നെഹറു കോളേജ്‌: മാനേജ്‌മെന്റ് തോൽപ്പിച്ച വിദ്യാര്‍ഥികള്‍ക്കായി പ്രായോഗിക പരീക്ഷ ഉടന്‍ നടത്തും



തിരുവനന്തപുരം > പാമ്പാടി നെഹ്‌റു കോളേജിനെതിരായ സമരത്തിൽ പങ്കെടുത്തതിന് മാനേജ്‌മെന്റ് തോല്പിച്ചതായി അന്വേഷണസമിതി കണ്ടെത്തിയ വിദ്യാർഥികൾക്കുവേണ്ടി പ്രത്യേക പ്രായോഗിക പരീക്ഷ നടത്താൻ ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. കോളേജിനോ, കുറ്റക്കാരായ അധ്യാപകർക്കോ എതിരെ നടപടി വേണമോ എന്ന കാര്യം അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനിക്കും. പരീക്ഷയെത്തുടർന്ന് ഈ വിദ്യാർഥികൾക്ക് ക്ലാസ് കയറ്റം നൽകുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.  നെഹ‌്റു കോളേജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടർന്ന് മാനേജ്‌മെന്റിനെതിരായ സമരത്തിൽ പങ്കെടുത്തതിന് ഇതേ മാനേജ്‌മെന്റിനുകീഴിലെ കോളേജിലെ ഫാം ഡി വിദ്യാർഥികളെ പ്രായോഗിക പരീക്ഷയിൽ തുടർച്ചയായി തോൽപ്പിച്ചുവെന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് സിൻഡിക്കറ്റ് അംഗം കൂടിയായ ആർ രാജേഷ് എംഎൽഎ അധ്യക്ഷനായ സമിതിയെ വിദ്യാർഥികളുടെ പരാതി അന്വേഷിക്കാൻ സിൻഡിക്കറ്റ് നിയോഗിച്ചിരുന്നു. വിദ്യാർഥികളെ മാനേജ്‌മെന്റ് മനഃപൂർവം തോല്പിച്ചെന്ന സമിതിയുടെ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ചാണ് ഗവേണിങ് കൗൺസിലിന്റെ തീരുമാനം. തിരുവനന്തപുരത്ത‌് ചേർന്ന ഗവേണിങ്‌ കൗൺസിലിൽ വൈസ‌് ചാൻസലർ ഡോ. എം കെ സി നായർ, പ്രൊ. വിസി ഡോ.എ നളിനാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News