ഫസ്റ്റ്ബെല്ലില്‍ തിങ്കള്‍ മുതല്‍ 
പുതിയ സമയക്രമം



തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്‍ വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം 15ന്‌  പൂർണമാകും.  ഒന്നുമുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ശനിയാഴ്ച  പ്രത്യേകമായി സംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടർച്ചയായാണ് ആ ഭാഗങ്ങൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഞായറാഴ്ച ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തിൽ സംപ്രേഷണം ചെയ്യും. ആറ്‌ മുതൽ- 10 വരെയുള്ള ക്ലാസുകൾക്ക് തിങ്കളാഴ്ചമുതൽ ഒരു പിരിയഡ് അധികം ഉണ്ടാകും. ഈ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ 10 വരെ പത്താം ക്ലാസും (നാല് ക്ലാസ്‌) 10 ന്‌  ഒന്നാം ക്ലാസും 10.30-ന് പ്രീ-പ്രൈമറി ക്ലാസും ആയിരിക്കും. 11 മുതൽ ഒന്നുവരെ യഥാക്രമം രണ്ടുമുതൽ അ‍ഞ്ചുവരെയുള്ള ക്ലാസുകൾ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും. ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകൾ പകൽ 1, 2, 3, 4 നാണ് യഥാക്രമം സംപ്രേഷണം ചെയ്യുക. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം 5.30-ന് ശേഷമായിരിക്കും. 19 മുതൽ 23 വരെ ഫസ്റ്റ്ബെൽ 2.0 ക്ലാസുകൾക്ക് അവധിയായിരിക്കുമെന്ന് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു. പ്ലസ്‍ വൺ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികൾക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോൺ-ഇൻ പരിപാടികൾ സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വൺ പൊതു പരീക്ഷയ്ക്ക് ശേഷമാകും പ്ലസ് ടു ക്ലാസുകൾ പുനരാരംഭിക്കുക. ക്ലാസുകളും പ്ലസ് വൺ ഓഡിയോ ബുക്കുകളും സമയക്രമവും firstbell. kite.kerala.gov.in പോർട്ടലിൽ ലഭ്യമായിരിക്കും. Read on deshabhimani.com

Related News