"ഈ പാട്ടിന്റെ പത്തിലൊന്നു വെറുപ്പ് ഗൾഫിലുള്ളവർ കാണിച്ചാൽ ലക്ഷക്കണക്കിനുപേർക്ക് നാട്ടിൽ വന്നിരിക്കാം'; ഇതര സംസ്ഥാന തൊഴിലാളികളെ അധിക്ഷേപിച്ചുള്ള പാട്ടിനെതിരെ കുറിപ്പ്‌



ഇതര സംസ്ഥാന തൊഴിലാളികളോടുള്ള വെറുപ്പും വിദ്വേഷവും വർഗീയതയുമെല്ലാം നിറയുന്ന ചാനൽ പരിപാടികൾക്കെതിരെ ശക്തമായ പ്രതികരണങ്ങളുമായി സമൂഹമാധ്യമങ്ങൾ. നിറത്തെയും ആകാരത്തേയുമെല്ലാം പരിഹസിച്ചുള്ള ഹാസ്യ പരിപാടികളും ചാനലുകളിൽ ഏറിവരികയാണ്‌. അമൃത ചാനലിലെ പരിപാടിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ വളരെ മോശമായി ചിത്രീകരിച്ചുള്ള പാട്ടിനെതിരെ ആർ ജെ സലീം ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പാണ്‌ ഇത്തരം വിഷയങ്ങൾ വീണ്ടും ചർച്ചയാക്കുന്നത്‌. "ഈ പാട്ടിന്റെ പത്തിലൊന്നു വെറുപ്പ് ഗൾഫ് നാട്ടിലെ അറബികൾ മലയാളികളോട് കാണിച്ചാൽ അടപടലം തേഞ്ഞൊട്ടി ഞാനുൾപ്പെടെയുള്ള ലക്ഷക്കണക്കിനുപേർക്ക് നാട്ടിൽ വന്നിരിക്കാം. ആ കൊച്ചു പാടുന്ന പോലെ, അപ്പോഴാണ് ജീവിതം ശരിക്കും കോഞ്ഞാട്ടയാവുന്നത് കേരളത്തിൽ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയാണ് എന്ന് പറയുമ്പോഴും അവരുടെ തൊഴിൽ സാഹചര്യങ്ങൾ ഇന്നും അത്രയ്ക്ക് ഭേദമൊന്നുമല്ല'' - കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ആർ ജെ സലീമിന്റെ കുറിപ്പ്‌ പൂർണരൂപം: മുടിവെട്ടാൻ വന്നവൻ മുടിചൂടാമന്നനായി എന്ന്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെപ്പറ്റി അമൃത ടീവിയിലെ ഒരു പരിപാടിയിൽ ഒരു കുട്ടി പാടിയ പാട്ടിലെ വരികളാണ്. എത്രത്തോളം വെറുപ്പാണ് ആ കുട്ടി ആസ്വദിച്ചു പാടി വെയ്ക്കുന്നത് ! .അത് കണ്ടു ചിരിച്ചു മറിയുന്ന വാഴ ജഡ്‌ജുകളും. ഇവറ്റകളൊക്കെ ഏത് ലോകത്താണ് ! റേസിസം, തൊഴിലാളി വിരുദ്ധത, വർഗീയത, അങ്ങനെ ആ പാട്ടിലില്ലാത്ത ഒന്നുമില്ല. ഇതര സംസ്ഥാന തൊഴിലാളികൾ വന്നു നമ്മുടെ തൊഴിലെല്ലാം കൈയ്യടക്കി, നമ്മുടെ ഭാഷ മാറി അവരുടേതായി, നമ്മുടെ റോഡുകളിലും അവരെയുള്ളു എന്നും. എന്തിനധികം പറയുന്നു നമ്മുടെ പെണ്ണുങ്ങളെവരെ അവർ സ്വന്തമാക്കിയത്രെ. അതായത് സ്വന്തമാക്കാനുള്ള എന്തോ പ്രോപ്പർട്ടിയാണ് പെണ്ണ് എന്ന്, അത് പാടുന്നതും ഒരു പെൺകുട്ടി തന്നെ, അത് കേട്ട് ചിരിക്കുന്നതും രണ്ടു സ്ത്രീകൾ. ലോകം മുഴുവൻ നടന്ന്‌ ഡൊണേഷനും കെട്ടിപ്പിടി പ്രസാദവും നൽകുന്ന ഒരു കച്ചവടക്കാരിയുടെ ചാനലിൽ ഇരുന്നാണ് ഇത്‌. അതും ആരോടാണ് ? മലയാളിയോട് ! ഏത്, ലോകത്തിലെ എല്ലാ ദേശങ്ങളിലേക്കും തൊഴിലിനേയും ജീവിതത്തിനായും ഇന്നും കടല് കടക്കുന്ന ഒരു ജനതയോടാണ്  സ്വന്തം നാട്ടിൽ "അന്യ നാട്ടുകാർ" വരുന്നേ എന്ന് പറഞ്ഞുള്ള കരച്ചിൽ. ഈ പാട്ടിന്റെ പത്തിലൊന്നു വെറുപ്പ് ഗൾഫ് നാട്ടിലെ അറബികൾ മലയാളികളോട് കാണിച്ചാൽ അടപടലം തേഞ്ഞൊട്ടി ഞാനുൾപ്പെടെയുള്ള ലക്ഷക്കണക്കിനുപേർക്ക് നാട്ടിൽ വന്നിരിക്കാം. ആ കൊച്ചു പാടുന്ന പോലെ, അപ്പോഴാണ് ജീവിതം ശരിക്കും കോഞ്ഞാട്ടയാവുന്നത് കേരളത്തിൽ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയാണ് എന്ന് പറയുമ്പോഴും അവരുടെ തൊഴിൽ സാഹചര്യങ്ങൾ ഇന്നും അത്രയ്ക്ക് ഭേദമൊന്നുമല്ല. പലരും ഇവരെ ജോലിക്ക് വെയ്ക്കുന്നത് തന്നെ കൂലി കുറച്ചു കൊടുക്കാനാണ്. ഏതാണ്ട് മിക്കവരും അവരെ അടിമകളെപ്പോലെയാണ് ട്രീറ്റ് ചെയ്യുന്നത്. അവരും മനുഷ്യരാണ് എന്ന പരിഗണന മലയാളി പൊതുസമൂഹം തന്നെ കൊടുക്കാറില്ല. ഒരൊറ്റ ആരോപണം മതി നമുക്കവരെ തെരുവിൽ തച്ചു കൊല്ലാൻ. അത്രയ്ക്കും ഇൻഹ്യൂമൻ ജീവിതം ജീവിച്ചുകൊണ്ട് നമ്മളൊക്കെ ചെയ്യാൻ മടിക്കുന്ന എല്ലാ ജോലികളും ചെയ്‌തു നമുക്കിടയിൽ ജീവിക്കുന്നവരെക്കുറിച്ചാണ് തിന്നിട്ട് എല്ലിന്റിടയിൽ കേറുമ്പോഴുള്ള ഇത്തരം വർത്തമാനം പറയുന്നത്. അത് എയർ ചെയ്യാനൊരു സംഘി ചാനലും. ആ കുട്ടിയെപ്പോലെ ആയിരക്കണക്കിന് കുട്ടികളിൽ ഇതിനകം ഈ വിഷം കുത്തിവെയ്ക്കപ്പെട്ടിട്ടുണ്ടാവുമല്ലോ എന്നോർക്കുമ്പോഴാണ്!. Read on deshabhimani.com

Related News