എൻജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഓൺ‌ലൈന്‍ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്



തിരുവനന്തപുരം സംസ്ഥാനത്തെ എൻജിനിയറിങ് കോളേജ് വിദ്യാർഥികൾക്കായി ഓൺലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. പിഎസ‌്സിയുടെ ഓൺലൈൻ പരീക്ഷകൾ സംസ്ഥാനത്തെ വിവിധ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത/ എൻജിനിയറിങ് കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ‌ിത‌്. സാങ്കേതിക സജ്ജീകരണങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിന് എൻജിനിയറിങ് കോളേജുകളിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ മൂന്നും നാലും വർഷ വിദ്യാർഥികൾക്കായാണ‌്  മാർച്ച് ഒമ്പതിന് ഓൺലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുന്നത‌്. ഇതിനായി തെരഞ്ഞെടുത്ത മുപ്പതോളം കോളേജിലെ വിദ്യാർഥികൾക്കായി പരീക്ഷ എഴുതാൻ അവസരം നൽകും. പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ആദ്യ 10,000 പേർക്കുമാത്രമേ പരീക്ഷ എഴുതാൻ കഴിയുകയുള്ളു. പിഎസ്‌സിയുടെ വെബ്സൈറ്റ് www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ നടത്തുന്ന വിവിധ എൻജിനിയറിങ് കോളേജുകളുടെ വിശദവിവരം പിഎസ്‌സി വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷയ്ക്ക് അപേക്ഷാ ഫീസില്ല. മത്സരപ്പരീക്ഷയിൽ  വിജയിക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നൽകും. സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാങ്കേതിക സർവകലാശാലാ വിദ്യാർഥികൾക്ക് ആക്ടിവിറ്റി പോയിന്റ് നൽകുന്നതാണ്. 25 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മാർച്ച‌് ഒന്നുമുതൽ ഒമ്പതുവരെ അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. 75 മിനിറ്റ‌് ദൈർഘ്യമുള്ള ആകെ നൂറ് (100) മാർക്കിനുള്ള ഒരു ഒബ്ജക്ടീവ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയാണ് നടത്തുന്നത്. വിശദമായ സിലബസ് വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. Read on deshabhimani.com

Related News