എസ്‌എസ്‌എൽസി : ആശങ്കയില്ലാതെ മലയാളം



അപൂർവവും അസാധാരണവുമായ ഒരു അധ്യയനവർഷത്തിനുശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ് കുട്ടികൾ അഭിമുഖീകരിക്കുന്നത്. കോവിഡ്–-- 19 പടർത്തിയ ആശങ്ക എല്ലാ മേഖലയെയുംപോലെ വിദ്യാഭ്യാസത്തെയും പിടിച്ചുലച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ ആസൂത്രിതവും ധീരവുമായ ഇടപെടലുകൾ വിദ്യാർഥികൾക്ക് തുണയായിരുന്നു. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെയും ഭയാശങ്കകളില്ലാതെയുമാണ് വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയ്‌ക്കെത്തിയത്. ആദ്യദിവസത്തെ പരീക്ഷയായ ഒന്നാംഭാഷ മലയാളം ഭാവനയും കാഴ്ചപ്പാടും ആവശ്യപ്പെടുന്ന തരത്തിൽ ഉന്നതനിലവാരം പുലർത്തുന്നതായിരുന്നു. എന്തറിയില്ല എന്ന്‌ പരിശോധിക്കാനല്ല, എന്തെല്ലാമറിയാം എന്ന്‌ വ്യക്തമാക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു അത്. ആദ്യഭാഗത്തെ ഒരു മാർക്കിന്റെ ചോദ്യങ്ങളിൽ "ഒന്നാമത്തെ അപകടം അങ്ങനെ കഴിഞ്ഞെങ്കിലും അപ്പോഴും അയാളുടെ മനസ്സിൽ വല്ലാത്ത പരിഭ്രമമുണ്ടായിരുന്നു’. ഴാങ് വാൽഴാങ്ങിന്റെ പരിഭ്രമത്തിനു കാരണം തിരുകുറ്റിയുടെ ഒച്ച കേട്ട് മനുഷ്യർ ഉണരുമെന്ന പേടിയാണെന്ന ഉത്തരം പാഠപുസ്തകം നന്നായി വായിച്ചവർക്കു എഴുതാനായി. അതുപോലെ രണ്ടു മാർക്കിന്റെ ചോദ്യങ്ങളിൽ, സ്ഥലകാലങ്ങളോടു പൊരുത്തപ്പെടാത്ത അതിഥി ആരെന്നതിന്റെ അർഥതലം വിശദമാക്കാൻ നല്ല ഭാവനാശേഷിവേണം. നളിനിയുടെ പ്രണയം വിശദമാക്കാനുള്ള പതിനൊന്നാമത്തെ ചോദ്യം എളുപ്പമാണെന്നു തോന്നുമെങ്കിലും എഴുതി ഫലിപ്പിക്കാൻ നേരിയ ബുദ്ധിമുട്ട്‌ തോന്നാം. ഏറ്റവും കൂടുതൽ മാർക്ക് സ്കോർ ചെയ്യാനുള്ള നാലു മാർക്കിന്റെ ചോദ്യങ്ങൾ ശ്രദ്ധയോടെയും സമയനിഷ്ഠത പാലിച്ചും ചെയ്തില്ലെങ്കിൽ പാളിപ്പോകുന്ന തരത്തിലുള്ളതാണ്‌. ഫോക്കസ് ഏരിയക്കു പുറത്തുനിന്ന് നാലു ചോദ്യമുണ്ടായത് ചിലരെയെങ്കിലും കുഴക്കിയിട്ടുണ്ടാകും. സുഭാഷ്ചന്ദ്രന്റെ "ഉരുളക്കിഴങ്ങ്‌ തിന്നുന്നവർ’ എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ ഭാഷാശേഷിയും തനതായ വീക്ഷണവും വേണം. ഉപന്യാസചോദ്യങ്ങളെല്ലാം ഫോക്കസ് ഏരിയയിൽനിന്നായത് കുട്ടികൾക്ക് ആശ്വാസമായി. നാലു മാർക്കിന്റെ ചോദ്യങ്ങൾക്ക് സമയം അധികമെടുത്തവർക്ക് ഉപന്യാസങ്ങൾക്ക് സമയപരിമിതി അനുഭവപ്പെടാനിടയുണ്ട്. ലക്ഷ്മണ സാന്ത്വനത്തിലെ ആശയങ്ങൾ കുട്ടികൾ പല വിധത്തിൽ ഉൾക്കാണ്ടതാകണം. അതിന്റെ സമകാലികതയും എഴുതാൻ പ്രയാസമുണ്ടാകില്ല.  പരമാവധി 40 മാർക്ക് കിട്ടുന്ന തരത്തിൽ എത്ര ചോദ്യത്തിനു വേണമെങ്കിലും ഉത്തരം എഴുതാമെന്നത് കുട്ടികൾക്ക് ആശ്വാസമാകും. Read on deshabhimani.com

Related News