ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ; 4 ബിരുദ കോഴ്‌സിനും 2 ബിരുദാനന്തര
ബിരുദ കോഴ്‌സിനുംകൂടി അംഗീകാരം



കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ നാലു ബിരുദ കോഴ്‌സിനും രണ്ട്‌ ബിരുദാനന്തരബിരുദ കോഴ്‌സും കൂടി ആരംഭിക്കാൻ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമീഷൻ അംഗീകാരംനൽകി. ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്‌സ്‌ എന്നീ വിഷയങ്ങളിൽ ബിരുദ പ്രോഗ്രാമും ഹിസ്റ്ററി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ പ്രോഗ്രാമും ആരംഭിക്കാനാണ്‌ അനുവാദമെന്ന്‌ വൈസ്‌ ചാൻസിലർ പി എം മുബാറക്‌ പാഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടായിരത്തി ഇരുപതിൽ ആരംഭിച്ച സർവകലാശാലയ്‌ക്ക്‌ യുജിസി നിബന്ധനകൾക്ക്‌ അനുസൃതമായി അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞത്‌ 2022ലാണ്‌. യുജിസി പോർട്ടൽ തുറക്കുന്ന ഘട്ടത്തിൽ മാത്രമേ സർവകലാശാലകൾക്ക്‌ അപേക്ഷ സമർപ്പിക്കാൻ കഴിയൂ. സർവകലാശാല ആദ്യമായി സമർപ്പിച്ച അപേക്ഷ പരിഗണിച്ച്‌ യുജിസി അഞ്ച്‌ യുജി പ്രോഗ്രാമും രണ്ട്‌ പിജി പ്രോഗ്രാമും ആരംഭിക്കാൻ 2022 ഒക്‌ടോബറിൽ അനുമതിനൽകി. അതനുസരിച്ച്‌ മലയാളം, ഇംഗ്ലീഷ്‌, സംസ്‌കൃതം, അറബിക്‌, ഹിന്ദി എന്നീ യുജി പ്രോഗ്രാമും മലയാളം, ഇംഗ്ലീഷ്‌ എന്നീ പിജി പ്രോഗ്രാമും ആരംഭിച്ചു. ജനുവരി –-ഫെബ്രുവരി സെഷനിൽ കോഴ്‌സിലേക്കുള്ള പ്രവേശനം സർവകലാശാല ആരംഭിക്കും. മാർച്ച്‌ ഒന്നു മുതൽ 31വരെ പ്രവേശനത്തിന്‌ ഓൺലൈനായി sgou.ac.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാമെന്ന്‌ വി സി അറിയിച്ചു. പ്രോ വൈസ് ചാൻസിലർ എസ് വി സുധീർ, രജിസ്ട്രാർ ഡിംപി വി ദിവാകരൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ബിജു കെ മാത്യൂ,  കെ ശ്രീവൽസൻ, എം ജയപ്രകാശ്, എ നിസാമുദീൻ, ടി എം വിജയൻ,  എ പസിലത്തിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News