’’മോഡിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയാക്കിയ ആ കേശവമാമൻ ഒരു ചെറിയ വാട്ട്‌സാപ്പ്‌ മാമനല്ല’’



സോഷ്യൽമീഡിയ കരുതുംപോലെ  ആ കേശവമാമൻ കേസന്വേഷണത്തിന്റെ ഭാഗമായി ചെരിപ്പ്‌ കെട്ടിതുക്കിയിട്ട ആ പഴയ ഡിജിപിയല്ല. അത്‌ മൂന്ന്‌ വ്യത്യസ്‌ത രാഷ്‌ട്രീയ പാർടികളിൽ അനുഭവസമ്പത്തുള്ള ആ മാമനാണ്‌.."‘മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തെരഞ്ഞെടുത്തു"’ എന്ന പോസ്‌റ്റിട്ട  വാട്‌സാപ്‌ കേശവമാനെ ‘അന്വേഷിച്ചു കണ്ടെത്തിയ’ കണ്ണൻ പി കെ  പറയുന്നു. പോസ്‌റ്റ്‌ ചുവടെ സോഷ്യൽ മീഡിയ രംഗത്ത് സജീവമായി ഇടപെടുന്ന മലയാളികൾക്കിടയിൽ പരിചിതമായ ഒരു പേരാണ് "വാട്‌സാപ്പ് അമ്മാവൻ". സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും സത്യമെന്ന ധാരണയിൽ താനുൾപ്പെടുന്ന വാ‌ട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന ശുദ്ധഗതിക്കാരെ ട്രോളുവാനാണ് ഈ പേര് ഉപയോഗിക്കുന്നത്. "ചക്ക കഴിച്ചാൽ ക്യാൻസർ മാറും, നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തിരഞ്ഞെടുത്തു, അഞ്ച് തലയുള്ള രാജവെമ്പാലയുടെ ചിത്രം തുടങ്ങിയ നുണക്കഥകൾ കണ്ണടച്ച് ഫോർവേഡ് ചെയ്യലാണ് ഇത്തരം "വാട്‌സാപ്പ് അമ്മാവന്മാരുടെ" പ്രധാന പരിപാടി. ചെറുപ്പക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ ഈയടുത്ത നാൾ വരെ നിശിതമായി വിമർശിച്ചു കൊണ്ടിരുന്ന മുതിർന്നവരിൽ പലരുമിന്ന് സോഷ്യൽ മീഡിയ രംഗത്ത് സജീവമാണ്. ആൻഡ്രോയ്ഡ് ഫോണുകൾ സജീവമായതോടെ ഇന്റർനെറ്റിന്റെ ലോകത്ത് ആദ്യമായെത്തിയ ഇവർക്ക് സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും സത്യമാണെന്ന ധാരണയാണുള്ളത്. നവമാധ്യമ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് അജ്ഞരാണ് ഇവരിൽ ഭൂരിപക്ഷവും. സോഷ്യൽ മീഡിയയെക്കുറിച്ചുള്ള ഇവരുടെ അജ്ഞത മുതലെടുത്ത് വ്യാജവാർത്തകൾ പടച്ചുണ്ടാക്കി അവരുടെ മൊബൈൽ ഫോണിലേക്ക് മനപ്പൂർവ്വം അയച്ചു കൊടുത്ത് രസിക്കുന്ന വിദ്വാന്മാരും ധാരാളമുണ്ട്. തനിക്ക് കിട്ടുന്ന വാ‌‌ട്‌സാപ്പ് സന്ദേശങ്ങൾ സത്യമാണോയെന്ന് അന്വേഷിക്കാതെ കണ്ണടച്ച് ഷെയർ ചെയ്യുന്ന "വാട്‌സാപ്പ് അമ്മാവന്മാർ" നവമാധ്യമങ്ങളിലിപ്പോൾ വ്യാപകമായി ട്രോൾ ചെയ്യപ്പെടുന്നുണ്ട്. ട്രോളന്മാർക്കിന്ന് വാട്‌സാപ്പ് അമ്മാവനെന്ന് പറഞ്ഞാൽ കേശവൻ മാമനാണ്. ഫ്രീക്കൻ ഭാഷയിൽ "K7 മാമൻ" എന്നും പറയും. മാമന്റെ വാട്‌സാപ്പ് ജീവിതമാണ് ഇപ്പോൾ ട്രോളുകൾക്ക് കാരണമാവുന്നത്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടർന്ന് കേരളത്തിൽ അരങ്ങേറിയ ആർത്തവ ലഹളയുടെ പശ്ചാത്തലത്തിൽ പ്രവാസി കൂടിയായ മിനേഷ് രാമനുണ്ണി തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത "സുമേഷ് കാവിപ്പടയുടെ വാട്‌സാപ്പ് ജീവിതം" എന്ന പോസ്റ്റിലൂടെയാണ് കേശവൻ മാമൻ എന്ന കഥാപാത്രം ജനിക്കുന്നത്. കേശവൻ മാമനെ പിന്നീട് ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു. "സുമേഷ് കാവിപ്പട" എന്ന സാങ്കൽപ്പിക കഥാപാത്രത്തിന്റെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സംഭാഷണങ്ങളാണ് മിനേഷ് എഴുതിയ കുറിപ്പിലെ വിഷയം. ശബരിമല വിഷയത്തിൽ വിവിധ ചേരികളിൽ നിൽക്കുന്ന സുമേഷ് കാവിപ്പടയും കുടുംബാംഗങ്ങളും വാട്‌സാപ്പ് ഗ്രൂപ്പിനകത്ത് പരസ്പരം തർക്കിക്കുമ്പോൾ പണ്ടേതോ കാലത്തെ വാട്‌സാപ്പ് ഫോർവേഡ് നുണക്കഥകളുമായി രംഗപ്രവേശം ചെയ്യുകയാണ് കേശവൻ മാമൻ. "പെപ്സിയിൽ എയ്ഡ്സ് രോഗിയുടെ രക്തം കലർന്നിട്ടുണ്ട്, കോസ്മിക് രശ്മികൾ നാളെ രാത്രി ഭൂമിയിലെത്തും, ഭീമസേനന്റെ കൂറ്റൻ ഗദ കണ്ടെടുത്തു" എന്നിങ്ങനെയുള്ള ഫോർവേഡ് മെസ്സേജുകളുമായാണ് കേശവൻ മാമന്റെ വരവ്. മിനേഷിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ കേശവൻ മാമനും ഹിറ്റായി. കേശവൻ മാമൻ നായകനായുള്ള ട്രോളുകളാണ് ഇപ്പോൾ ട്രോൾ ഗ്രൂപ്പുകൾ നിറയെ. നേരത്തെയും ഫോർവേഡ് മെസ്സേജുകളുമായെത്തുന്ന വാട്‌സാപ്പ് അമ്മാവന്മാർ ട്രോൾ ചെയ്യപ്പെടാറുണ്ടെങ്കിലും മിനേഷിന്റെ പോസ്റ്റ് വന്നതോടെ ഒരു പേരും കഥാപാത്രവും ലഭിക്കുകയായിരുന്നു. "സ്റ്റീല്‍ പാത്രത്തില്‍ പാല് കാച്ചരുത് - കിഡ്നി കേടാവും, കമഴ്ന്നു കിടന്നു ടി വി കാണരുത് - ലൈംഗിക ശേഷി പോവും, പാവാട ചരട് മുറുക്കി കെട്ടരുത് - അണ്ഡ വിസ്സര്‍ജ്ജനം തടസ്സപ്പെടും, ഉപ്പ്‌ മാരകമായ വിഷമാണ് - തലച്ചോറ് ദ്രവിപ്പിക്കും, ചൂട് വെള്ളത്തില്‍ കുളിച്ചാല്‍ ത്വക്കിന് ക്യാന്‍സര്‍ വരും, ആകാശിന്റെയും ലീനയുടെയും മക്കൾ കുന്നംകുളം പോലീസ് സ്റ്റേഷനിലുണ്ട്, നമ്മുടെ ദേശീയഗാനത്തെ ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ഗാനമായി യുനെസ്കോ തിരഞ്ഞെടുത്തു" തുടങ്ങിയ ആയിരക്കണക്കിന് വ്യാജ സന്ദേശങ്ങളാണ് ഇത്തരം "കേശവൻ മാമന്മാരിലൂടെ" നമ്മുടെ മൊബൈൽ ഫോണിലേക്ക് ദിനംപ്രതി ഒഴുകിയെത്തുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങൾ നവമാധ്യമ രംഗത്ത് വ്യാപകമായി