ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാതിരുന്നവര്‍ക്ക് പ്രത്യാശയും സുരക്ഷിതത്വവും പകര്‍ന്നു നല്‍കിയ എ കെ ജി, നിങ്ങളറിയാത്ത ഞങ്ങളുടെ എ കെ ജി: ഒ ആര്‍ കേളു എംഎല്‍എ



കൊച്ചി > എകെജി എന്തുകൊണ്ട് പാവങ്ങളുടെ പടത്തലവനായി വിശേഷിപ്പിക്കപ്പെടുന്നുവെന്ന് ചരിത്രം മുന്‍ നിര്‍ത്തി പറയുകയാണ് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാതിരുന്ന സാധാരണക്കാരന് പ്രതീക്ഷയും പ്രത്യാശയും സുരക്ഷിതത്വവും പകര്‍ന്നു നല്‍കിയ എകെജിയുടെ ജീവിതം കണ്ടുപഠിച്ചാണ് താനും വളര്‍ന്നതെന്ന് ഒ ആര്‍ കേളു പറയുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് എംഎല്‍എ  കുറിപ്പ് എഴുതിയിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;  ഭൂനിയമം നടപ്പിലാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ മിച്ചഭൂമി പിടിച്ചെടുത്ത് വലിയൊരു ജനകീയ സമരം എ കെ ജിയുടെ നേതൃതത്വത്തില്‍ കേരളത്തില്‍ അരങ്ങേറി. ആത്മകഥയായ 'എന്റെ ജീവിത കഥയില്‍' എ കെ ജി ഐതിഹാസികമായ ഈ സമര പോരാട്ടം അനുസ്മരിക്കുന്നുണ്ട്. അസുഖബാധിതനായി മരണത്തിന് കീഴടങ്ങുന്നതിന് ഏതാനും വര്‍ഷം മാത്രം മുമ്പായിരുന്നു ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാതിരുന്ന സാധാരണക്കാരന് പ്രതീക്ഷയും പ്രത്യാശയും സുരക്ഷിതത്വവും പകര്‍ന്ന മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് എ കെ ജി നേത്യത്വം നല്‍കിയത്. മിച്ചഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള സമരത്തിന്റെ ഭാഗമായാണ് എ കെ ജിയുടെ നേത്യത്വത്തില്‍ സമര ഭടന്‍മാര്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലുള്ള തിരുവനന്തപുരത്തെ മുടവന്‍മുഗള്‍ കൊട്ടാരത്തിന്റെ മതില്‍ചാടിക്കടന്ന് അകത്ത് പ്രവേശിച്ചത്. നിയമ ലംഘനത്തിന്റെ പേരില്‍ പൊലീസ് എ കെ ജിയേയും സമര സഖാക്കളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. '' കുറ്റം ചെയ്തത് യഥാര്‍ത്ഥത്തില്‍ ഭരണാധികാരികളാണ്. അവരുണ്ടാക്കിയ നിയമം അവര്‍ തന്നെ ലംഘിച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ അനുമതി കിട്ടിയ നിയമം 1970 ജനുവരി 1 മുതല്‍ നടപ്പിലാക്കണമെന്ന് പറഞ്ഞിട്ടു കൂടിയും ഒരൊറ്റ സെന്റ് ഭൂമി പോലും ഏറ്റെടുത്ത് വിതരണം നടത്താത്ത ഭരണാധികാരികളാണ് കുറ്റം ചെയ്തവര്‍, അവരെയാണ് ശിക്ഷിക്കേണ്ടത്. കാര്‍ഷിക നിയമം 118, 119 വകുപ്പുകള്‍ ഇപ്രകാരം എത്രമിച്ചഭൂമിയുണ്ടെന്ന് ലിസ്റ്റ് കൊടുക്കാത്തവരക്ക് പിഴ ഇടാനും അവരെ ശിക്ഷിക്കാനുമുള്ള അധികാരം