ പിന്തുണയുമായി വന്നിരുന്നു എന്ന് 'നിങ്ങൾ' ഇന്നെങ്കിലും തിരിച്ചറിയുക. എന്റെ രാഷ്ട്രീയം അല്ലെങ്കിൽ ഞങ്ങളിൽ ചിലരുടെ രാഷ്ട്രീയം മാത്രമായിരുന്നു 'നിങ്ങളുടെ' പ്രശ്നം എന്ന് ആദ്യ ദിവസം തന്നെ തിരിച്ചറിഞ്ഞതാണ്. എന്റെ രാഷ്ട്രീയം ഈ പ്രൊജക്റ്റ് ഞങ്ങൾക്ക് ലഭിക്കാൻ ഉള്ള യോഗ്യത അല്ല, അതുപോലെ തന്നെ അയോഗ്യതയും. കഴിഞ്ഞ ഒരു മാസക്കാലം ഞങ്ങൾ അനുഭവിച്ച മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കേണ്ട ഒന്നല്ല. പക്ഷേ കുറച്ച് അഹങ്കാരത്തോടു കൂടി തന്നെ പറയട്ടെ, 'നിങ്ങൾ' പരാജയപ്പെട്ടിരിക്കുന്നു.. ആസൂത്രിതമായ ആ ആക്രമണങ്ങൾക്ക് ഒന്നും ഞങ്ങളെ ഒരു ഇഞ്ച് പുറകോട്ട് നടത്താനോ ഒരു നിമിഷം പോലും തകർത്തു കളയാനോ സാധിച്ചില്ല.. മെയ് 16ന് ലഭിച്ച ഈ പ്രൊജക്റ്റ്, സെക്യൂരിറ്റി, ലോഡ്, സ്ട്രെസ് ടെസ്റ്റുകളിൽ വിജയിച്ച് മെയ് 27ന് റിലീസ് ചെയ്തപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചത് ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട്, കേരളത്തിൽ ദിവസേന ഏറ്റവും കൂടുതൽ കസ്റ്റമേഴ്സ് ഉള്ള, ചുരുങ്ങിയത് 35 ലക്ഷം യൂസേഴ്സ് ഉള്ള ഒരു അപ്ലിക്കേഷൻ നിർമ്മിച്ചാൽ അതുകൊണ്ട് ലഭിക്കാവുന്ന നല്ല പേര് മാത്രമാണ്. ഇപ്പോൾ 75 ലക്ഷം യൂസേഴ്സ് ഉള്ള BevQ ആപ്പ് ഞങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള വിജയം ആയിരുന്നു. എന്നാൽ അപ്ലിക്കേഷൻ റിലീസ് ചെയ്യുന്നതിന് മുൻപും റിലീസ് ചെയ്തു കഴിഞ്ഞും ഞങ്ങൾ നേരിട്ടത് സമാനതകൾ ഇല്ലാത്ത ആക്രമണം ആയിരുന്നു. അതേകുറിച്ച് ഇത്രയുമെങ്കിലും ഇപ്പോൾ പറഞ്ഞു പോയില്ലെങ്കിൽ അത് ചിലർ അവരുടെ അവകാശമായി കരുതി അതൊരു ശീലമാക്കും.. 1. രാജു പി നായർ, എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ലോകം മുഴുവൻ പ്രചരിപ്പിച്ചതിന് നന്ദി. വി ഡി സതീശൻ സ്റ്റാർട്ടപ്പ് കമ്പനിക്ക് എതിരെ നടത്തിയ പരാമർശത്തിന് എതിരായി ഞാൻ എഴുതിയ പോസ്റ്റാണ് ആശാൻ എന്റെ പ്രൊഫൈലിൽ കയറിയപ്പോൾ ആദ്യം കാണുന്നത്. ആശാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തൈച്ചുവെച്ച എം എൽ എ കുപ്പായം, ക്ഷമിക്കണം കോട്ട് ഇട്ട് നടക്കുന്ന താങ്കൾക്ക് ഒരു വാർഡ് മെമ്പർ സ്ഥാനമോഹം പോലും ഇല്ലാത്ത ഞാൻ ഒരു എതിരാളിയേ അല്ല. 2. ഞങ്ങളുടെ കയ്യിൽ നിന്ന്, തനിക്ക് ലഭിക്കാൻ പണമൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞു പണി നിർത്തി പോയ പലനാടനും അവന് പുറകിൽ പ്രവർത്തിച്ച ഞങ്ങളുടെ 