കമ്യൂണിസ്റ്റു വിരുദ്ധരോഗം മൂർച്ഛിച്ച് ഡോ. ആസാദും സി ആർ നീലകണ്ഠനും ബിജെപിയിൽ ചേരരുതേ എന്നാണ് പ്രാർത്ഥന: അശോകൻ ചരുവിൽ എഴുതുന്നു



ആദ്യഘട്ടത്തിൽ ഇക്കൂട്ടർ കണ്ടു പിടിച്ച ഒരു ദാർശനിക തത്വം: തോറ്റാൽ കോൺഗ്രസ്സ് ബി.ജെ.പി.യാകും; അതുകൊണ്ട് കോൺഗ്രസ്സിനെ ജയിപ്പിക്കണം എന്നാണ്. രണ്ടാംഘട്ടത്തിൽ പറഞ്ഞു: "തുടർഭരണം ഇടതുപക്ഷത്തെ അഹങ്കാരികളാക്കും. അവർ ചീത്തയാകും. അതുകൊണ്ട് യു.ഡി.എഫിനെ ജയിപ്പിക്കണം." പിന്നെ നിലവിട്ടു. നിലപാടും. ഇപ്പോൾ പാലാരിവട്ടം മോഡൽ പഞ്ചവടിഭരണത്തെ എങ്ങനേയും കേരളത്തിൽ തിരിച്ചു കൊണ്ടുവരാനായി യു.ഡി.എഫിൻ്റെ കോമാളികളായി ഇവർ തെരുവിൽ നിന്നു തുള്ളുകയാണ്. അശോകൻ ചരുവിലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: രണ്ടു സുഹൃത്തുക്കളെപ്പറ്റി. ഡോ. ആസാദും സി ആർ നീലകണ്ഠനും എൻ്റെ അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരുമായി ഒന്നിച്ചു  സാംസ്കാരിക രംഗത്ത് പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. രാജ്യത്ത് കോൺഗ്രസ്സും ബി.ജെ.പി.യും പ്രതിനിധാനം ചെയ്യുന്ന ആഗോള സാമ്രാജ്യത്തത്തെ എതിർത്തു തോൽപ്പിക്കാൻ സി.പി.ഐ.എം വേണ്ടത്ര ശ്രമിക്കുന്നില്ല എന്ന് ആരോപിച്ച് ആ പാർടിയിൽ നിന്ന് വിട്ടവരാണ് രണ്ടുപേരും. പാർടിയിൽ നിന്നു വിട്ടുവെങ്കിലും പുറത്തു നിന്നുകൊണ്ട് ആഗോള സാമ്രാജ്യത്തത്തെ തകർക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ഈ സുഹൃത്തുക്കൾ. അതിനിടക്കു കിട്ടുന്ന സമയങ്ങളിൽ സി.പി.ഐ.എം പാർടിയേയും ഇടതുപക്ഷത്തയും നന്നാക്കാനുള്ള ചില യജ്ഞങ്ങളും ഇവർ നടത്തിയിരുന്നു. ചാനലുകളിൽ സ്ഥാപിക്കപ്പെട്ടിരുന്ന "ഇടതുനിരീക്ഷകൻ" എന്ന കസേരയിലാണ് ഇവർ സദാ ഇരുന്നിരുന്നത്. എന്നെ പോലുള്ള ദുർബ്ബലർ തൊഴിലാളിസംഘടനകളിൽ ചേർന്നും അവക്ക് വിധേയപ്പെട്ടും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിച്ചും കൊണ്ടാണ് സാമൂഹ്യ രംഗത്ത് എന്തെങ്കിലുമൊക്കെ ചെയ്തിരുന്നത്. അതേസമയം ആഗോള സാമ്രാജ്യത്തത്തോട് ഒറ്റക്കു നിന്ന് പൊരുതിയിരുന്ന അസാമാന്യ കരുത്തരായ ഈ സുഹൃത്തുക്കളോട് എനിക്ക് എല്ലായ്പ്പോഴും ബഹുമാനം തോന്നിയിരുന്നു. മൂലധനത്തിൻ്റെ സാംസ്കാരിക അധിനിവേശത്തിനെതിരെ കക്ഷിബന്ധങ്ങൾ മറന്ന് ഒന്നിച്ചു പ്രവർത്തിക്കാം എന്ന നിർദ്ദേശം ഡോ.