കാണാറുണ്ടെങ്കിലും ഇവയെല്ലാം ആദ്യമായി ഷെയർ ചെയ്യുന്ന കേശവൻ മാമൻ ആര് എന്ന സംശയം എന്നെ അലട്ടിയിരുന്നു. കേശവൻ മാമൻ ആരാണെന്നറിയാൻ ഞാൻ നടത്തിയ അന്വേഷണങ്ങളെല്ലാം ഡിജിപിയായി വിരമിച്ച ഒരു പ്രമുഖ വ്യക്തിയിലാണ് ചെന്ന് ചേർന്നത്. ഒരു സ്ത്രീ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ കൊലപാതകിയെ പിടികൂടാൻ മതിലിൽ ചെരുപ്പ് കെട്ടിത്തൂക്കി പൊലീസുകാരെ കാവലിരുത്തിയതും ഒരു ഗ്രാമത്തിലെ മുഴുവൻ പേരെക്കൊണ്ടും മാങ്ങ കടിപ്പിച്ചതും ടിയാന്റെ സർവീസ് കാലഘട്ടത്തിലാണ്. വാട്‌സാപ്പ് ഗ്രൂപ്പിൽ വന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് "ഒരു കേശവൻ മാമൻ മെസേജ്" മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ടിയാൻ അവതരിപ്പിക്കുന്നത് കൂടെ കണ്ടതോടെ നാളുകളായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേശവൻ മാമൻ അയാൾ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എന്റെ കണ്ടെത്തലുകൾ തെറ്റാണെന്ന് തിരിച്ചറിയുകയാണ് ഞാനിപ്പോൾ. "മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തെരഞ്ഞെടുത്തു" എന്ന മുൻ എംപി കൂടിയായ അബ്ദുള്ള കുട്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് എന്നെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. ലോകത്തിലെ 380 രാജ്യങ്ങളുടെ ഭരണാധികാരികളെ പിന്തള്ളിയാണ് ഭാരതപുത്രൻ ഒന്നാമത്തെത്തിയതെന്നും 2019 ഒക്ടോബർ 11, രാത്രി 11.05നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. വർഷങ്ങളായി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ മാത്രം പ്രചരിച്ചിരുന്ന ഒരു കേശവൻ മാമൻ മെസ്സേജാണ് അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്.. ഫേസ്‌ബുക്ക് പോലെ സുതാര്യമായ ഒരു നവമാധ്യമ പ്ലാറ്റ്ഫോമിൽ ഈ വിഡ്ഢിത്തം പോസ്റ്റ് ചെയ്യുക വഴി കേശവൻ മാമൻ ആരെന്ന എന്റെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുകയാണ് അബ്ദുള്ളക്കുട്ടി ചെയ്‌തത്. എത്ര വലിയ വിഡ്ഢിത്തമാണ് താൻ പോസ്റ്റ് ചെയ്‌തതെന്ന് കണ്ടെത്താൻ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ അംഗമായ അനുഭവ സമ്പത്തുള്ള അബ്ദുള്ള കുട്ടിക്ക് കഴിഞ്ഞില്ലാ എന്നത് തന്നെയാണ് ഐപിഎസ് എമാനല്ല അബ്ദുള്ളക്കുട്ടി തന്നെയാണ് യഥാർത്ഥ കേശവൻ മാമൻ എന്ന നിഗമനത്തിലെത്തിച്ചേരാൻ എന്നെ സഹായിച്ചത്.   Read on deshabhimani.com

Related News