'അടുത്ത' സുഹൃത്തും തമ്മിൽ ഒരു സാമ്യം ഉണ്ട് രണ്ടുപേർക്കും പേരിനോടൊപ്പം കൊണ്ടുനടക്കുന്ന രണ്ടാം ഭാഗത്തിൽ വലിയ ഉറപ്പൊന്നും ഇതുവരെ ഇല്ല. 3. വിനയൻ ചിത്രം, രാക്ഷസരാജാവിൽ നമ്മുടെ കലാഭവൻ മണി ചെയ്ത മന്ത്രി കഥാപാത്രത്തെ കുറിച്ച് സിനിമയിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, 'പള്ളിക്കൂടത്തിൽ പോവാത്തതിന്റെ വാശിയാ മിനിസ്റ്റർക്ക്'. അതുപോലെ, കോഡ് കൈകൊണ്ട് തൊടീക്കാത്തതിൻറെ ഒരു രോഷ പ്രകടനം സ്ട്രീറ്റ്ജിത്ത് പണിക്കർ നടത്തിയതായി കണ്ടിരുന്നു. അന്ന് തന്നെ പറയണം എന്ന് കരുതിയത് ആണ്, പാമ്പ് വിദഗ്ദ്ധനായും പട്ടി വിദഗ്ദ്ധനായും കല്യാണ നിരീക്ഷകനായും താങ്കൾ മാറി മാറി വന്നിരുന്നു 'ആധികാരികമായി' സംസാരിക്കുന്ന ചാനൽ മുറിയിലെ ആ അളിഞ്ഞ കസേരയിൽ എനിക്ക് തെല്ലും നോട്ടമില്ല, താങ്കളുടെ ജോലി നിർബാധം തുടർന്നാലും.. 4. കൂട്ടത്തിൽ വന്ന്, സ്വന്തം വീട്ടിൽ ഉപയോഗിക്കുന്ന ഭാഷാ പ്രയോഗം നടത്തിയ, മുകളിൽ പറഞ്ഞവർ ഒഴികെ ഉള്ള, മുള്ള് മുരിക്ക് മലർപൊടികളോട് ഒന്നേ പറയാൻ ഉള്ളൂ, പോരാ, ഞങ്ങളെ തകർക്കാൻ ഇതൊന്നും പോര. രണ്ടു ദിവസം കൊണ്ട് ആപ്പ് ഉണ്ടാക്കി വരാം എന്ന് പറഞ്ഞുപോയ ചില 'വിദഗ്ദ്ധരെയും' കണ്ടിരുന്നു, ഇതേ വിദഗ്ദ്ധരെ മുൻപ് കണ്ടത് സ്പ്രിങ്ക്‌ലെർ വിവാദ സമയത്തായിരുന്നു, അന്നും രണ്ട് ദിവസം ആയിരുന്നു ടൈംലൈൻ. സ്പ്രിങ്ക്‌ലെർ ഉണ്ടാക്കി കഴിയാത്തത് കൊണ്ടായിരിക്കും ഇത് തുടങ്ങാത്തത് എന്ന് കരുതുന്നു. 5. പത്രങ്ങൾ-ചാനലുകൾ റിപ്പോർട്ട് ചെയ്യുന്ന വ്യാജ വാർത്ത അതിന് ശേഷം പത്രസമ്മേളനം നടത്തി തിരിച്ചുഅവരോടു തന്നെ പറയുന്ന രീതി ശ്രീ രമേശ് ചെന്നിത്തല അവസാനിപ്പിക്കണം. താങ്കൾക്ക് ഉള്ള അധികാരങ്ങൾ ഉപയോഗിച്ച് അന്വേഷിച്ചാൽ അറിയുന്ന കാര്യങ്ങളെ ഉള്ളൂ, അല്ലെങ്കിൽ ഒന്നാം UPA സർക്കാരിന്റെ കാലത്ത് പാസ്സാക്കിയ വിവരാവകാശ നിയമ പ്രകാരം കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ ശ്രമിക്കണം. ആദ്യം 'അഴിമതി' ആരോപണം ആയിരുന്നു, അത് 50 പൈസ, 15 പൈസ, 12 പൈസ, 3 പൈസ അങ്ങനെ ചെറുതായി ചെറുതായി ഇല്ലാതായി. 6. രണ്ടാമത് സതീശനും കോൺഗ്രസ്സുകാരും ചേർന്ന് ബാറുകൾക്ക് കൂടുതൽ ടോക്കൺ ലഭിക്കുന്നു എന്ന ആരോപണവുമായി വന്നു, ഒരു ദിവസത്തെ ആയുസ്സ് പോലും ഇല്ലാത്ത ഈ ആരോപണത്തിന്റെ വസ്തുത ഇതാണ്. കേരളത്തിൽ സർക്കാർ കൈകാര്യം ചെയ്യുന്ന ഔട്ട്‌ലെറ്റുകൾ ഏതാണ്ട് 25 ശതമാനം മാത്രമാണ്, എന്നാൽ സർക്കാർ കൈകാര്യം ചെയ്യുന്ന ഈ ഔട്ട്‌ലെറ്റുകൾക്ക് ഇന്നേവരെ ലഭിച്ചത് മൊത്തം ടോക്കണുകളുടെ 35 ശതമാനത്തിൽ കൂടുതൽ ആണ്. അതിന് കാരണം സർക്കാർ ഔട്ട്‌ലെറ്റുകൾ നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത മാത്രമാണ്. ദിവസം 1500-2500 ബില്ലുകൾ അടിച്ചിരുന്ന ഔട്ട്‌ലെറ്റുകളിൽ കേവലം 400 ടോക്കണുകൾ കൊടുത്താൽ അവിടെ സ്വാഭാവികമായും തിരക്ക് കുറയും, അതിനാണ് ഈ അപ്ലിക്കേഷൻ ഉണ്ടാക്കിയതും. കേരളത്തിൽ സർക്കാർ സ്വകാര്യ വ്യത്യാസം ഇല്ലാതെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരേ വിലയിൽ ആണ് വിൽപ്പന, കൂടാതെ കേരളത്തിലെ മുഴുവൻ സ്റ്റോക്കും കൈകാര്യം ചെയ്യുന്നത് KSBC ആണ്. 7. ബാലൻസിങ്ങിന്റെ കാര്യത്തിൽ ചാനലുകൾ മത്സരിക്കുക ആയിരുന്നു, മാതൃഭൂമി മാത്രം അത്ര ബാലൻസിൽ ആയിരുന്നില്ല. മാധ്യമങ്ങളെ കൈകാര്യം ചെയ്ത് ഞങ്ങൾക്ക് മുൻപരിചയം ഇല്ല, തെറ്റ് സംഭവിച്ചിട്ടുണ്ട്. കൂടാതെ അത് ''പഠിക്കാൻ'' ഉള്ള സമയവും തിരക്കിനിടക്ക് ലഭിച്ചില്ല. ഞങ്ങൾ പറയാത്ത കാര്യങ്ങൾ ഞങ്ങളുടെ പേരിൽ വാർത്തയായി വന്നെന്ന് പലരും അറിയുന്നത് തന്നെ ദിവസങ്ങൾ കഴിഞ്ഞാണ്. 8. 'ഓഫീസ് പൂട്ടി, മുതലാളിമാർ മുങ്ങി', 'ആപ്പ് പൊളിഞ്ഞു, ഉടമകൾ മുങ്ങി' ഈ 2 വാർത്തകൾ ആയിരുന്നു ഈ കൂട്ടത്തിൽ ഏറ്റവും നീചം, എന്ന് 'പറയാതെ വയ്യ'. 2 ചാനലുകളിൽ ഈ വാർത്ത കണ്ടതായി പറഞ്ഞറിഞ്ഞു, 3 സ്‌ക്രീൻഷോട്ടുകൾ ആണ് കണ്ടത്, ഒന്നിൽ ഒരു തിരുത്ത് ഉണ്ടായിരുന്നു. സാഡിസ്റ്റുകൾ ആയവർക്ക് മാത്രമേ ഇത്തരത്തിലുള്ള ഒരു നീചമായ നുണ പറയാൻ സാധിക്കൂ, അത് എഴുതിയ കൈകളും അത് പറഞ്ഞ നാക്കും, എന്നെങ്കിലും ആരോടെങ്കിലും മറുപടി പറയേണ്ടതായി വരും. തീർച്ച. കേരളത്തിലെ നല്ലവരായ ബെവ്കോ ഉപഭോക്താക്കളോട് പറയാനുള്ള ചില യാഥാർത്ഥ്യങ്ങൾ. 1. ഞങ്ങളുടെ ക്ലയന്റിനായി (കെഎസ്ബിസി) അപ്ലിക്കേഷൻ ഡെവലൊപ്‌മെൻറ് പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഐടി കമ്പനിയാണ് ഞങ്ങൾ. ഇവിടെ അത് കെ എസ് ബി സി - ബെവ്കോ ആണ്. 2. മറ്റ് പ്രോജക്റ്റുകളിൽ നിന്ന് വളരെ വ്യത്യസ്തമായി, അന്തിമ ഉപയോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് ധാരാളം ഫീഡ്ബാക്ക് ലഭിച്ചു. സാധ്യമാകുമ്പോഴെല്ലാം, ഞങ്ങളുടെ ക്ലയന്റിലേക്ക് (കെഎസ്ബിസി) അന്തിമ ഉപയോക്തൃ ഫീഡ്ബാക്ക് ഞങ്ങൾ കൈമാറുകയും അവർ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു വരുന്നു. 