ആസാദ് ഒരിക്കൽ മുന്നോട്ടുവെച്ചിരുന്നു. ഞാൻ അത് സന്തോഷത്തോടെ സ്വീകരിച്ചു. നിരവധി അന്താരാഷ്ട്ര കരാറുകളിലൂടെയും, പാർലിമെൻ്റിനെ പരിഗണിച്ചും അവഗണിച്ചും കൊണ്ടുവന്ന നിയമനിർമ്മാണങ്ങളിലൂടെയും നരസിംഹറാവു പ്രധാനമന്ത്രിയായിക്കെ മൻമോഹൻ സിംഗിൻ്റെ ഉത്സാഹത്തിൽ കോൺഗ്രസ് പാർടി കൊണ്ടുവന്നതാണ് രാജ്യത്തെ സാമ്രാജ്യത്ത ഉദാരവൽക്കരണ പരിപാടികൾ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ ജനങ്ങളെ കൊല്ലാക്കൊല ചെയ്ത് അതെല്ലാം നടപ്പാക്കി. ഇപ്പോഴത് അങ്ങേയറ്റം ക്രൂരമായി നരേന്ദ്രമോദി പിന്തുടർന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ്സ് ഇന്നു പ്രതിപക്ഷത്താണ്. പക്ഷേ കോർപ്പറേറ്റ് മൂലധനത്തെ പരിലാളിക്കുന്ന നയങ്ങൾ ആപാർടി ഉപേക്ഷിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയപാർടികൾക്കു മാത്രമല്ല സാമ്രാജ്യത്തവിരുദ്ധ വിമർശനങ്ങൾ മുന്നോട്ടു വെക്കുന്ന ആസാദുമാർക്കും നീലകണ്ഠൻമാർക്കും വലിയ പ്രസക്തിയുണ്ട് എന്ന് ഞാൻ കരുതിയിരുന്നു.. എന്നാൽ എല്ലാ സംഗതികളും തകിടം മറിഞ്ഞിരിക്കുന്നു. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് നമ്മുടെ രണ്ടുസുഹൃത്തുക്കളെയും വലിയ മട്ടിലുള്ള ഒരു വിഭ്രാന്തിയിൽ എത്തിച്ചിരിക്കുന്നു. "എൽ.ഡി.എഫിന് തുടർഭരണം" എന്ന മുദ്രാവാക്യം കേട്ട് ഇവരുടെ സമനില തെറ്റിയിരിക്കുകയാണ്. അതിൻ്റെ കാര്യമെന്ത്?. ആദ്യഘട്ടത്തിൽ ഇക്കൂട്ടർ കണ്ടു പിടിച്ച ഒരു ദാർശനിക തത്വം: തോറ്റാൽ കോൺഗ്രസ്സ് ബി.ജെ.പി.യാകും; അതുകൊണ്ട് കോൺഗ്രസ്സിനെ ജയിപ്പിക്കണം എന്നാണ്. രണ്ടാംഘട്ടത്തിൽ പറഞ്ഞു: "തുടർഭരണം ഇടതുപക്ഷത്തെ അഹങ്കാരികളാക്കും. അവർ ചീത്തയാകും. അതുകൊണ്ട് യു.ഡി.എഫിനെ ജയിപ്പിക്കണം." പിന്നെ നിലവിട്ടു. നിലപാടും. ഇപ്പോൾ പാലാരിവട്ടം മോഡൽ പഞ്ചവടിഭരണത്തെ എങ്ങനേയും കേരളത്തിൽ തിരിച്ചു കൊണ്ടുവരാനായി യു.ഡി.എഫിൻ്റെ കോമാളികളായി ഇവർ തെരുവിൽ നിന്നു തുള്ളുകയാണ്. അതിനിടെ തങ്ങളുടെ ഏക അവലംബമായിരുന്ന "ഇടതുനിരീക്ഷകവേഷം" അഴിഞ്ഞു പോകുന്നത് ഇവർ അറിയുന്നില്ല. തെരഞ്ഞെടുപ്പ് നാളെ കഴിയും. പിന്നെ നില നഷ്ടപ്പെട്ട ഇവർ എന്തു ചെയ്യും? കമ്യൂണിസ്റ്റു വിരുദ്ധരോഗം ഇങ്ങനെ മൂർച്ഛിച്ച് ഇവർ ബി.ജെ.പി.യിൽ ചെന്നു ചേരരുതേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. കാരണം ഇവർ എൻ്റെ അടുത്ത സുഹൃത്തുക്കളാണ്. Read on deshabhimani.com

Related News