കെഎഎസ്‌: ഇനി മെയിൻ പരീക്ഷയിലേക്ക്‌



കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്‌) പ്രിലിമിനറി പരീക്ഷ കഴിഞ്ഞു.  കഴിഞ്ഞ ദിവസം നടന്ന പ്രിലിമിനറി പരീക്ഷയിൽ പേപ്പർ ഒന്ന് പേപ്പർ രണ്ടിനെ അപേക്ഷിച്ച് അൽപ്പം വിഷമംപിടിച്ചതായിരുന്നു. പേപ്പർ ഒന്നിൽ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളായിരുന്നതിനാൽ അതിന്റെ മാർക്ക് മെയിൻ പരീക്ഷയിൽ യോഗ്യത നേടാൻ നിർണായകമായിരിക്കും. പെർസെന്റൈൽ അടിസ്ഥാനത്തിൽ മാർക്ക് കണക്കാക്കിയാൽ 60 ശതമാനത്തിൽ മുകളിലുള്ളവർ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടാനാണ് സാധ്യത. അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാലേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ. ഒരുമാസത്തിനുള്ളിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ്‌ പ്രതീക്ഷ.  തയ്യാറെടുക്കാം    പ്രിലിമിനറി  പരീക്ഷയിൽ യോഗ്യത നേടിയാൽ അടുത്ത കടമ്പ മെയിൻ പരീക്ഷയാണ്. മെയിൻ പരീക്ഷയിൽ 100 മാർക്കിന്റെവീതം മൂന്നു പേപ്പറുണ്ട്. തുടർന്നുള്ള ഇന്റർവ്യൂവിന് 50 മാർക്കുമുണ്ട്. അങ്ങനെ മൊത്തം 350  മാർക്ക്‌.  ഇനിയുള്ള ദിവസങ്ങളിൽ മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കണം. മെയിൻ പരീക്ഷ തീയതി പിഎസ്‌സി ഉടൻ പ്രഖ്യാപിക്കുമെന്നാണ്‌ അറിയുന്നത്‌. രണ്ട് മണിക്കൂർ ദൈർഘ്യത്തിലുള്ള ഉപന്യാസരീതിയിലുള്ള പേപ്പറുകളായിരിക്കും ഇനിയുള്ളത്‌. സിലബസ്‌ അറിയണം പേപ്പർ ഒന്ന്  ജനറൽ സ്റ്റഡീസ് (Ancient and Medieval Period, Modern Period)  18–-ാം നൂറ്റാണ്ടുമുതലുള്ള  കേരള ചരിത്രം, വ്യവസായവിപ്ലവം, ലോകമഹായുദ്ധങ്ങൾ, രാജ്യത്തിന്റെ അതിർത്തികൾ, ആഗോളവൽക്കരണം, കമ്യൂണിസം, ക്യാപ്പിറ്റലിസം, സോഷ്യലിസം, സാംസ്‌കാരിക പൈതൃകം, സംസ്‌കാരം, മലയാള ഭാഷാ രൂപീകരണം, സാഹിത്യം, ഫോൾക്ക് ആർട്സ്, കല, സിനിമ, തിയറ്റർ, ആദിവാസി സംസ്‌കാരം, ആർക്കിടെക്ചർ മുതലായവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. പേപ്പർ രണ്ട്‌: ഇന്ത്യൻ ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷൻ, രാഷ്ട്രീയം, ഭരണനിർവഹണം, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങൾ, ശാസ്ത്രസാങ്കേതിക വിദ്യ, ബയോടെക്നോളജി, നാനോടെക്നോളജി, ഹരിത സാങ്കേതികവിദ്യ, വനം, വന്യജീവി, പാരിസ്ഥിതിക ദുരന്തങ്ങൾ, ജൈവവൈവിധ്യം, പാരിസ്ഥിതിക ശാസ്ത്രം, ഊർജം, ആണവ സാങ്കേതികവിദ്യ, പ്രതിരോധം, വിവരസാങ്കേതികവിദ്യ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, പൊതുജനാരോഗ്യം, നിയമവ്യവസ്ഥ, വിദേശനയം, പഞ്ചായത്ത് രാജ്, പബ്ലിക് പോളിസി അധികാരങ്ങൾ മുതലായവയിൽ നിന്ന്‌  ചോദ്യങ്ങളുണ്ടാകും. പേപ്പർ മൂന്ന്‌:  സമ്പദ് വ്യവസ്ഥ, ആസൂത്രണം, കേരള മോഡൽ വികസനം, ജ്യോഗ്രഫി തുടങ്ങിയവയാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ദിനപത്ര വായന നിർബന്ധം    മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പതിവായും നിർബന്ധമായും മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങൾ വായിക്കണം. വിഷയങ്ങളൈ ആഴത്തിൽ മനസ്സിലാക്കാനും നിരീക്ഷിക്കാനും ആവണം. ചിട്ടയോടെ പാഠഭാഗങ്ങൾ പഠിക്കണം. എട്ടുമുതൽ 12 ക്ലാസുവരെയുള്ള  എൻസിആർടി  സോഷ്യൽ സയൻസ് പുസ്തകങ്ങൾ നന്നായി പഠിക്കണം. ആനുകാലിക ലേഖനങ്ങൾ, പദ്ധതികൾ, മാതൃകകൾ, പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കിയിരിക്കണം. സിലബസനുസരിച്ചുള്ള പാഠഭാഗങ്ങൾക്ക്‌ ഇണങ്ങിയ പുസ്തകങ്ങൾ വായിക്കണം. ഏതു ചോദ്യത്തിനും ഉത്തരമെഴുതാവുന്ന രീതിയിലുള്ള തയ്യാറെടുപ്പാണ് ഇനിയുള്ള ദിവസങ്ങളിലാവശ്യം. പഠനവും പരീക്ഷയും ഗൗരവത്തോടെ സമയബന്ധിതമായി പഠിക്കണം. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള മെയിൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുപോലെ കെഎഎസിനെയും കാണണം. മെയിൻ പരീക്ഷയിൽ മൂന്നിലും സിലബസ്‌ ഏറെ ബൃഹത്താണെന്ന് മനസ്സിലാക്കിയിരിക്കണം. ശുഭാപ്തിവിശ്വാസത്തോടെ തയ്യാറെടുക്കുന്നതും വിജയം ഉറപ്പുവരുത്താൻ സഹായിക്കും. സിലബസിനനുസരിച്ച് പഠിക്കുമ്പോൾ വിഷയത്തിലൂന്നിയുള്ള പഠനമാണാവശ്യം. ഒരിക്കലും പരന്ന വായനയിലൊതുക്കരുത്.  യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ സിലബസിലെ ഭാഗങ്ങളിൽനിന്നുള്ള അഞ്ചുവർഷത്തെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ആത്മവിശ്വാസത്തോടെ തയ്യാറെടുത്താൽ ഇന്റർവ്യൂവിന് യോഗ്യത നേടാം. പരീക്ഷയെ ഗൗരവത്തോടെ കാണണം എന്നുമാത്രം. Read on deshabhimani.com

Related News