പുതുച്ചേരി സർവകലാശാല : വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ 9 പിജി കോഴ‌്സുകൾക്ക‌് അംഗീകാരമില്ല



കണ്ണൂർ പുതുച്ചേരി സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ ഒമ്പത് ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അംഗീകാരമില്ല. യുജിസിയുടെ അംഗീകാരം ലഭിക്കുന്നതിനുമുമ്പ് അപേക്ഷ ക്ഷണിച്ചതിനാൽ ആയിരത്തിലധികം വിദ്യാർഥികൾ ഈ യൂണിവേഴ‌്സിറ്റിയിൽ പ്രവേശനം നേടിയിട്ടുണ്ട്. കോഴ്സിന് അംഗീകാരമില്ലാതായതോടെ മയ്യഴി ഡിസ്റ്റൻസ് എഡ്യുക്കേഷൻ സെന്ററിൽ കോഴ്സിന് ഫീസടച്ച് രജിസ്റ്റർചെയ്ത വിദ്യാർഥികൾ ആശങ്കയിലാണ‌്. ആഗസ്ത് ഒമ്പതിലെ യുജിസി സർക്കുലർ പ്രകാരം  ബിബിഎ, ബികോം ഒഴികെ പുതുച്ചേരി സർവകലാശാല വിദൂര വിദ്യഭ്യാസ വിഭാഗം നടത്തുന്ന ഒരു കോഴ്സിനും അംഗീകാരമില്ല. എംകോം ഫിനാൻസ്, എംഎ ഇംഗ്ലീഷ്, എംഎ ഹിന്ദി, എം എ സോഷ്യോളജി, എംബിഎ മാർക്കറ്റിങ്, എംബിഎ ഫിനാൻസ്, എംബിഎ ഇന്റർനാഷണൽ ബിസിനസ്, എംബിഎ എച്ച്ആർഎം, എംബിഎ ജനറൽ കോഴ്സുകൾക്കാണ് അംഗീകാരം നഷ്ടമായത്. യുജിസി അംഗീകാരം ലഭിക്കുന്നതിനുമുമ്പേ പുതുച്ചേരി സർവകലാശാല അഡ്മിഷൻ നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നു. സ്പോട്ട് അഡ്മിഷൻ വഴി നിരവധി വിദ്യാർഥികൾ പ്രവേശനം നേടുകയുംുചെയ്തു. കേരളത്തിലെ സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തത കാരണം നിരവധി പേരാണ് മയ്യഴിയിലെ കേന്ദ്രം വഴി പ്രവേശനം നേടിയത്. മയ്യഴി ഡിസ്റ്റൻസ് എഡ്യുക്കേഷൻസെന്ററിൽ അന്വേഷിക്കുമ്പോൾ പുതുച്ചേരി സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ അന്വേഷിക്കാനാണ് പറയുന്നതെന്നും വിദ്യാർഥികൾ പരാതി പറയുന്നു. Read on deshabhimani.com

Related News