3. ആദ്യദിവസങ്ങളിൽ ഉണ്ടായ OTP പ്രശ്‌നം, പ്രൊവൈഡറുടെ ഭാഗത്തുനിന്ന് ഉണ്ടായ സാങ്കേതിക പിഴവും ഒന്നിൽ അധികം SMS പ്രൊവൈഡറുകളെ ഉപയോഗിക്കണം എന്ന തീരുമാനം എടുക്കാൻ വൈകിയതു മൂലവും ഉണ്ടായതാണ്. അസൗകര്യങ്ങൾ നേരിട്ട എല്ലാവരോടും ഈ അവസരത്തിൽ ക്ഷമ ചോദിക്കുന്നു. അതിന് ശേഷം ഒരു സാങ്കേതിക തകരാറും നേരിട്ടിട്ടില്ല. ക്ലയന്റിന്റെ ആവശ്യത്തിന് അനുസരിച്ചാണ് അപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. 4. ജോലിയുടെ തുടക്കം മുതൽ ഇന്നുവരെ, Kerala Startup Mission(KSUM), ഐടി മിഷൻ, കെ എസ് ബി സി എന്നിവിടങ്ങളിൽ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണ ആണ് ലഭിച്ചത്. 5. തിക്കും തിരക്കും കുറയ്ക്കുക എന്നതായിരുന്നു ആപ്പിന്റെ പ്രധാന ലക്ഷ്യം എന്നും, ആ ലക്ഷ്യം കൈവരിക്കപ്പെട്ടുവെന്നും ഞങ്ങൾക്ക് തോന്നുന്നു. ഇതൊരു താൽകാലിക സംവിധാനം ആണ്, കെ എസ് ബി സിയുടെ തീരുമാനങ്ങളും ഭാവി പദ്ധതികളും അനുസരിച്ച് ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നത് തുടരും. 6. മേൽപ്പറഞ്ഞ കാര്യങ്ങൾ വസ്തുതകളാണ്, പക്ഷേ ആളുകൾ അവരുടെ കാഴ്ചപ്പാട് അനുസരിച്ച് വ്യത്യസ്ത രീതികളിൽ ഇത് കണ്ടേക്കാം. തുടക്കം മുതൽ ഞങ്ങൾക്ക് BevQ ഒരു സോഫ്റ്റ്വെയർ പ്രോജക്റ്റായിരുന്നു. നിർഭാഗ്യവശാൽ, ഇത് ചില ആളുകൾ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റി. സർക്കാർ പ്രൊജക്റ്റ് ഏറ്റെടുത്തതുകൊണ്ട് മാത്രം ഈ അടുത്ത കാലത്ത് ആക്രമണം നേരിടേണ്ടി വന്ന രണ്ടാമത്തെ സ്റ്റാർട്ടപ്പ് കമ്പനി ആണ് ഞങ്ങളുടേത്. കേരള സ്റ്റാർട്ടപ്പ് മിഷനും സർക്കാറും ഒരു വശത്ത് വലിയ പിന്തുണ നൽകുമ്പോൾ മറുവശത്ത് കക്ഷി രാഷ്ട്രീയ വിദ്വേഷം തീർക്കാനുള്ള വേദിയായി ചിലർ അതിനെ ഉപയോഗിക്കുന്നു. കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങളെ ഇത്തരം സങ്കുചിത താല്പര്യങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഇനി അങ്ങനെ കുറച്ചുപേർ ചെയ്താലും അങ്ങനെ ഒന്നും തകരുന്നതല്ല കേരളത്തിലെ യുവാക്കളുടെ മനോബലം എന്ന് പറയാൻ കൂടിയാണ് ഇത് എഴുതിയത്. സർക്കാരിനും, കേരള സ്റ്റാർട്ടപ്പ് മിഷനും, എക്‌സൈസ് ഡിപ്പാർട്‌മെന്റിനും, ബെവ്കോക്കും, ഞങ്ങളുടെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, എന്റെ സഖാക്കൾക്കും, കൂടെ നിന്ന, പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. ഒരിക്കലും മറക്കില്ല. പിന്നിൽ നിന്ന് കുത്തിയവരെയും ഒരിക്കലും മറക്കില്ല, ഒന്നും മറന്ന് ശീലവുമില്ല.   Read on deshabhimani.com

Related News