കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷയ്ക്ക് നാളെ തുടക്കം



തിരുവനന്തപുരം കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (കുസറ്റ്‌ 2020) യ്ക്ക്  വെള്ളിയാഴ്‌ച തുടക്കമാകും. കേരള കേന്ദ്ര സർവകലാശാലയടക്കം രാജ്യത്തെ പതിനാല് കേന്ദ്ര സർവകലാശാലകളിലേക്കും, നാല് സംസ്ഥാന സർവകലാശാലകളിലേക്കുമുള്ള  വിവിധ ഇന്റഗ്രേറ്റഡ്/അണ്ടർ ഗ്രാജുവേറ്റ്, ബിരുദാനന്തര ബിരുദ, എംഫിൽ പിഎച്ച്‌‌ഡി ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷയാണിത്‌. ഞായറാഴ്ച വൈകിട്ട് വരെ, ആറ് സെഷനുകളിലായാണ് പരീക്ഷകൾ. കേരളത്തിൽ വിവിധ ജില്ലകളിലായി പതിനാറ് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം ഗവ. കോളേജ് ഫോർ വുമൺ, ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോട്ടയം  ബിഷപ്‌ ചുളപ്പറമ്പിൽ മെമ്മോറിയൽ കോളേജ്, കൊച്ചി സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, ഗവ. ഗേൾസ് മോഡൽ ഹൈസ്കൂൾ തൃശൂർ, ചിന്മയ മിഷൻ കോളേജ് തൃശൂർ, കോഴിക്കോട് വേദവ്യാസ വിദ്യലയം, സെന്റ്‌ ജോസഫ് കോളേജ് ദേവഗിരി, സാവിയോ ഹയർ സെക്കൻഡറി സ്കൂൾ ദേവഗിരി, കൽപ്പറ്റ ഡബ്ല്യുഎംഒ ആർട്സ് & സയൻസ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, കണ്ണൂർ ശ്രീ നാരായണ കോളേജ്, കാസർകോട് ചിന്മയ വിദ്യാലയം, പെരിയ കേരള സെൻട്രൽ യൂണിവേഴ്സിറ്റി ക്യാംപസ് എന്നീ സെന്ററുകളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പരീക്ഷാ കൺട്രോളർ ഡോ. മുരളീധരൻ നമ്പ്യാർ അറിയിച്ചു. മംഗലാപുരത്തെ പരീക്ഷാ കേന്ദ്രമായ ശാരദ വിദ്യാലയവും കേരളത്തിന്റെ പരിധിയിലാണ് വരുന്നത്. കേരള കേന്ദ്ര സർവകലാശാലയിലെ പിജി, ബിരുദ, പി.എച്ച്ഡി കോഴ്സുകളിലേക്ക് 44822 അപേക്ഷകരാണുള്ളത്. ഫലപ്രഖ്യാപന തീയതി പിന്നീട് അറിയിക്കും. പങ്കെടുക്കുന്ന ഓരോ സർവകലാശാലകൾക്കും വെവ്വേറെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പരീക്ഷകൾ നടക്കുക.   മാസ്ക് ധരിക്കാതെ വരുന്നവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. വിവരങ്ങൾക്ക്‌ 91-7042370958, 01463-238728 എന്ന നമ്പറുകളിലോ enqcucet2020@curaj.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. Read on deshabhimani.com

Related News