പിജി ആയുർവേദം : പുതുതായി യോഗ്യത നേടിയവർക്ക്‌ 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം



തിരുവനന്തപുരം 2019–-20 വർഷത്തെ പിജി ആയുർവേദ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള AIAPGET–-2019 യോഗ്യതാ മാനദണ്ഡം കേന്ദ്ര ആയുഷ്‌ മന്ത്രാലയം പുതുക്കിയതിനാൽ AIAPGET–-2019 യോഗ്യതയുടെ പരിധിയിൽ വരുന്നവരിൽ നിന്ന്‌ പിജി ആയുർവേദ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 2019–-20 വർഷം കേരളത്തിലെ സ്വാശ്രയ ആയുർവേദ കോളേജുകളിൽ നിലവിൽ ഒഴിവുള്ള പിജി ആയുർവേദ സീറ്റുകളിലേക്ക്‌ മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാർഥികളെ പരിഗണിക്കുക. വിദ്യാർഥികൾക്ക്‌ 22ന്‌ വൈകിട്ട്‌ അഞ്ചുവരെ ഓൺലൈനിൽ അപേക്ഷിക്കാം. പുതിയ അപേക്ഷകരെ കൂടി ഉൾപ്പെടുത്തി സപ്ലിമെന്ററി റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കും. സപ്ലിമെന്ററി റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർഥികളെയും പ്രവേശന പരീക്ഷാ കമീഷണർ പിജി ആയുർവേദ കോഴ്‌സ്‌ 2019–-20 ലെ പ്രവേശനത്തിനായി മുമ്പ്‌ പ്രസിദ്ധീകരിച്ച റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പിജി ആയുർവേദ കോഴ്‌സിൽ ഇതുവരെയും പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികളെയും ഒഴിവുള്ള സ്വാശ്രയ കോളേജുകളിലെ സീറ്റുകളിലേക്ക്‌ പരിഗണിക്കും. പ്രവേശന പരീക്ഷാ കമീഷണർ മുമ്പ്‌ പ്രസിദ്ധീകരിച്ച റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യത നേടിയവർക്ക്‌ പുതിയ വിജ്ഞാപനപ്രകാരം അപേക്ഷിക്കാൻ കഴിയില്ല. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്‌. ഫോൺ: 0471–-2339101, 2339102, 2339103, 2339104. Read on deshabhimani.com

Related News