ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കോഴ്‌സ്‌‌ നിർദേശങ്ങൾ സമർപ്പിക്കാം



തിരുവനന്തപുരം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കേണ്ട കോഴ്‌സുകളെക്കുറിച്ച്‌ ജനങ്ങളിൽനിന്ന്‌ നിർദേശങ്ങൾ സ്വീകരിക്കും. പരമ്പരാഗത കോഴ്‌സുകൾക്കു പുറമെ നൂതന കോഴ്‌സുകളും നൈപുണ്യവികസനത്തിനുതകുന്ന കോഴ്‌സുകളും ആരംഭിക്കും‌. ഗുണനിലവാരവും നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്നതുമായ കോഴ്‌സുകൾ പ്രായഭേദമെന്യേ ഉണ്ടാകും. വിദ്യാസമ്പന്നരായ കേരള ജനത ആഗ്രഹിക്കുന്ന കോഴ്‌സുകൾക്ക്‌ സർവകലാശാല മുൻഗണന നൽകും. ഇതിനാണ്‌ നിർദേശങ്ങൾ സമർപ്പിക്കാൻ അവസരം നൽകുന്നതെന്ന്‌ വി സി ഡോ. പി എം മുബാറക് പാഷ പറഞ്ഞു. നിർദേശങ്ങളിൽ കോഴ്‌സിന്റെ പേരും ദൈർഘ്യവും ഏതു തലത്തിലുള്ളതാണെന്നും വ്യക്തമാക്കണം. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങൾ കൂടാതെ, കോഴ്സ് പൂർത്തിയാകുമ്പോൾ പഠിതാവിന് ലഭ്യമാകേണ്ട ഗുണപ്രാപ്തി, തൊഴിൽ/തുടർപഠന സാധ്യതകൾ എന്നിവ ഓരോന്നും അഞ്ചുവരിയിൽ കൂടാതെ വിവരിക്കണം. course.sreenarayanaguruou@gmail.com എന്ന മെയിൽ ഐഡിയിൽ നിർദേശങ്ങൾ 18നകം അയക്കണമെന്ന്‌ രജിസ്ട്രാർ ഡോ. പി എൻ ദിലീപ് അറിയിച്ചു. ഡിജിറ്റൽ, ഓൺലൈൻ, ക്ലാസ്‌ റൂം പഠനം ഓപ്പൺ സർവകലാശാല ആരംഭിക്കുന്ന എല്ലാ കോഴ്‌സിനും ഡിജിറ്റൽ ക്ലാസും ഓൺലൈൻ ലൈവ്‌ ക്ലാസും ഉണ്ടാകും. കൂടാതെ, സ്റ്റഡി സെന്ററുകളിലൂടെ നേരിട്ടുള്ള ക്ലാസും നൽകും. ഹ്രസ്വകാല, -ദീർഘകാല കോഴ്‌സുകളും ബിരുദ ബിരുദാനന്തര കോഴ്‌സുകളും തൊഴിൽ അധിഷ്ഠിത കോഴ്‌സുകളും നൈപുണ്യവികസന കോഴ്‌സുകളുമാണ് പ്രാഥമികമായി ആരംഭിക്കാൻ ലക്ഷ്യമിടുന്നത്‌. Read on deshabhimani.com

Related News