പ്ലസ്‌വണ്‍ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; പ്രവേശനം ഇന്നും നാളെയും



തിരുവനന്തപുരം പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് അനുസരിച്ചുള്ള വിദ്യാർഥി പ്രവേശനം ചൊവ്വാഴ‌്ചയും ബുധനാഴ‌്ചയും നടക്കും  വിവരങ്ങൾ www.hscap.kerala.gov.in ൽ ലഭിക്കും. വിദ്യാർഥികൾ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളിൽ 13നു വൈകിട്ട‌് അഞ്ചിനു മുമ്പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ പിന്നീട് പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട.  താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. ആദ്യ അലോട്ട്‌മെന്റിൽ ഇടംനേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കണം. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. ഈവർഷം ഏകജാലകരീതിയിൽ പ്ലസ്‌വൺ പ്രവേശനത്തിന് ആദ്യഘട്ടത്തിൽ ആകെ 4,96,609 വിദ്യാർഥികൾ അപേക്ഷകൾ നൽകി. സംസ്ഥാനത്ത്  മാർജിനൽ സീറ്റ് വർധനയുൾപ്പെടെ ആകെ ലഭ്യമായ 4,22,853 സീറ്റുകളിൽ സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലുമുള്ള 2,86,380 മെറിറ്റ് സീറ്റുകളിലേക്ക് മാത്രമാണ്  ഏകജാലകരീതിയിലൂടെ പ്രവേശനം നടത്തുന്നത്. രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സ്വീകരിക്കും. സ്‌പോർട്‌സ് ക്വാട്ട സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. സംസ്ഥാനതലത്തിൽ ആകെയുള്ള 9441 സ്‌പോർട്‌സ് ക്വാട്ട സീറ്റുകളിലേക്കുണ്ടായിരുന്ന 6660 അപേക്ഷകരിൽ 5802 അപേക്ഷകർക്ക് അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റിൽ അലോട്ട്‌മെന്റ് ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിർദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നും ഹയർ സെക്കൻഡറി ഡയറക്ടറേറ്റ‌് വ്യക്തമാക്കി. വിഎച്ച്‌എസ്‌ഇ ആദ്യ അലോട്ട‌്മെന്റിൽ 26,000 പേർ തിരുവനന്തപുരം  തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വൊക്കേഷണൽ ഹയർ സെക്കൻഡറി/ എൻഎസ്‌ക്യൂഎഫ് ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട‌്മെന്റിൽ 25,990 വിദ്യാർഥികൾ ഇടംനേടി. ലിസ്റ്റിലുള്ള വിദ്യാർഥികൾക്ക‌് ബുധനാഴ്ച പകൽ മൂന്നുവരെ അതത‌് സ്‌കൂളുകളിലെത്തി അഡ്മിഷൻ നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിരപ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താൽക്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ച‌് ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് താൽക്കാലിക പ്രവേശനം നേടാം. വിദ്യാർഥികൾ www.vhscap.kerala.gov.in വെബ്‌സൈറ്റിൽനിന്ന‌്  അലോട്ട‌്മെന്റ‌് സ്ലിപ‌് ഡൗൺലോഡ‌് ചെയ‌്ത‌് ബുധനാഴ്ച പകൽ മൂന്നിനകം സ്കൂളുകളിൽ റിപ്പോർട്ട‌് ചെയ്ത‌് അഡ‌്മിഷൻ നേടണം. എസ‌്എസ‌്എൽസി സർട്ടിഫിക്കറ്റ‌് ലഭിക്കാത്തവർ അഡ‌്മിഷൻസമയത്ത‌് സ്വയം സാക്ഷ്യപ്പെടുത്തിയ ഇന്റർനെറ്റിൽനിന്ന‌് ലഭ്യമായ മാർക്ക‌് ലിസ്റ്റും ഒറിജിനൽ ടിസിയും അനുബന്ധ രേഖകളും സ്കൂളുകളിൽ സമർപ്പിക്കണം. 66 സ്കൂളിലായി എൻഎസ‌്ക്യൂഎഫിൽ ഏഴായിരത്തോളം സീറ്റാണ‌ുള്ളത‌്. വിഎച്ച‌്എസ‌്ഇ മുഖ്യ അലോട്ട‌്മെന്റ‌് 20ന‌് അവസാനിക്കും. 21ന‌് ക്ലാസ‌് ആരംഭിക്കും. വിഎച്ച‌്എസ‌്ഇ സപ്ലിമെന്ററി അലോട്ട‌്മെന്റ‌് 21‌നും  ആരംഭിക്കും. Read on deshabhimani.com

Related News