വിദ്യാര്‍ഥിസൌഹൃദമല്ലാത്ത സിബിഎസ്ഇ കണക്ക് പരീക്ഷകള്‍



പരീക്ഷാപ്പേടി ഒഴിവാക്കാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സിബിഎസ്ഇ നടത്തുമ്പോള്‍ തന്നെ,  കഴിഞ്ഞ രണ്ടു വര്‍ഷമായി  സിബിഎസ്ഇ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക്  കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.  ഇത്തവണ പത്താം ക്ളാസ്സിലെയും പന്ത്രണ്ടാം സിബിഎസ്ഇ കണക്കു പരീക്ഷ എഴുതിയ കുട്ടികളുടെ ദുരിതം വായിച്ചപ്പോഴാണ് ഇതോര്‍മ്മവന്നത്. ഈ വര്‍ഷത്തെ പന്ത്രണ്ടാം ക്ളാസ്സിലെയും പത്താം ക്ളാസ്സിലെയും  കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ മാതൃകാ ചോദ്യങ്ങളില്‍ നിന്നും വിഭിന്നവും, അക്ഷരാര്‍ഥത്തില്‍ വിദ്യാര്‍ഥികളെ  കുഴയ്ക്കുന്നതുമായിരുന്നു.  സിബിഎസ്ഇ യുടെ മോഡല്‍ ചോദ്യങ്ങളിലോ, പരീക്ഷകളിലോ ഇല്ലാത്ത ചോദ്യങ്ങളാണിവ എന്ന് അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടികാട്ടിയിരുന്നു. മാത്രമല്ല ടെക്സ്റ്റ് ബുക്കില്‍ നിന്നും  വിഭിന്നവും സിലബസ്സിലില്ലാത്തതുമായ ചോദ്യങ്ങളും  പരീക്ഷയിലുണ്ടായിരുന്നു. ഇത്തവണ 10, 12 ക്ളാസിലെ കണക്കു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ നിശ്ചിത സമയത്തിനകം ഉത്തരം എഴുതാവുന്നവ മാത്രമല്ല മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  ചോദ്യപേപ്പറെഴുതാന്‍ കുറഞ്ഞത് 5 മണിക്കൂറെടുക്കും എന്ന അവസ്ഥയിലായിരുന്നു. ചോദ്യങ്ങള്‍  വിദ്യാര്‍ഥികളുടെ അറിവിന്റെ അളവുകോലാണെന്ന്  വിലയിരുത്താതെ  ചോദ്യകര്‍ത്താവിന്റെ ഐക്യുവിനനുസരിച്ച് തയ്യാറാക്കുന്നതാണ്  വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്നത്. പലപ്പോഴും അപ്ളൈഡ് ചോദ്യങ്ങള്‍ക്ക് ശരാശരി  വിദ്യാര്‍ഥികള്‍ക്ക് ഉത്തരം എഴുതാന്‍ ബുദ്ധിമുട്ടാണ്. സമര്‍ഥരായ 10ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി മാത്രമല്ല ശരാശരി വിദ്യാര്‍ഥികള്‍ക്കും ഗ്രഹിക്കുന്ന  രീതിയിലുള്ള ചോദ്യങ്ങളാണാവശ്യം. ടെക്സ്റ്റ് പുസ്തകം തയ്യാറാക്കുമ്പോഴും  ഈ രീതിതന്നെ  അവലംബിക്കണം. ജീവിതത്തിലെ വിജയം പരിസ്ഥിതി, പരിശ്രമം, ദിശാബോധം എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചോദ്യകര്‍ത്താക്കള്‍ക്ക് സാഡിസ്റ്റിക് മാനസിക സ്ഥിതിയല്ല വേണ്ടത്. മാത്രമല്ല സിലബസ്സിന്  പുറത്തു നിന്നും ഗൈഡുകള്‍ നോക്കി അപ്ളൈഡ്ചോദ്യങ്ങള്‍ തയ്യാറാക്കുന്ന ചോദ്യകര്‍ത്താക്കള്‍ ഇനിയെങ്കിലും പരിസരബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മികച്ച യുവതലമുറയെ സൃഷ്ടിക്കാന്‍ സാധിക്കൂ. പ്ളസ്സ് ടു കണക്കിന്റെ മാര്‍ക്ക് മൊത്തം പ്ളസ്സ്ടുവിന്റെ മാര്‍ക്കില്‍ പ്രതിഫലിക്കുമ്പോള്‍ അഖിലേന്ത്യാതലത്തിലുള്ള എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ (ഐഐടിയുടെ ഉള്‍പ്പടെ) റാങ്കുലിസ്റ്റില്‍ വിദ്യാര്‍ഥികള്‍ പിന്നോട്ടടിയ്ക്കും. ഐഐടി, എന്‍ഐടി  അഡ്മിഷനില്‍ പ്ളസ്സ്ടു മാര്‍ക്കിന് 40ശതമാനം വെയിറ്റേജ് നല്‍കുന്നതിനാല്‍ സമര്‍ഥരായ  വിദ്യാര്‍ഥികള്‍ക്ക് ഐഐടി  പ്രവേശനത്തിന് കണക്കു പരീക്ഷ വിഘാതമാകുമെന്ന കാര്യം ചോദ്യകര്‍ത്താക്കള്‍ അറിയുന്നില്ല. കഴിഞ്ഞവര്‍ഷം സിബിഎസ്ഇ പ്ളസ്ടു പരീക്ഷയില്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കും 95, 96 മാര്‍ക്ക് ലഭിച്ച മിടുക്കന്‍മാര്‍ക്കുപോലും കണക്കിന് 78, 75 മാര്‍ക്കേ ലഭിച്ചുള്ളൂ. കഴിഞ്ഞതവണയും പരീക്ഷ കഴിഞ്ഞപ്പോള്‍ സിബിഎസ്ഇ പറഞ്ഞു മൂല്യനിര്‍ണയസമയത്ത് തെറ്റു തിരുത്തുമെന്ന് ഇത്തവണയും സിബിഎസ്ഇ പത്രകുറിപ്പില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഈ കഠിനചോദ്യങ്ങളോട് എത്രത്തോളം പ്രതികരിച്ചു; എന്തൊക്കെ എഴുതി എന്നു നോക്കുമെന്ന്  പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക പി ജി നിലവാരത്തിലുള്ളവര്‍ക്ക് എഴുതാന്‍ കഴിയുന്ന ചോദ്യംകണ്ട് കരഞ്ഞ്തലകറങ്ങിവീണ വിദ്യാര്‍ഥികള്‍ക്ക് അപ്പോഴും നീതി ലഭിക്കുന്നില്ല. അവര്‍ക്കും മാര്‍ക്ക് വെയിറ്റേജ് നല്‍കുകയാണു ന്യായം. .  വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ കുഴപ്പത്തിനുള്ള പരിഹാരം  മൂല്യനിര്‍ണ്ണയത്തിലും തുടര്‍പരീക്ഷയിലും, ചെയ്തേ മതിയാകൂ. അഖിലേന്ത്യാ പ്രീ മെഡിക്കല്‍ പരീക്ഷയിലും 2015 ല്‍  ഇതുതന്നെയാണ് സം6വിച്ചത്. തുടര്‍ന്നാണ് വീണ്ടും പരീക്ഷ നടത്തിയത്. കേന്ദ്രമാനവവിഭവശേഷി  മന്ത്രാലയം  ദേശീയ വിദ്യാഭ്യാസ നയത്തിന്  രൂപം കൊടുക്കുമ്പോള്‍  സിബിഎസ്ഇ പരീക്ഷാ നടത്തിപ്പില്‍ കാണിക്കുന്ന അലംഭാവം കാണാതെ പോകരുത്.  2030 ഓടെ ലോകത്തിലെ മികച്ച  200 സര്‍വകലാശാലകളില്‍ 23 ഇന്ത്യന്‍ സര്‍വകലാശാലകളെ എത്തിയ്ക്കുവാനും ഗ്രോസ് എന്‍റോള്‍മെന്റ് (Gross Enrollment)  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ (18–23 വയസ്സ് പ്രായമുള്ളവരില്‍) 50ശതമാനമാക്കാനും ലക്ഷ്യമിടുമ്പോഴാണ് ഒട്ടും വിദ്യാര്‍ഥിസൌഹൃദമല്ലാത്ത ഈ പരീക്ഷാകുഴപ്പങ്ങള്‍ എന്നോര്‍ക്കുക. Read on deshabhimani.com

Related News