നിയമത്തില്‍ ഉള്ളതാണ്. എന്നിട്ടുകൂടി ഒരിഞ്ചുഭൂമിപോലും പാവപ്പെട്ടവര്‍ക്ക് വിതരണം നടത്താത്ത ഗവണ്‍മെന്റാണ് ഏറ്റവും അധികം കുറ്റം ചെയ്തിട്ടുള്ളത്, ശിക്ഷ അര്‍ഹിക്കുന്നതും.'' കോടതിയില്‍ നിര്‍ഭയനായി എ കെ ജി ഭൂമിയില്ലാത്ത സാധാരണക്കാരന് വേണ്ടി വാദിച്ചു. എന്തായാലും കേരളത്തിലെ ഭൂമിയില്ലാത്ത സാധാരണക്കാരന് ഭൂമി ലഭ്യമാകാന്‍ എ കെ ജിയുടെ നേത്യത്വത്തില്‍ നടന്ന ഈ ഐതിഹാസിക സമരത്തിനുള്ള പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. എ കെ ജിയെ എന്തുകൊണ്ടാണ് പാവങ്ങളുടെ പടത്തലവനെന്ന് വിശേഷിപ്പിക്കുന്നതെന്ന് 'എന്റെ ജീവിത കഥയില്‍' വ്യക്തമാണ്. സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസി സഹോദരങ്ങള്‍ക്കായി ഭൂമി പിടിച്ചെടുക്കല്‍ സമരം ഉള്‍പ്പെടെയുള്ള ഭൂസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആദിവാസി ക്ഷേമസമിതിയുടെ പ്രവര്‍ത്തകനാണ് ഞാന്‍. ആദിവാസി സഹോദരങ്ങള്‍ ഉള്‍പ്പെടെ സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ലാത്ത സാധാരണക്കാര്‍ക്ക് വേണ്ടി പൊരുതാനുള്ള ഊര്‍ജ്ജമാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എനിക്ക് 'എന്റെ ജീവിത കഥ' സമ്മാനിച്ചത്. 'എന്റെ ജീവിത കഥ' വായിച്ചിട്ടുള്ള കേരളത്തിലെ എന്നേപ്പോലെയുള്ള സാധാരണക്കാരെല്ലാം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ സമാനമായ അനുഭവങ്ങളിലൂടെയാവും കടന്ന് പോയിട്ടുണ്ടാവുക. കേരളത്തിലെ സാധാരണക്കാരന്റെ അവകാശ പോരാട്ടങ്ങളുടെ കൂടി ചരിത്രം അടയാളപ്പെടുത്തി പോയിട്ടുള്ള എ കെ ജിയെന്ന സാധാരണക്കാരന് പ്രചോദനമായ നേതാവിനെ അനാവശ്യ വ്യാഖ്യാനങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം വേദനയുളവാക്കുന്നതാണ്. എ കെ ജിയെപ്പോലെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അഭയം കൊടുത്ത ഞങ്ങളെപ്പോലുള്ള നൂറായിരം അധ:സ്ഥിതരുടെ കുടുംബങ്ങളെക്കൂടിയാണ് എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ വി ടി ബല്‍റാം മുറിപ്പെടുത്തിയിരിക്കുന്നത്. വി ടി ബല്‍റാമിന്റെ ദുര്‍വ്യാഖ്യാനം ഏറ്റുപിടിച്ച് കമ്യൂണിസ്റ്റ് നേതാക്കളുടെ ത്യാഗപൂര്‍ണ്ണമായ ഒളിവുകാല പ്രവര്‍ത്തനങ്ങള്‍ അപഹസിക്കാന്‍ ഒരു വിഭാഗം ബോധപൂര്‍വ്വം രംഗത്ത് വന്നിരിക്കുകയാണ്. ഇതെല്ലാം പരിഗണിച്ച് എ കെ ജിയെ ദുര്‍വ്യാഖ്യാനം ചെയ്ത നിലപാട് തിരുത്തി കേരളത്തിലെ സാധാരണക്കാരായ ജനങ്ങളോട് എന്റെ സഹപ്രവര്‍ത്തകന്‍ ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read on deshabhimani.com

Related News